പരിക്കുംവെച്ചുള്ള കളിയൊന്നും ഇനി വേണ്ട! പകരക്കാരെ വിളിക്കാം; പുതിയ നിയമവുമായി ബിസിസിഐ

അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയ്ക്കിടെ റിഷഭ് പന്ത്, ക്രിസ് വോക്സ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റ് പുറത്തായിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം

dot image

ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ നിമയവുമായി ബിസിസിഐ. 2025-26 സീസൺ മുതൽ മൾട്ടി-ഡേ ക്രിക്കറ്റിൽ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് പകരക്കാരെ കൊണ്ടുവരാനുള്ള നിര്‍ണായകതീരുമാനമാണ് ബിസിസിഐ മുന്നോട്ടുവെച്ചിരിക്കുന്നത്. അടുത്തിടെ ഇംഗ്ലണ്ടിൽ നടന്ന ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയ്ക്കിടെ റിഷഭ് പന്ത്, ക്രിസ് വോക്സ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റ് പുറത്തായിരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. പന്തിന് കാലിന് ഒടിവും വോക്സിന് തോളെല്ലിന് പരിക്കുമാണ് സംഭവിച്ചത്.

2025-26 സീസൺ മുതൽ ബിസിസിഐയോ അതിന്റെ അനുബന്ധ സ്ഥാപനങ്ങളോ സംഘടിപ്പിക്കുന്ന ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് ഇവന്റുകളിലെ മൾട്ടി-ഡേ ഇവന്റുകൾക്ക് മാത്രമാണ് നിലവിൽ ഈ നിയമം ബാധകമാവുക. സീരിയസ് ഇഞ്ചുറി വിഭാഗത്തിന് കീഴിലുള്ള പ്ലേയിംഗ് കണ്ടീഷനുകളിൽ ബിസിസിഐ ഒരു പുതിയ ക്ലോസ് ചേർത്തിട്ടുണ്ട്. അതായത് നടന്നുകൊണ്ടിരിക്കുന്ന ഒരു മത്സരത്തിനിടെ ഗുരുതരമായ പരിക്ക് സംഭവിച്ച ഒരു കളിക്കാരന് പിന്നീട് ഗെയിമിൽ പങ്കെടുക്കാനായെന്ന് വരില്ല. അത്തരം സാഹചര്യത്തിൽ പകരക്കാരനെ അനുവദിക്കാം.

ഓൺ-ഫീൽഡ് അമ്പയർമാർ മാച്ച് റഫറിയുമായും മെഡിക്കൽ സ്റ്റാഫുമായും കൂടിയാലോചിച്ച ശേഷമായിരിക്കും ഇത് തീരുമാനിക്കുക. കളിക്കിടെയും ​ഗ്രൗണ്ടിലും വെച്ച് ഗുരുതരമായ പരിക്ക് സംഭവിച്ചാലാണ് ഇത് സാധ്യമാവുക. വരാനിരിക്കുന്ന ആഭ്യന്തര സീസണിന്റെ ആരംഭം കുറിക്കുന്ന 2025 ദുലീപ് ട്രോഫി മുതൽ ഈ നിയമം പ്രാബല്യത്തിൽ വരും.

Content Highlights: BCCI introduces 'serious injury replacement substitute' rule in multi-day competitions

dot image
To advertise here,contact us
dot image