
കൊച്ചി: എസ്എഫ്‌ഐ നേതാക്കളുടെ കടുത്ത വിമര്‍ശനത്തിന് പിന്നാലെ എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ പിന്തുണച്ച് യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി. പി കെ നവാസ് കറ തീര്‍ന്ന മതേതരവാദിയാണെന്ന് അബിന്‍ വര്‍ക്കി അഭിപ്രായപ്പെട്ടു. മുസ്ലിം രാഷ്ട്രം ഉണ്ടാക്കണമെന്നു പറഞ്ഞ മുഹമ്മദലി ജിന്നയോട് തന്റെ രാജ്യം ഇന്ത്യയാണെന്നും ആശയം മതേതരത്വമാണെന്നും പറഞ്ഞ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരനാണ് പി കെ നവാസ് എന്നും അബിന്‍ വര്‍ക്കി ചൂണ്ടിക്കാട്ടി. പി കെ നവാസിനെ വര്‍ഗീയ വാദിയെന്ന് എസ്എഫ്‌ഐ വിശേഷിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് കൈയ്യില്‍ വെച്ചാല്‍ മതിയെന്നാണ് പറയാനുള്ളതെന്നും അബിന്‍ വര്‍ക്കി പറഞ്ഞു.
അബിന്‍ വര്‍ക്കിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം-
സിപിഎമ്മിന് എപ്പോഴൊക്കെ മുസ്ലിം വോട്ട് വേണം എന്ന് തോന്നുന്നോ അപ്പോഴൊക്കെ മുസ്ലിം ലീഗ് കേരളത്തിലെ ഒന്നാം നമ്പര്‍ മതേതര പാര്‍ട്ടിയാണ്. എപ്പോഴൊക്കെയാണോ സിപിഎം മുസ്ലിം വിരുദ്ധ സമീപനം എടുക്കുന്നത് അപ്പോഴൊക്കെ മുസ്ലിം ലീഗും നേതാക്കന്മാരും വര്‍ഗീയവാദികളാണ്.
ഒരു കാര്യം വ്യക്തമായി പറയാം.
രാജ്യം വിഭജിക്കണമെന്നും, മുസ്ലിം സമുദായം മാത്രമായ രാജ്യം ഉണ്ടാക്കണമെന്നും അതിലൂടെ സമുദായത്തിനും ജനങ്ങള്‍ക്കും വളര്‍ച്ചയുണ്ടാകുമെന്നും പറഞ്ഞ മുഹമ്മദലി ജിന്നയോട് എന്റെ രാജ്യം ഇന്ത്യയാണെന്നും , ഞങ്ങളുടെ ആശയം മതേതത്വമാണെന്നും, ഞങ്ങള്‍ ഈ രാജ്യത്ത് സുരക്ഷിതരാണെന്നും പറഞ്ഞ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഇന്നത്തെ അമരക്കാരനാണ് പി കെ നവാസ്. കറതീര്‍ന്ന മതേതരവാദി. മികച്ച സംഘാടകന്‍. മികവുറ്റ പ്രാസംഗികന്‍.
തുടര്‍ച്ചയായി ഉണ്ടായ പരാജയങ്ങളില്‍ കലിപൂണ്ട് അയാളെ വര്‍ഗീയവാദിയെന്ന് എസ്എഫ്‌ഐ വിശേഷിപ്പിക്കാന്‍ ശ്രമിച്ചാല്‍ അത് കയ്യില്‍ വച്ചാല്‍ മതി എന്നതുമാത്രമാണ് മറുപടി.
എംഎസ്എഫ് കേരളം കണ്ട ഏറ്റവും വലിയ വര്‍ഗീയവാദ സംഘടനയാണെന്നും പി കെ നവാസ് വര്‍ഗീയ വാദിയാണെന്നും എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് വിമര്‍ശിച്ചിരുന്നു. കേരളം കണ്ടിട്ടുള്ള ലക്ഷണമൊത്ത വര്‍ഗീയവാദ സംഘടനയാണ് എംഎസ്എഫ്. നിങ്ങളുടെ പേര് മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്നാണ്. സ്വത്വ ബോധമൊന്നുമല്ല എംഎസ്എഫ് കൈകാര്യം ചെയ്യുന്നത്. ജമാഅത്തെ ഇസ്ലാമിക്കും ക്യാമ്പസ് ഫ്രണ്ടിനും അടക്കം വേദിയൊരുക്കുന്ന സംഘടനയാണ് എംഎസ്എഫ് എന്നും പി കെ നവാസ് എന്നാന്തരം വര്‍ഗീയവാദിയാണെന്നും സഞ്ജീവ് പറഞ്ഞിരുന്നു. പിന്നാലെ എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയും നവാസിനെതിരെ രംഗത്തെത്തിയിരുന്നു.
രാഷ്ട്രീയ നേട്ടത്തിനും അധികാര ലബ്ധിക്കും മതത്തെ കൂട്ട് പിടിക്കുന്ന, വിശ്വാസത്തെ ചൂഷണം ചെയ്ത് തെറ്റായി ഉപയോഗപ്പെടുത്തുന്ന ഏര്‍പ്പാടിനെ വര്‍ഗീയത എന്നല്ലാതെ 'കഹോ നാ പ്യാര്‍ ഹെ' എന്ന് വിളിക്കാന്‍ പറ്റുമോ എന്നായിരുന്നു വിമര്‍ശനം.
Content Highlights: abin varkey Support P K Navas Amid SFI Criticism