ICC ടെസ്റ്റ് റാങ്കിങ്ങില്‍ ശുഭ്മന്‍ ഗില്ലിന് തിരിച്ചടി; ജോ റൂട്ട് വീണ്ടും ഒന്നാമത്‌

റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരുടെ റാങ്കുകളും താഴ്ന്നു

dot image

ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പരാജയം വഴങ്ങിയതിന് പിന്നാലെ ഐസിസി ടെസ്റ്റ് റാങ്കിങ്ങിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് തിരിച്ചടി. ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ തിളങ്ങാന്‍ കഴിയാതെ വന്നതോടെ ഏറ്റവും പുതിയ റാങ്കിങ്ങില്‍ ഗില്ലിന് മൂന്ന് സ്ഥാനം താഴേക്ക് ഇറങ്ങേണ്ടിവന്നു. ആറാം സ്ഥാനത്തായിരുന്ന ഇന്ത്യന്‍ നായകന്‍ നിലവില്‍ ഒന്‍പതാം സ്ഥാനത്താണുള്ളത്.

അതേസമയം ലോര്‍ഡ്‌സ് ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്തതോടെ ജോ റൂട്ട് ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 888 റേറ്റിങ് പോയിന്റുള്ള റൂട്ട് സഹതാരം ഹാരി ബ്രൂക്കിനെ മറികടന്നാണ് ഒന്നാം സ്ഥാനത്ത് എത്തിയത്. മൂന്നാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 104 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 40 റണ്‍സും നേടിയ ജോ റൂട്ട് ഇംഗ്ലണ്ട് വിജയത്തില്‍ നിർണായക പങ്കുവഹിച്ചിരുന്നു.

ലോര്‍ഡ്‌സ് ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങളുടെ റാങ്കിങ്ങില്‍ സമ്മിശ്ര ഫലങ്ങളാണുണ്ടായത്. റാങ്കിങ്ങില്‍ ആദ്യ പത്ത് സ്ഥാനങ്ങളില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ താരങ്ങളായ യശസ്വി ജയ്‌സ്വാള്‍, റിഷഭ് പന്ത് എന്നിവരുടെ റാങ്കുകളും താഴ്ന്നു. നാലാം സ്ഥാനത്തായിരുന്ന യശസ്വി ജയ്‌സ്വാള്‍ അഞ്ചാമതെത്തി. ഏഴാം റാങ്കിലായിരുന്ന പന്തിന് ഒരു സ്ഥാനം നഷ്ടപ്പെട്ടു.

ഒന്‍പതാം സ്ഥാനത്തേക്ക് താഴ്ന്ന ക്യാപ്റ്റന്‍ ഗില്ലിന് 765 പോയിന്റും പന്തിന് 779 പോയിന്റും ജയ്‌സ്വാളിന് 801 പോയിന്റുമാണുള്ളത്. ആദ്യ പത്ത് റാങ്കിന് ശേഷം 34, 35 റാങ്കുകളിലാണ് ഇന്ത്യന്‍ ബാറ്റര്‍മാരുള്ളത്. പരമ്പരയില്‍ തുടര്‍ച്ചയായ നാല് അര്‍ധ സെഞ്ച്വറികള്‍ നേടിയ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ 34-ാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ലോര്‍ഡ്‌സില്‍ സെഞ്ച്വറി നേടിയ കെ എല്‍ രാഹുലാണ് 35-ാം സ്ഥാനത്തുള്ളത്.

Content Highlights: ICC Rankings: Joe Root Returns As No. 1 Test Batter; Shubman Gill, Yashaswi Jaiswal, Rishabh Pant Slip Down

dot image
To advertise here,contact us
dot image