
പ്രതീക്ഷകൾ ഏറെ കുറെ അവസാനിച്ചിരുന്നു, ഔദ്യോഗിക സംവിധാനങ്ങൾ എല്ലാം തന്നെ നിസ്സഹായാരായിരുന്നു. നയതന്ത്ര ബന്ധമില്ലാത്തതിനാലും യെമനിലെ വിമതസർക്കാരിന് സ്വാധീനം ഉള്ളതുകൊണ്ടും കേന്ദ്രസർക്കാരിനും ഇടപെടുന്നതിന് പരിമിതികൾ ഉണ്ടായിരുന്നു അപ്പോഴാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിൽ നിമിഷപ്രിയുയെടെ മോചനത്തിനായി ഇടപെടൽ ഉണ്ടാവുന്നത്.
ആഗോളതലത്തിൽ തന്നെ സുന്നി വിഭാഗത്തിന്റെ പ്രധാന പണ്ഡിതന്മാരിൽ ഒരാളായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസുമായി കാന്തപുരം നടത്തിയ ചർച്ചകൾക്കുപിന്നാലെ ശൈഖ് ഹബീബ് ഉമർ കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിക്കുകയായിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നിർത്തിവെച്ചതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം അന്വേഷിച്ച ഒരു കാര്യമുണ്ട്, ആരാണ് കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുമായി ബന്ധപ്പെട്ട് തലാലിന്റെ കുടുംബവുമായി ചർച്ച നടത്തിയ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ്….
പ്രവാചകൻ മുഹമ്മദ് നബിയുടെ 39-ാം തലമുറയിലെ നേരിട്ടുള്ള പിൻഗാമിയാണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ്. ആഗോളതലത്തിൽ തന്നെയുള്ള ഇസ്ലാം പണ്ഡിതന്മാരിൽ മുൻ നിരയിൽ ഉള്ള വ്യക്തിയാണ്. നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ദിയാധനം സ്വീകരിക്കാനോ ചർച്ചകൾക്കോ തലാലിന്റെ കുടുംബം നേരത്തെ തയ്യാറായിരുന്നില്ല, എന്നാൽ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസിന്റെ ഇടപെടലോടെ കുടുംബം ചർച്ചകൾക്ക് തയ്യാറാവുകയായിരുന്നു.
1963-ൽയെമനിലെ ഹളർമൗത്ത് താഴ്വരയിലെ തരീമിൽ ആണ് ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ് ജനിക്കുന്നത്. 30 തലമുറകളായി അദ്ദേഹത്തിന്റെ കുടുംബം യെമനിൽ പണ്ഡിത പാരമ്പര്യം നിലനിർത്തുന്നവരാണ്. കുട്ടിക്കാലത്ത് തന്നെ ഖുർആൻ മനപ്പാഠമാക്കിയ ശൈഖ് ഹബീബ് പിതാവിന്റെയും മറ്റ് പ്രമുഖ പണ്ഡിതരുടെയും കീഴിൽ ഇസ്ലാമിക വിജ്ഞാനങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പത്താം വയസിൽ ഹബീബ് ഉമർ ബിൻ ഹഫീസിന്റെ പിതാവിനെ കാണാതായി അന്നത്തെ യെമനിലെ ഭരണകൂടത്തിന്റെ ഇടപെടലുകൾ ഇതിന് പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്. തുടർന്ന് 17-ാം വയസ്സിൽ അദ്ദേഹം വടക്കൻ യെമനിലെ അൽ-ബൈദായിലേക്ക് കുടിയേറുകയും അവിടെ പഠനം തുടരുകയും ചെയ്തു.
പഠനത്തോടൊപ്പം ഇസ്ലാം തത്വശാസ്ത്രങ്ങൾ പഠിപ്പിക്കാനും അദ്ദേഹം തുടങ്ങിയിരുന്നു. 1993/1994ൽ തരീമിൽ ദാർ അൽ-മുസ്തഫ എന്ന സ്ഥാപനം അദ്ദേഹം സ്ഥാപിച്ചു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് പണ്ഡിതന്മാർ ഇവിടെ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 2001-ൽ സ്ത്രീകൾക്കായുള്ള ദാർ അൽ-സഹ്‌റ എന്ന സ്ഥാപനവും അദ്ദേഹം ആരംഭിച്ചു.
ആഗോളതലത്തിൽ തന്നെ സ്വാധീനമുള്ള 500 മുസ്ലിം പണ്ഡിതന്മാരിൽ ഒരാൾ കൂടിയാണ് ഇദ്ദേഹം. യെമനിൽ മാത്രമല്ല ശൈഖ് ഹബീബ് ഉമറിന്റെ സ്വാധീനം നിൽക്കുന്നത്. പ്രധലോകത്തിലെ ഏറ്റവും വലിയ ഇസ്ലാമിക സംഘടനയായ നഹ്ദത്തുൽ ഉലമയുടെ പ്രധാന വ്യക്തിത്വങ്ങളിൽ ഒരാളാണ് അദ്ദേഹം. ആഗോളതലത്തിലുള്ള എല്ലാ സുന്നിധാരകളും ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസിനെ അംഗീകരിക്കുന്നുണ്ട്. 2007-ൽ അദ്ദേഹം സ്ഥാപിച്ച മുവാസല എന്ന സംഘടനയിൽ 30,000-ത്തിലധികം ഇന്തോനേഷ്യൻ സുന്നി പണ്ഡിതന്മാർ അംഗങ്ങളാണ്. 2008 ൽ യെമൻ ആസ്ഥാനമായുള്ള അൽ-റഫ ചാരിറ്റബിൾ സൊസൈറ്റി എന്ന സന്നദ്ധ സംഘടനയും അദ്ദേഹം ആരംഭിച്ചു.
