മലയാളികളിൽ ചിലരുടെ അനാവശ്യമായ സോഷ്യൽ മീഡിയ ഇടപെടൽ നിമിഷയുടെ മോചനത്തെ സങ്കീർണമാക്കി: പ്രതികരിച്ച് ആക്ഷൻ കൗൺസിൽ

അഞ്ചുവർഷത്തെ നീണ്ട പ്രയത്നത്തിനൊടുവിൽ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്ന വേളയിൽ ഉസ്താദിന്റെ ശ്രമങ്ങൾക്ക് നാം ഒരുമിച്ച് പിന്തുണ നൽകണമെന്നും നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍ പ്രസ്താവനയില്‍ പറഞ്ഞു

dot image

ന്യൂഡൽഹി: ചിലരുടെ വാക്കുകളും പ്രവര്‍ത്തനങ്ങളും യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയുടെ മോചന ശ്രമങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് നിമിഷപ്രിയ ഇന്റര്‍നാഷണല്‍ ആക്ഷന്‍ കൗണ്‍സില്‍. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാധനത്തിന്റെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബാംഗങ്ങളുമായി തുടരുന്ന ചര്‍ച്ച സങ്കീര്‍ണമാകുന്ന സാഹചര്യമുണ്ടായിരിക്കുകയാണ്. ഇരയുടെ കുടുംബം ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ചുകൊണ്ടും അവരെ അവഹേളിച്ചുകൊണ്ടും ചില മീഡിയകളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ യെമനില്‍ പ്രചരിച്ചത് മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് തയാറായ കുടുംബത്തിലെ കാരണവര്‍ക്കെതിരെ യുവാക്കള്‍ പ്രതിഷേധം നടത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിച്ചെന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

'ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് മലയാളികൾക്ക് തന്നെ അപമാനകരമായ കാര്യമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്കാണ് ഇപ്പോൾ പ്രയാസം നേരിടുന്നത്. ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തർക്കങ്ങളും റേറ്റിങ് വർദ്ധിപ്പിക്കാനുള്ള വാർത്തകളും നടത്തരുതെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്. അത്തരം താല്പര്യമുള്ള ആളുകൾക്ക് ദൃശ്യത നൽകാതെ മാറ്റി നിർത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാവണം. സോഷ്യൽ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും മലയാളി സമൂഹത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു'- ആക്ഷന്‍ കൗണ്‍സില്‍ പറയുന്നു.

നിമിഷയുടെ വധശിക്ഷ താൽക്കാലികമായി മാറ്റിവയ്ച്ചുളള ഉത്തരവ് മാത്രമാണ് ഉണ്ടായിട്ടുളളതെന്നും ദിയാമണിയുടെ കാര്യത്തിലും മാപ്പ് നൽകുന്ന കാര്യത്തിലും കുടുംബം ഉറപ്പുനൽകുന്നത് വരെ നമ്മുടെ ശ്രമങ്ങൾ പൂർണമായി വിജയിക്കുന്നില്ലെന്നും ആക്ഷന്‍ കൗണ്‍സില്‍ പറഞ്ഞു. 'നമ്മൾ നടത്തുന്ന അനാവശ്യമായ തർക്കങ്ങളുടെ നഷ്ടഫലങ്ങൾ അനുഭവിക്കേണ്ടി വരിക നിമിഷയാണ്. ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള തർക്കവിതർക്കങ്ങൾ എല്ലാവരും ഒഴിവാക്കുക. നിമിഷ മോചിതയായി നാട്ടിലെത്തുന്നത് വരെയെങ്കിലും സംയമനം പാലിക്കണം. അഞ്ചുവർഷത്തെ നീണ്ട പ്രയത്നത്തിനൊടുവിൽ നമ്മുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്ന ഈ വേളയിൽ ഉസ്താദിന്റെ ശ്രമങ്ങൾക്ക് നാം ഒരുമിച്ച് പിന്തുണ നൽകണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.'-പ്രസ്താവനയില്‍ പറയുന്നു.'

