'അഫ്രീദി പട്ടിയിറച്ചി കഴിച്ചെന്ന് തോന്നുന്നു, കുറേ നേരമായി കുരക്കുന്നുണ്ട്'; വായടപ്പിച്ച് ഇര്‍ഫാന്‍ പത്താന്‍

'ഈ സംഭവത്തിന് ശേഷം എന്നോട് വാക്കുകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അഫ്രീദിക്ക് മനസ്സിലായിക്കാണും'

dot image

ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുമായി എല്ലാക്കാലവും അത്ര നല്ലതല്ലാത്ത ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മുന്‍ പാക് ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഷാഹിദ് അഫ്രീദി. അടുത്തിടെ ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ടും ഇന്ത്യയ്ക്കെതിരെ അഫ്രീദി ഉയര്‍ത്തിയ കടുത്തവിമര്‍ശനങ്ങള്‍ വലിയ വിവാദമായിരുന്നു. ഇപ്പോഴിതാ ടീമിലുള്ള കാലത്ത് അഫ്രീദിയുമായി ഉണ്ടായ വഴക്കിനെ കുറിച്ച് തുറന്നുപറയുകയാണ് ഇന്ത്യയുടെ മുന്‍ താരം ഇര്‍ഫാന്‍ പത്താന്‍.

2006ല്‍ പാകിസ്താനില്‍ വച്ച് അഫ്രീദിയുമായി ഉടക്കുകയും പാക് താരത്തിന്റെ വായടപ്പിച്ച മറുപടി നല്‍കുകയും ചെയ്ത സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് ഇര്‍ഫാന്‍ പത്താന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പത്താന്‍ പഴയ സംഭവത്തെക്കുറിച്ച് പറഞ്ഞത്.

'2006ല്‍ പാക് പര്യടനത്തിന്റെ ഭാഗമായി ഞങ്ങള്‍ കറാച്ചിയില്‍ നിന്ന് ലാഹോറിലേക്ക് വിമാനത്തില്‍ യാത്ര ചെയ്യുകയായിരുന്നു. ഇരുടീമുകളും ഒരുമിച്ചാണ് യാത്രയിലുണ്ടായിരുന്നത്. ഇടയ്ക്ക് ഷാഹിദ് അഫ്രീദി വന്ന് എന്റെ തലയില്‍ കൈവെച്ച് മുടിയെല്ലാം അലങ്കോലമാക്കി. എങ്ങനെയുണ്ട് കുട്ടീ, എന്നെല്ലാം ചോദിക്കുകയും ചെയ്തു. അദ്ദേഹം എന്നുമുതലാണ് എന്റെ അച്ഛനായതെന്ന് ഞാന്‍ ചിന്തിക്കുകയും ചെയ്തു. എന്നാല്‍ ഞാന്‍ അദ്ദേഹത്തോടൊന്നും പറയാന്‍ പോയില്ല. അതിന് ശേഷം അഫ്രീദി എന്നോട് ചില മോശം കാര്യങ്ങള്‍ പറയുകയും ചെയ്തു. എന്റെ അടുത്ത സീറ്റിലാണ് അദ്ദേഹം ഇരുന്നത്', ഇര്‍ഫാന്‍ പറഞ്ഞു.

'പാകിസ്താന്റെ ഓള്‍റൗണ്ടര്‍ അബ്ദുള്‍ റസാഖും എന്റെ അടുത്താണ് ഇരുന്നത്. ഞാന്‍ അദ്ദേഹത്തോട് ഇവിടെ എന്തുതരം ഇറച്ചിയാണ് കിട്ടാറുള്ളതെന്ന് ചോദിച്ചു. പലതരം മൃഗങ്ങളുടെ മാംസം കിട്ടുമെന്ന് അദ്ദേഹം പറയുകയും ചെയ്തു. പട്ടിയിറച്ചി കിട്ടുമോയെന്ന് ഞാന്‍ റസാഖിനോട് ചോദിച്ചു. എന്താണ് നിങ്ങള്‍ ഇങ്ങനെ ചോദിക്കുന്നതെന്ന് അത്ഭുതത്തോടെ അദ്ദേഹം എന്നോട് ചോദിച്ചു'

'അഫ്രീദി പട്ടിയുടെ ഇറച്ചി കഴിച്ചിട്ടുണ്ടെന്നാണ് തോന്നുന്നത്. അയാള്‍ കുറേനേരമായി കുരയ്ക്കുന്നുണ്ട്', ഞാന്‍ റസാഖിനോട് പറഞ്ഞു. ഇതുകേട്ടതും അഫ്രീദിക്ക് ഒന്നും പറയാന്‍ സാധിച്ചില്ല. അഫ്രീദി എന്നോട് എന്തെങ്കിലും പറഞ്ഞിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ തിരിച്ചുപറയുമായിരുന്നു, 'നോക്കൂ, അദ്ദേഹം കൂടുതല്‍ കുരയ്ക്കുകയാണ്'. എന്നാല്‍ ഇതിനുശേഷം അഫ്രീദി ആ യാത്രയിലൊരിക്കല്‍ പോലും മിണ്ടിയിരുന്നില്ല. ഈ സംഭവത്തിന് ശേഷം എന്നോട് വാക്കുകള്‍ കൊണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് അഫ്രീദിക്ക് മനസ്സിലായിക്കാണും. അതുകൊണ്ടാണ് പിന്നീട് ഒരിക്കല്‍ പോലും അഫ്രീദി എന്നോട് സംസാരിക്കാന്‍ വരാത്തത്', ഇര്‍ഫാന്‍ പത്താന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: 'Shahid Afridi Eaten Dog Meat, Has Been Barking…': When Irfan Pathan Silenced Ex-Pakistan Star

dot image
To advertise here,contact us
dot image