ഐഎസ്, അൽ ഖ്വയ്ദ പോലുള്ള തീവ്രവാദ സംഘടനകൾ ശൈഖ് ഹബീബ് ഉമറിനോട് കടുത്ത വിയോജിപ്പ് പുലർത്തുന്നുണ്ട് ഇതിന് പ്രധാന കാരണങ്ങളിൽ ഒന്ന് ക്രിസ്ത്യൻ- മുസ്ലിം മതവിഭാഗങ്ങൾക്കിടയിലുള്ള സംഘർഷം ഇല്ലാതാക്കാനുള്ള രേഖയിൽ ഒപ്പുവെച്ചതാണ്. യെമനിലെ സമാധാന അന്തരീക്ഷത്തിനായും അദ്ദേഹം പ്രവർത്തിക്കുന്നുണ്ട്.
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി എപി അബൂബക്കർ മുസ്ലിയാരുമായും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മർക്കസ് എന്ന സ്ഥാപനമായും മികച്ച ബന്ധമാണ് ശൈഖ് ഹബീബ് ഉമറിനുള്ളത്. മലപ്പുറം മഅദിൻ അക്കാദമിയുടെ ശിലാസ്ഥാപനം നിർവഹിക്കാനാണ് ആദ്യമായി അദ്ദേഹം ഇന്ത്യയിൽ എത്തുന്നത്. താമരശ്ശേരി മർകസ് നോളജ് സിറ്റിയിലെ ജാമിഉൽ ഫുതൂഹ് മസ്ജിദിന്റെ ഉദ്ഘാടനം നിർവഹിച്ചത് ശൈഖ് ഹബീബ് ഉമർ തന്നെയായിരുന്നു കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ അസുഖബാധിതനാപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാനും അദ്ദേഹമെത്തി.
നിമിഷപ്രിയയുടെ വധശിക്ഷയിൽ പ്രതീക്ഷകൾ ഒക്കെ അവസാനിച്ച് തുടങ്ങിയപ്പോൾ ആയിരുന്നു കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ അഭ്യർത്ഥന പ്രകാരം ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ് ഇടപെട്ടത്.
യെമനിലെ സങ്കീർണ്ണമായ രാഷ്ട്രീയ സാഹചര്യവും ഹൂത്തി ഭരണകൂടത്തിന് ഔദ്യോഗിക അംഗീകാരമില്ലാത്തതും കാരണം ഇന്ത്യൻ സർക്കാരിന് നയതന്ത്രപരമായി നേരിട്ട് ഇടപെടാൻ പരിമിതികളുണ്ടായിരുന്നു.
നിമിഷപ്രിയയുടെ മോചനത്തിനായി ദിയധനം (ബ്ലഡ് മണി) സ്വീകരിക്കാൻ തലാൽ അബ്ദുൽ മഹ്ദിയുടെ കുടുംബം ആദ്യം വിസമ്മതിച്ചിരുന്നെങ്കിലും ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീസ് നേരിട്ട് ഈ ചർച്ചകൾക്ക് നേതൃത്വം നൽകിയതോടെ താൽക്കാലിക ആശ്വാസമാവുകയായിരുന്നു.
കൊല്ലപ്പെട്ട തലാൽ മഹ്ദിയുടെ ജന്മനാടായ ധമാറിലാണ് ചർച്ചകൾ നടക്കുന്നത്. ഈ ചർച്ചകളിൽ മഹ്ദിയുടെ അടുത്ത ബന്ധുവും, ഹൊദൈദ സ്റ്റേറ്റ് കോടതിയിലെ ചീഫ് ജസ്റ്റിസും യെമൻ ശൂറ കൗൺസിലിലെ അംഗവുമായ ഒരാൾ പങ്കെടുക്കുന്നുണ്ട്. ഈ ഇടപെടലുകളുടെ ഫലമായിട്ടാണ് ഇന്ന് ജൂലായ് 16 ന് നടപ്പാക്കാൻ നിശ്ചയിച്ചിരുന്ന നിമിഷപ്രിയയുടെ വധശിക്ഷ താൽക്കാലികമായി നീട്ടിവെച്ചത്. ഔദ്യോഗിക നയതന്ത്രം പരാജയപ്പെട്ട സാഹചര്യത്തിൽ, കാന്തപുരത്തിന്റെ ഇടപെടലും ശൈഖ് ഹബീബ് ഉമറിന്റെ ആത്മീയ അധികാരവും സ്വാധീനവും നിമിഷപ്രിയയുടെ മോചനത്തിനുള്ള ചർച്ചകൾക്ക് വഴിതുറന്നു എന്നത് ഈ കേസിന്റെ ഒരു പ്രധാന വഴിത്തിരിവാണ്.
Content Highlights: Nimisha Priya case: Who is Habib Umar bin Hafiz and Kanthapuram A P Aboobacker Musliyar