'ജഡേജയുടെ ആദ്യ ടെസ്റ്റാണോ ഇത്? കുറച്ചുകൂടി ധൈര്യം കാണിക്കാമായിരുന്നു'; വിമർശനവുമായി പാക് മുൻ താരങ്ങൾ

'ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബൗണ്ടറികൾക്കായി ശ്രമിക്കണമായിരുന്നു'

dot image

ലോര്‍ഡ്‌സ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരായ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ അര്‍ധസെഞ്ച്വറി നേടി പിടിച്ചുനിന്ന ജഡേജയുടെ പ്രകടനമാണ് ഇന്ത്യയ്ക്ക് ജയപ്രതീക്ഷ നല്‍കിയത്. എന്നാല്‍ ഷുഐബ് ബഷീറിന്റെ പന്തില്‍ മുഹമ്മദ് സിറാജ് പുറത്തായതോടെ ഇംഗ്ലണ്ടിന് മുന്നില്‍ ഇന്ത്യ അടിയറവ് പറയുകയായിരുന്നു.

22 റണ്‍സ് ദൂരത്തില്‍ ഇന്ത്യ പരാജയം വഴങ്ങുമ്പോള്‍ ജഡേജ 61 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ഇതിന് പിന്നാലെ ജഡേജയുടെ പ്രകടനത്തെ പ്രശംസിച്ചും വിമര്‍ശിച്ചും നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. ജഡേജ കുറച്ചുകൂടി ധൈര്യം കാണിച്ചിരുന്നെങ്കില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ സാധിക്കുമായിരുന്നെന്നാണ് പാകിസ്താന്റെ മുന്‍ താരങ്ങളായ ബാസിത് അലിയും കമ്രാന്‍ അക്മലും ചൂണ്ടിക്കാട്ടിയത്.

'ഫീൽഡർമാർ 30 യാർഡ് സർക്കിളിന് പുറത്തായിരുന്നോ? അങ്ങനെയായിരുന്നെങ്കിൽ ജഡേജയ്ക്ക് കാര്യമായിട്ടൊന്നും ചെയ്യാൻ അവസരമുണ്ടായിരുന്നില്ല. വാലറ്റത്തിനൊപ്പം ബാറ്റു ചെയ്യുകയും ഫീൽഡർമാരെ പരമാവധി സർക്കിളിനുള്ളിലേക്ക് കൊണ്ടുവരികയും ചെയ്താൽ, ഓരോ ഓവറിലെയും അവസാന രണ്ടു പന്തുകളിൽ ബൗണ്ടറിക്ക് വേണ്ടി ശ്രമിക്കണമെന്ന്. ബുംറയും സിറാജും നന്നായി കളിക്കുന്നുണ്ടായിരുന്നു, ഓരോ ഓവറിലും രണ്ടോ മൂന്നോ പന്തുകൾ നേരിടാൻ അവരെ വിശ്വസിച്ച് അദ്ദേഹം സ്ട്രൈക്ക് നിലനിർത്തുകയായിരുന്നു. ആത്മവിശ്വാസമുണ്ടായിരുന്നെങ്കിൽ അദ്ദേഹം ബൗണ്ടറികൾക്കായി ശ്രമിക്കണമായിരുന്നു', ഒരു യൂട്യൂബ് ചാനലിൽ ബാസിത് അലി പറഞ്ഞു.

ഇത് ജഡേജയുടെ ആദ്യത്തെ ടെസ്റ്റ് മത്സരമാണോ? അല്ലെങ്കിൽ അദ്ദേഹം ഇതിലും മികച്ച രീതിയിൽ കളിക്കണമായിരുന്നു. ഇത്രയും അനുഭവ സമ്പത്തുള്ള ജഡേജ ഓരോ ഓവറിലെയും അവസാന രണ്ട് പന്തുകളിൽ ബൗണ്ടറികൾക്കായി ശ്രമിക്കണമായിരുന്നുവെന്നും ബാസിത് അലി കൂട്ടിച്ചേർത്തു.

'ജഡേജയ്ക്ക് കുറച്ചുകൂടി അവസരങ്ങൾ മുതലെടുക്കാമായിരുന്നു. ഷുഐബ് ബഷീറോ ജോ റൂട്ടോ പന്തെറിയുമ്പോൾ ജഡേജ അത് ലീവ് ചെയ്യുകയാണ് ചെയ്തത്. ജഡേജ കുറച്ച് സിക്സറുകളെങ്കിലും അടിക്കണമായിരുന്നു. അദ്ദേഹം കുറച്ചുകൂടി ധൈര്യം കാണിച്ചിരുന്നെങ്കിൽ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിയുമായിരുന്നു. ആഷസിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ബെൻ സ്റ്റോക്‌സ് കളി വിജയിപ്പിച്ചു. ജഡേജയും അതുതന്നെ ചെയ്യാൻ പോകുകയാണെന്ന് എനിക്ക് തോന്നി', കമ്രാൻ അക്മൽ പറഞ്ഞു.‌

ടീം ഇന്ത്യ 71/5 എന്ന നിലയിൽ നിൽക്കുമ്പോഴായിരുന്നു ജഡേജ ക്രീസിലെത്തിയത്. പിന്നീട് ടീം 112/8 എന്ന നിലയിലേക്ക് കൂപ്പുകുത്തി. അവസാന രണ്ട് വിക്കറ്റിൽ ജസപ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവരെ കൂട്ടുപിടിച്ച ജഡേജ ഇന്ത്യയെ വിജയത്തിന് തൊട്ടടുത്ത് വരെ എത്തിച്ചെങ്കിലും വിജയം കൈവരിക്കാൻ സാധിച്ചില്ല. ഇന്ത്യ 20 റൺസിന് തോറ്റപ്പോൾ ജഡ്ഡു പുറത്താകാതെ 61 റൺസ് നേടി. ബുംറയും സിറാജും 84 പന്തുകളോളമാണ് ചെറുത്ത് നിന്നത്.

Content Highlights: Ravindra Jadeja's approach at Lord's draws criticism from across the border

dot image
To advertise here,contact us
dot image