'ഡ്രസിങ് റൂമിൽ വെച്ച് ആ സീനിയർ താരം കോളറിന് കുത്തിപ്പിടിച്ച് ദേഷ്യപ്പെട്ടു'; വെളിപ്പെടുത്തി ഇർഫാൻ പത്താൻ

'ക്രിക്കറ്റില്‍ എനിക്ക് സ്ഥിരമായ സൗഹൃദമോ ശത്രുതയോ ആരോടുമില്ല'

dot image

ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു സീനിയര്‍ താരം തന്റെ ജഴ്‌സിയുടെ കോളറില്‍ കുത്തിപ്പിടിച്ച് ദേഷ്യപ്പെട്ടിട്ടുണ്ടെന്ന് മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍. ലല്ലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് ഇന്ത്യന്‍ ഡ്രസിങ് റൂമിലെ അറിയാക്കഥകള്‍ ഇര്‍ഫാന്‍ തുറന്നുപറഞ്ഞത്. ശ്രീലങ്കയ്‌ക്കോ പാകിസ്താനോ എതിരായ ഇന്ത്യയുടെ പര്യടനത്തിനിടെയാണ് സംഭവം.

ബാറ്റിങ് ഓര്‍ഡറില്‍ ഇര്‍ഫാനെ മൂന്നാം നമ്പറിലേക്ക് പ്രൊമോട്ട് ചെയ്തതില്‍ അസ്വസ്ഥനായാണ് ആ താരം ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതെന്നാണ് ഇര്‍ഫാന്‍ പറയുന്നത്. സീനിയര്‍ താരത്തിന്റെ പേരെടുത്ത് പറഞ്ഞില്ലെങ്കിലും അന്ന് യുവതാരമായിരുന്ന താന്‍ ഒന്നും പറയാന്‍ പോയിരുന്നില്ലെന്നും ഇര്‍ഫാന്‍ വെളിപ്പെടുത്തി. ആരായിരുന്നു ആ സീനിയര്‍ താരമെന്ന ചോദ്യത്തിന് തന്നേക്കാള്‍ ബാറ്റിങ് മികവുണ്ടെന്ന് സ്വയം കരുതുന്നയാളാണെന്നായിരുന്നു ഇര്‍ഫാന്റെ മറുപടി.

'ഞാന്‍ ഒന്നും പറഞ്ഞില്ല. ഞാന്‍ വളരെ ചെറുപ്പമായിരുന്നു. എന്നെക്കാള്‍ മികച്ച ബാറ്റ്സ്മാന്‍ ആണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു അദ്ദേഹം. പേരുകള്‍ എടുത്ത് ഒരാളെ അനാദരിക്കുന്നതില്‍ അര്‍ത്ഥമില്ല. ക്രിക്കറ്റില്‍ എനിക്ക് സ്ഥിരമായ സൗഹൃദമോ ശത്രുതയോ ആരോടുമില്ല', ഇര്‍ഫാന്‍ പറഞ്ഞു.

ഇര്‍ഫാന്റെ കാലത്തുള്ള ഇന്ത്യന്‍ ടീമിലെ സീനിയര്‍ താരങ്ങളായ സച്ചിനോ ഗാംഗുലിയോ ദ്രാവിഡോ ആണോ അതെന്ന ചോദ്യത്തിന് പത്താന്‍ നല്‍കിയ മറുപടിയും ശ്രദ്ധേയമായിരുന്നു. അത് സച്ചിനോ ഗാംഗുലിയോ ദ്രാവിഡോ സെവാഗോ ലക്ഷ്മണോ അല്ലെന്ന് അദ്ദേഹം ഉടന്‍ തന്നെ പറഞ്ഞു.

'ഒരിക്കലും അത് ദാദ ആയിരുന്നില്ല. സത്യത്തില്‍ മറ്റുള്ളവര്‍ക്കുവേണ്ടി സ്വന്തം സ്ഥാനം ത്യജിച്ച ഒരാളായിരുന്നു ദാദ. രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, വിവിഎസ് ലക്ഷ്മണ്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരല്ല അത് എന്ന് ഞാന്‍ വ്യക്തമാക്കാം. എന്നെക്കാള്‍ മികച്ച ബാറ്ററാണെന്ന് സ്വയം കരുതുന്ന ആളാണ് അതെന്നും ക്യാപ്റ്റന്‍ അയാള്‍ പറഞ്ഞതുമാത്രമേ കേട്ടിരുന്നുള്ളുവെന്നും പത്താന്‍ പറഞ്ഞു. അന്ന് ക്യാപ്റ്റന്‍ അദ്ദേഹത്തിന് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തു, പക്ഷേ ആ മത്സരത്തില്‍ അദ്ദേഹം നേരത്തെ പുറത്തായി', ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'he grabbed my jersey' Irfan Pathan exposes ugly physical altercation with senior India player in dressing room

dot image
To advertise here,contact us
dot image