
ബെംഗളൂരു: കര്‍ണാടക സഹകരണ മന്ത്രി കെ രാജണ്ണ രാജിവെച്ചു. വോട്ടര്‍ പട്ടിക തയ്യാറാക്കിയത് കോണ്‍ഗ്രസിന്റെ കാലത്താണെന്ന പരാമര്‍ശം നടത്തി ദിവസങ്ങള്‍ക്ക് ശേഷമാണ് രാജി. വിവാദ പരാമര്‍ശത്തില്‍ മന്ത്രിസ്ഥാനം രാജിവെക്കാന്‍ ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടിരുന്നു. പിന്നാലെയാണ് നടപടി.
രാജണ്ണ വിധാന്‍ സൗധയിലെത്തി മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് രാജിക്കത്ത് കൈമാറി. വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ ഡാറ്റ വെച്ച് രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. സംഭവത്തില്‍ രാജ്യവ്യാപകമായി കോണ്‍ഗ്രസും ഇന്‍ഡ്യാ മുന്നണിയും പ്രതിഷേധിക്കുന്നതിനിടയിലായിരുന്നു രാജണ്ണയുടെ വിവാദ പരാമര്‍ശം.
'എപ്പോഴാണ് വോട്ടര്‍ പട്ടിക തയ്യാറാക്കിയത്? ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് പട്ടിക തയ്യാറാക്കിയത്. ആ സമയത്ത് എല്ലാവരും കണ്ണടച്ച് മിണ്ടാതെ ഇരുന്നു? ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നത് സത്യമാണ്. ഞങ്ങളുടെ കണ്‍മുന്നിലാണ് ഈ ക്രമക്കേട് നടന്നത്', എന്നായിരുന്നു രാജണ്ണ പറഞ്ഞത്. രാജണ്ണയുടെ പരാമര്‍ശം കര്‍ണാടക നിയമസഭയില്‍ ചര്‍ച്ചയാകുകയും നിയമ പാര്‍ലമെന്ററി കാര്യ മന്ത്രി എച്ച് കെ പട്ടീലും രാജണ്ണയും സംഭവത്തില്‍ വ്യക്തത വരുത്തണമെന്ന് ബിജെപി എംഎല്‍എമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Content Highlights: Karnataka minister Rajanna resigned from his post