
വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത്. കരം എന്നാണ് ചിത്രത്തിന്റെ പേര്. വൈശാഖ് സുബ്രമണ്യം നിര്‍മിക്കുന്ന ചിത്രത്തില്‍ നോബിള്‍ തോമസ് ബാബുവാണ് നായകനായി എത്തുന്നത്. നോബിള്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.
വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്‌സ് ക്ലബ് എന്ന ചിത്രത്തിന്റെ 15ാം വാര്‍ഷികത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്റെ സ്ഥിരം പാറ്റേണില്‍ നിന്നും അടിമുടി മാറിക്കൊണ്ടാണ് കരം എത്തുന്നത്. സെപ്റ്റംബര്‍ 25നാണ് ചിത്രത്തിന്റെ റിലീസ്.
ആക്ഷന്‍ ത്രില്ലര്‍ ഴോണറിലാണ് ചിത്രം ഒരുങ്ങുന്നത്. ബൈക്ക് ഓടിച്ചുകൊണ്ടിരിക്കുന്ന നോബിള്‍ പിന്നിലേക്ക് തോക്ക് ചൂണ്ടുന്ന പോസ്റ്റര്‍ കൂടി പുറത്തുവന്നതോടെ വിനീത് ശ്രീനിവാസന്‍ ഫാന്‍സെല്ലാം ആവേശത്തിലാണ്. നേരത്തെ തിരയില്‍ മാത്രം വിനീത് ശ്രീനിവാസന്‍ പരീക്ഷിച്ചിട്ടുള്ള ഡാര്‍ക്ക് മോഡിലായിരിക്കും കരം എത്തുക എന്നാണ് കരുതുന്നത്.
'വര്‍ഷങ്ങള്‍ക്ക് ശേഷം' ആണ് ഒടുവില്‍ പുറത്തിറങ്ങിയ വിനീത് ശ്രീനിവാസന്‍ ചിത്രം. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം തിയേറ്ററുകളില്‍ വലിയ വിജയം നേടിയെങ്കിലും ഒടിടി റിലീസിന് പിന്നാലെ വിമര്‍ശനവും ഏറ്റുവാങ്ങിയിരുന്നു. അതേസമയം, തിയേറ്ററുകളില്‍ വിജയം ആവര്‍ത്തിക്കാന്‍ കഴിയുന്ന വിനീത് ശ്രീനിവാസന്‍ മാജിക് കരത്തിലും കാണാനാകുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
ഒപ്പം വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാകും ഈ ചിത്രമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നുണ്ട്.
അതേസമയം, ജേക്കബിന്റെ സ്വര്‍ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ഹെലന്‍ എന്നീ ചിത്രങ്ങളുടെ നിര്‍മാണത്തിലൂടെ കൂടി സുപരിചിതനായ നടനാണ് നോബിള്‍ ബാബു തോമസ്. ഇതില്‍ ഹെലന്റെ തിരക്കഥാകൃത്ത് കൂടിയായ താരത്തിന്‍റെ
ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം ഫിലിപ്‌സാണ്.
Content Highlights: Vineeth Sreenivasan new movie title and release date announced