സേവ് നിമിഷ പ്രിയ ഇന്റർനാഷനൽ ആക്ഷൻ കൗൺസിൽ ചെയർപേഴ്സൺ പി എം ജാബിർ, ജനറൽ കൺവീനർ ജയൻ എടപ്പാൾ, ജോ. കൺവീനർ ആഷിക് മുഹമ്മദ്‌ നാസർ, ട്രഷറർ കുഞ്ഞഹമ്മദ് കൂരാച്ചുണ്ട്, നിയമ സമിതി കൺവീനർ അഡ്വ. സുഭാഷ് ചന്ദ്രൻ, കോർ കമ്മിറ്റി അംഗങ്ങളായ സജീവ് കുമാർ, ആസാദ് എം തിരൂർ, റഫീഖ് റാവുത്തർ എന്നിവർ ഒപ്പിച്ച പ്രസ്താവനയാണ് പുറത്തിറക്കിയിരിക്കുന്നത്.

പ്രസ്താവനയുടെ പൂർണരൂപം

പ്രിയപ്പെട്ടവരെ,

നിമിഷ പ്രിയയുടെ മോചന ശ്രമങ്ങൾക്കായി അഞ്ച് വർഷമായി ഞങ്ങളുടെ ആക്ഷൻ കൗൺസിൽ നിയമ പോരാട്ടങ്ങളും നയതന്ത്ര ഇടപെടലുകളും ഉൾപ്പെടെ നിരന്തരമായ പരിശ്രമങ്ങൾ നടത്തുന്നു. പക്ഷെ കേസിന്റെ കാര്യത്തിൽ ഇന്ന് വരെ യാതൊരു പുരോഗതിയും ഉണ്ടായിരുന്നില്ല. ആദരണീയരായ ഇന്ത്യൻ ഗ്രാൻഡ് മുഫ്തി ശ്രീ. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിലൂടെയാണ് അഞ്ചുവർഷത്തെ നിയമ പോരാട്ടങ്ങൾ കൊണ്ട് ലഭിക്കാത്ത ആശ്വാസകരമായ നേട്ടമുണ്ടാക്കുന്നത്. ഇരയുടെ കുടുംബവുമായി ആശയവിനിമയം നടത്താനും മധ്യസ്ഥ നീക്കങ്ങൾ ഉണ്ടാക്കാനും താൽകാലികമായി വധശിക്ഷ നടപ്പാക്കുന്നത് മാറ്റിവെക്കാനും കാന്തപുരം ഉസ്താദിന്റെ ഇടപെടലിലൂടെ സാധിച്ചത് നിമിഷയുടെ കേസിന്റെ കാര്യത്തിലെ ഏറ്റവും വലിയ വിജയമാണ്.

പക്ഷേ, നിമിഷയുടെ മോചനത്തിന് വേണ്ടി പ്രവർത്തിക്കുന്ന ഞങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും ആഹ്ലാദകരമായ ഒരു സമയമായിട്ടും അങ്ങേയറ്റം വിഷമകരമായ ഒരു അവസ്ഥയിലൂടെയാണ് ഞങ്ങൾ കടന്നു പോകുന്നത്. വധശിക്ഷ നീട്ടിവെച്ച ശേഷവും ദിയാമണിയുടെ കാര്യത്തിലും മറ്റും കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രതിനിധി സംഘം ഇരയുടെ കുടുംബങ്ങളുമായി ദമാറിൽ തുടർന്നു കൊണ്ടിരുന്ന ചർച്ച സങ്കീർണ്ണമാകുന്ന രൂപത്തിലേക്ക് വഴിമാറുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഇരയുടെ കുടുംബം ഏറ്റവും ആദരിക്കുന്ന സൂഫി ഗുരുവായ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളിന്റെ ഇടപെടലുകളെ നിഷേധിച്ച് കൊണ്ടും അവരെ അവഹേളിച്ച് കൊണ്ടും ചില മീഡിയകളിൽ വന്ന ചില റിപ്പോർട്ടുകൾ യമനിൽ പ്രചരിച്ചത് കാരണം മധ്യസ്ഥ ചർച്ചകൾക്ക് തയ്യാറായ കുടുംബത്തിലെ കാരണവന്മാർക്കെതിരെ യുവാക്കൾ പ്രതിഷേധം നടത്തുന്ന സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നു.

