മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി വി പത്മരാജന്‍ അന്തരിച്ചു

വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം

dot image

കൊല്ലം: മുൻ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും കെപിസിസി മുന്‍ പ്രസിഡന്റുമായിരുന്ന സി വി പത്മരാജന്‍(93)അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവെച്ചായിരുന്നു അന്ത്യം. കെ കരുണാകന്റെയും എ കെ ആന്റണിയുടെയും മന്ത്രിസഭകളില്‍ അംഗമായിരുന്നു. 1983–87 വരെ കെപിസിസി പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

സി വി പത്മരാജന്റെ മരണത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ യും അനുശോചനം അറിയിച്ചു. ഭരണാധികാരി, പാര്‍ലമെന്റേറിയന്‍, അഭിഭാഷകന്‍, സഹകാരി എന്നിങ്ങനെ വ്യത്യസ്ത തലങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച നേതാവായിരുന്നു സി വി പത്മരാജന്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടപെടുന്ന വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുന്നതിൽ അദ്ദേഹം മികച്ച അഭിഭാഷകന്റെ ചാതുര്യം കാണിച്ചിരുന്നു.

രാഷ്ട്രീയമായി വ്യത്യസ്ത ചേരിയിൽ നിൽക്കുമ്പോഴും ഊഷ്മളമായ വ്യക്തിബന്ധം കാത്തുസൂക്ഷിക്കാനും ശ്രദ്ധിച്ചിരുന്നു. .

ലാളിത്യവും രാഷ്ട്രീയ അഭിപ്രായങ്ങളിലെ ദൃഢതയും ആയിരുന്നു പത്മരാജൻ വക്കീലിന്റെ മുഖമുദ്രയെന്നും മുഖ്യമന്ത്രി പറഞ്ഞു.

മതേതരവാദിയും മനുഷ്യ സ്നേഹിയുമായ പൊതുപ്രവര്‍ത്തകനായിരുന്നു സി വി പത്മരാജന്‍ വക്കീലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് മേല്‍വിലാസം ഉണ്ടാക്കിയ നേതാവാണ് അദ്ദേഹം. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വന്തമായൊരു ആസ്ഥാന മന്ദിരമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കിയത് പത്മരാജന്‍ വക്കീലാണ്. പത്മരാജന്‍ വക്കീലിന്റെ വിയോഗം പ്രസ്ഥാനത്തിന് നികത്താനാകത്ത നഷ്ടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സി വി പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് കെപിസിസി ജൂലൈ 17,18 തീയതികളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നേ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചു.

പരവൂര്‍ കുന്നത്ത് വേലു വൈദ്യര്‍- കെ എം തങ്കമ്മ ദമ്പതികളുടെ മകനായി 1931 ജൂലൈ 22നാണ് സി വി പത്മരാജന്റെ ജനനം. ഭാര്യ അഭിഭാഷകയായ വസന്തകുമാരി. മക്കള്‍ അജി (മുന്‍ പ്രൊജക്ട് മാനേജര്‍ ഇന്‍ഫോസിസ്), അനി (വൈസ് പ്രസിഡന്റ്, വോഡോഫോണ്‍-ഐഡിയ, മുംബൈ) മരുമകള്‍ സ്മിത.

Content Highlights- Former minister, senior Congress leader and former KPCC president C.V. Padmarajan passes away

dot image
To advertise here,contact us
dot image