ബഹ്‌റൈനിൽ കൈ സ്‌കാൻ ചെയ്തുള്ള പെയ്‌മെന്റ് സംവിധാനം വരുന്നു

ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനുള്ള നിർദേശം സ്ട്രാറ്റജിക് തിങ്കിങ് പാർലമെന്ററി ബ്ലോക്ക് ഔദ്യോഗികമായി സമർപ്പിച്ചു

dot image

മനാമ: കൈ സ്‌കാൻ ചെയ്ത് പണം അടക്കാൻ സാധിക്കുന്ന പുതിയ പെയ്‌മെന്റ് സംവിധാനം പരീക്ഷിക്കാനൊരുങ്ങി ബഹ്റൈൻ. ഇതിനെക്കുറിച്ച് വിശദമായി പഠിക്കാനുള്ള നിർദേശം സ്ട്രാറ്റജിക് തിങ്കിങ് പാർലമെന്ററി ബ്ലോക്ക് ഔദ്യോഗികമായി സമർപ്പിച്ചു. നിർദേശം നിലവിൽ നിയമനിർമാണ അവലോകനത്തിലാണ്.

പാർലമെന്റിന്റെ സാമ്പത്തികകാര്യ സമിതി ചെയർമാനും ബ്ലോക്കിന്റെ പ്രസിഡന്റുമായ അഹമ്മദ് അൽ സല്ലും ആണ് ഈ നിർദേശം പാർലമെന്റ്‌റ് സ്പീക്കർ അഹമ്മദ് അൽ മുസല്ലമിന് സമർപ്പിച്ചത്. സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റൈൻ (സി.ബി.ബി), ബെനിഫിറ്റ് കമ്പനി, വ്യവസായ വാണിജ്യ മന്ത്രാലയം, ബഹ്‌റൈൻ ചേംബർ എന്നിവയുമായി സഹകരിച്ച് വിശദമായ വിലയിരുത്തലിനായി ഈ നിർദേശം അൽ സല്ലുമിന്റെ സമിതിക്ക് കൈമാറിയിട്ടുണ്ട്.

കൈപ്പത്തി കൊണ്ട് സ്‌കാൻ ചെയ്യുന്ന, അതായത് 'പാം സ്‌കാൻ പെയ്‌മെന്റ് സംവിധാനം ആഗോളതലത്തിൽ, പ്രത്യേകിച്ച് ചൈനയിൽ വലിയ രീതിയിൽ മുന്നേറ്റം നേടിയിട്ടുണ്ട്. ടെൻസെന്റ് പോലുള്ള കമ്പനികളാണ് ഈ സാങ്കേതികവിദ്യക്ക് തുടക്കമിട്ടത്. ഈ സംവിധാനം ഇൻഫ്രാറെഡ് ക്യാമറകൾ പോലുള്ള നൂതന ബയോമെട്രിക് ടൂളുകൾ ഉപയോഗിച്ച് വിരലടയാളങ്ങളും സിരകളുടെ പാറ്റേണുകളും തിരിച്ചറിയുന്നു. ഉപയോക്ത്യ രജിസ്‌ട്രേഷൻ, പണം അടക്കുന്ന സ്ഥലത്ത് കൈ സ്‌കാൻ ചെയ്യുക, ബയോമെട്രിക് പരിശോധന, ഇടപാട് പ്രോസസ്സിങ് എന്നിവയാണ് ഈ പ്രക്രിയയിലെ പ്രധാന നാല് ഘട്ടങ്ങൾ. ചൈനയിലെ സബ്വേകളിലും കൺവീനിയൻസ് സ്റ്റോറുകളിലും മറ്റ് സേവന കേന്ദ്രങ്ങളിലും ഇത് ഇതിനകം ഉപയോഗത്തിലുണ്ട്.

ഈ സംവിധാനം ബഹ്‌റൈനിൽ ഒറ്റരാത്രി കൊണ്ട് നടപ്പിലാക്കാൻ കഴിയുന്നതാണെന്ന അവകാശവാദമില്ല, സുരക്ഷയും വിശ്വാസ്യതയും ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ അധികൃതരെയും ഉൾപ്പെടുത്തി ഒരു പൂർണ പഠനം നടത്തണമെന്ന് അൽ സല്ലും പറഞ്ഞു. പൊതുജനങ്ങളുടെ വിശ്വാസവും ഡാറ്റാ സംരക്ഷണവും ഉറപ്പാക്കിക്കൊണ്ട് ഡിജിറ്റൽ നവീകരണത്തോടുള്ള ബഹ്‌റൈന്റെ തുറന്ന സമീപനത്തെയും അൽ സല്ലും വ്യക്തമാക്കി.

എം.പി ഖാലിദ് ബു അനക്, കൈ സ്‌കാനിങ് പെയ്‌മെന്റുകളുടെ പ്രായോഗികതയും സൗകര്യവും എടുത്തുപറഞ്ഞു. നിങ്ങൾക്ക് ഒരു കാർഡിന്റെയോ, മൊബൈൽ ഫോണിന്റെയോ ആവശ്യമുണ്ടാകില്ല, അത് ഓഫായിരുന്നാലും ബാറ്ററി തീർന്നാലും പേയ്‌മെന്റുകൾ നൽകാൻ നിങ്ങളുടെ കൈ മാത്രം മതിയാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത് വളരെ സുരക്ഷിതവും ഉപയോക്തൃ സൗഹൃദവുമായ സാങ്കേതികവിദ്യയാണ്, ഇത് ദൈനംദിന ഇടപാടുകളിലെ തടസ്സങ്ങൾ കുറയ്ക്കുമെന്നും ബു അനക് കൂട്ടിച്ചേർത്തു. ബെനിഫിറ്റ്‌പേയോ മറ്റ് സംവിധാനങ്ങളോ മാറ്റിസ്ഥാപിക്കുന്നതിനെ കുറിച്ചല്ല; ആളുകളുടെ ജീവിതം എളുപ്പമാക്കാൻ മറ്റൊരു സുരക്ഷിത ഓപ്ഷൻ വാഗ്ദാനം ചെയ്യുകയാണിതെന്നും അദ്ദേഹം പറഞ്ഞു.

സംവിധാനം നടപ്പാക്കാനുള്ള കൂടുതൽ സാധ്യതകളെ വിലയിരുത്താൻ സാമ്പത്തിക കാര്യ സമിതി സി.ബി.ബിയുമായും മറ്റ് പ്രധാന സ്ഥാപനങ്ങളുമായും കൂടിയാലോചിച്ച് ചർച്ച ചെയ്യും. കൂടാതെ സാങ്കേതിക, നിയമപരവും വാണിജ്യപരവുമായ പ്രത്യാഘാതങ്ങളെ കുറിച്ച് പഠിക്കും. പദ്ധതി അംഗീകരിക്കുകയാണെങ്കിൽ, ഈ ബയോമെട്രിക് പെയ്‌മെന്റ് രീതി പരീക്ഷിക്കുന്ന മേഖലയിലെ ആദ്യ രാജ്യങ്ങളിലൊന്നായി ബഹ്റൈൻ മാറും.

Content Highlights- Proposal to launch hand scan payments in Bahrain

Proposal to launch hand scan payments in Bahrain

dot image
To advertise here,contact us
dot image