
ആൻഡേഴ്സൺ-തെണ്ടുൽക്കർ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മുൻ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി. ഒരൽപ്പം ഭാഗ്യമുണ്ടായിരുന്നെങ്കിൽ ഇന്ത്യ പരമ്പരയിൽ 3-0ത്തിന് മുന്നിൽ നിൽക്കുമായിരുന്നുവെന്നാണ് രവി ശാസ്ത്രിയുടെ വാക്കുകൾ. മൂന്നാം ടെസ്റ്റിലെ ടേണിങ് പോയിൻ്റായത് ആദ്യ ഇന്നിങ്സിൽ റിഷഭ് പന്ത് റൺഔട്ടായതാണെന്നും ശാസ്ത്രി പ്രതികരിച്ചു.
'കുറച്ച് ഭാഗ്യമുണ്ടായിരുന്നെങ്കിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ഇന്ത്യ 3-0ത്തിന് മുന്നിൽ നിൽക്കുമായിരുന്നു. ലോഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സിൽ റിഷഭ് പന്ത് റൺഔട്ടായതാണ് മത്സരഫലത്തിൽ നിർണായകമായത്. ബെൻ സ്റ്റോക്സ് അത്രയധികമായി മത്സരത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. പന്തിന്റെ വിക്കറ്റ് നഷ്ടപ്പെടും വരെ ഇന്ത്യയ്ക്കായിരുന്നു മത്സരത്തിൽ മുൻ തൂക്കം.' ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകൾ പിന്നിടുമ്പോൾ ഇന്ത്യ പരമ്പരയിൽ പിന്നിലാണ്. രണ്ട് മത്സരങ്ങൾ ഇംഗ്ലണ്ടും ഒന്നിൽ ഇന്ത്യയും വിജയിച്ചു. കടുത്ത പോരാട്ടം കാഴ്ചവെച്ചെങ്കിലും ഒന്നാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും ഇന്ത്യ പരാജയപ്പെട്ടു. എഡ്ജ്ബാസ്റ്റണിൽ ചരിത്ര വിജയം നേടാൻ സാധിച്ചത് മാത്രമാണ് ഇന്ത്യയുടെ ആശ്വാസം. പരമ്പര നഷ്ടം ഒഴിവാക്കാൻ അടുത്ത മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയിക്കേണ്ടതുണ്ട്.
Content Highlights: India could have been 3-0 up with a bit of luck in England series