ക്യാപ്റ്റന്‍ SKY വരുന്നൂ; ഏഷ്യാ കപ്പ് ടീം സെലക്ഷന് മുന്‍പ് ഫിറ്റ്‌നസ് പാസായി സൂര്യകുമാര്‍ യാദവ്‌

ജൂണില്‍ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ച് സൂര്യകുമാര്‍ യാദവ്‌ ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു

dot image

ഏഷ്യാ കപ്പ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്‍പേ ഫിറ്റ്‌നസ് ടെസ്റ്റുകളെല്ലാം ക്ലിയര്‍ ചെയ്ത് ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ്. ബെംഗളൂരുവിലെ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ (സിഒഇ) നടന്ന ഫിറ്റ്‌നസ് പരിശോധനയിലാണ് ഇന്ത്യയുടെ ടി20 നായകന്‍ സൂര്യകുമാര്‍ യാദവ് വിജയിച്ചത്. ജൂണില്‍ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ച് സൂര്യകുമാര്‍ യാദവ് സ്‌പോര്‍ട്‌സ് ഹെര്‍ണിയയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

'സൂര്യകുമാര്‍ യാദവ് ഫിറ്റ്‌നസ് ക്ലിയര്‍ ചെയ്തിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അദ്ദേഹം എത്തും. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വരെ അദ്ദേഹം സിഒഇയിലായിരുന്നു, അവിടെ അദ്ദേഹം ഒരു റീഹാബ് പ്രോഗ്രാമിന് വിധേയനായി. ഇപ്പോള്‍ അദ്ദേഹം ഫിറ്റ്‌നസ് ആണെന്ന് പ്രഖ്യാപിച്ചു. ഇന്ത്യന്‍ ടീം സെലക്ഷന്‍ മീറ്റിംഗില്‍ സൂര്യ പങ്കെടുക്കും', ബിസിസിഐ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.

സെപ്റ്റംബർ 9 മുതൽ 28 വരെ ദുബായിലാണ് ഏഷ്യാ കപ്പ് നടക്കുന്നത്, സെപ്റ്റംബർ 14 ന് ഇന്ത്യ പാകിസ്ഥാനെ നേരിടും. ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിനുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ 19ന് പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. അജിത് അഗാർക്കറിന്റെ നേതൃത്വത്തിലുള്ള സിലക്ഷൻ കമ്മിറ്റി 19ന് മുംബൈയിൽ യോഗം ചേരുമെന്നും അതിനുശേഷം ടീം പ്രഖ്യാപനം നടത്തുമെന്നുമാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Content Highlights: Suryakumar Yadav clears fitness test ahead of Asia Cup selection meeting

dot image
To advertise here,contact us
dot image