അങ്ങേയറ്റം വേദനാ ജനകമായ ഒരു കാര്യമാണിത്. ചിലരുടെ വാക്കുകളും പ്രവർത്തനങ്ങളും നിമിഷയുടെ മോചന ശ്രമങ്ങളെ കൂടുതൽ സങ്കീർണ്ണമാക്കുന്നത് മലയാളികൾക്ക് തന്നെ അപമാനകരമായ കാര്യമാണ്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ സുഖമമായി നടന്നിരുന്ന മധ്യസ്ഥ ചർച്ചകൾക്കാണ് ഇപ്പോൾ പ്രയാസം നേരിടുന്നത്. ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയം വെച്ചുകൊണ്ട് ക്രെഡിറ്റിന് വേണ്ടിയുള്ള തർക്കങ്ങളും റേറ്റിങ് വർദ്ധിപ്പിക്കാനുള്ള വാർത്തകളും നടത്തരുതെന്ന് ഞങ്ങൾ വിനയപൂർവ്വം അഭ്യർത്ഥിക്കുകയാണ്. അത്തരം താല്പര്യമുള്ള ആളുകൾക്ക് ദൃശ്യത നൽകാതെ മാറ്റി നിർത്താൻ മാധ്യമ സ്ഥാപനങ്ങൾ തയ്യാറാവണം. സോഷ്യൽ മീഡിയയിലും മറ്റും നടത്തുന്ന അനാവശ്യമായ ഇടപെടലുകളും സംവാദങ്ങളും ദയവു ചെയ്ത് ഒഴിവാക്കണമെന്നും മലയാളി സമൂഹത്തോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു.

നിമിഷയുടെ കേസിൽ ഇനിയും ഒരുപാട് പുരോഗതികൾ ഉണ്ടാകേണ്ടതുണ്ട്. താൽക്കാലികമായി ശിക്ഷ മാറ്റിവെക്കുന്ന ഉത്തരവ് മാത്രമേ ഇപ്പോൾ ഉണ്ടായിട്ടുള്ളൂ. സൂഫി പണ്ഡിതന്റെ നേതൃത്വത്തിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ദിയാമണിയുടെ കാര്യത്തിലും മാപ്പ് നൽകുന്ന കാര്യത്തിലും കുടുംബം ഉറപ്പുനൽകുന്നത് വരെ നമ്മുടെ ശ്രമങ്ങൾ പൂർണമായി വിജയിക്കുന്നില്ല. നമ്മൾ നടത്തുന്ന അനാവശ്യമായ തർക്കങ്ങളുടെ നഷ്ടഫലങ്ങൾ അനുഭവിക്കേണ്ടി വരിക നിമിഷയാണ്. ദയവു ചെയ്ത് നിമിഷയുടെ ജീവൻ പണയപ്പെടുത്തിക്കൊണ്ടുള്ള തർക്കവിതർക്കങ്ങൾ എല്ലാവരും ഒഴിവാക്കുക. നിമിഷ മോചിതയായി നാട്ടിലെത്തുന്നത് വരെയെങ്കിലും സംയമനം പാലിക്കണം. അഞ്ചുവർഷത്തെ നീണ്ട പ്രയത്നത്തിനൊടുവിൽ നമ്മുടെ ശ്രമങ്ങൾ ഫലപ്രാപ്തിയിലെത്തുന്ന ഈ വേളയിൽ ഉസ്താദിന്റെ ശ്രമങ്ങൾക്ക് നാം ഒരുമിച്ച് പിന്തുണ നൽകണമെന്നും മറ്റെല്ലാ അപസ്വരങ്ങളെയും ഒഴിവാക്കണമെന്നും അഭ്യർത്ഥിക്കുന്നു.

Content Highlights: Don't risk Nimisha's life by arguing for credit and reporting news for ratings: Action Council

dot image
To advertise here,contact us
dot image