
മലയാൡകളുടെ സ്വന്തം സഞ്ജു സാംസണും ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിനും നടത്തിയ അഭിമുഖം സോഷ്യൽ മീഡിയയിൽ ഒരുപാട് ചർച്ചയായിരുന്നു. അശ്വിന്റെ യൂട്യൂബ് ചാനലിലെ കുട്ടിസ്റ്റോറി എന്ന പരിപാടിയിലാണ് ഇരുവരും സംസാരിച്ചത്.
അഭിമുഖത്തിനിടെ വെസ്റ്റ് ഇൻഡീസ് താരം ഷിമ്രോൺ ഹെറ്റ്‌മെയറിനെ കുറിച്ച് സഞ്ജു സാംസൺ സംസാരിക്കുന്നുണ്ട്. ക്രിക്കറ്റിൽ വിജയകരമാകാൻ ഒരു വഴി മാത്രമല്ല ഒരുപാട് വഴികളുണ്ടെന്ന് പറയുന്ന സഞ്ജു ഹെറ്റ്‌മെയറിന്റെ വഴിയെ പുകഴ്ത്തുന്നു. രാജസ്ഥാൻ റോയൽസിന് വേണ്ടി ഐപിഎൽ കളിക്കുമ്പോൾ ഹെറ്റ്‌മെയർ വൈകിട്ട് അഞ്ച് മണിക്ക് എഴുന്നേൽക്കുകയും ടീം മീറ്റിങ്ങിലെല്ലാം ഉറക്കം തൂങ്ങിയിരിക്കുകയും ചെയ്യുന്ന ആളാണെങ്കിലും എട്ട് മണിക്കുള്ള മത്സരത്തിൽ മികച്ച രീതിയിൽ കളിക്കമെന്നും സഞ്ജു പറയുന്നു.
'ക്യാപ്റ്റൻസി എന്റെ ഒരുപാട് കാഴ്ച്ചപ്പാടുകളെ മാറ്റി. വ്യത്യസ്തമായ കാര്യങ്ങളെ അംഗീകരിക്കാൻ പഠിപ്പിച്ചു. ക്രിക്കറ്റിൽ സക്‌സസ് ആകാൻ ഒരൊറ്റ വഴി അല്ലെന്ന് എനിക്ക് മനസിലായി. വ്യത്യസ്ത കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോൾ എനിക്ക് അവരെ ചോദ്യം ചെയ്യുന്നതിനേക്കാൾ അവരെ പിന്തുണക്കാനാണ് താത്പര്യം.
എട്ട് മണിക്കുള്ള മത്സരത്തിന് വൈകീട്ട് അഞ്ച് അഞ്ച് മണിക്കാണ് ഹെറ്റ്‌മെയർ എഴുന്നേൽക്കുന്നത്. എന്നിട്ട് അവൻ ടീമിന് വേണ്ട പ്രധാനപ്പെട്ട റൺസ് നേടുകയും കളി ജയിപ്പിക്കുകയും ചെയ്യും. അതിനാൽ തന്നെ ക്രിക്കറ്റിൽ മുന്നേറാൻ ഒരുപാട് വഴികളുണ്ട്,' സഞ്ജു പറഞ്ഞു.
ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിന്റെ നായകനായ സഞ്ജു ഈ വർഷം ടീം വിട്ടേക്കുമെന്നാണ് റിപ്പോർട്ടുകൾ. ചെന്നൈ സൂപ്പർ കിങ്‌സ് ട്രേഡിങ് വഴി സഞ്ജുവിനെ സ്വന്തമാക്കാൻ സാധ്യതയുണ്ട്.
Content Highlights- Sanju Samson Talks About Shimron Hetmyer And his habits in Rajasthan Royals