
ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയിട്ടും ഇംഗ്ലണ്ട് ടീമിന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിനാണ് ബെന്‍ സ്റ്റോക്‌സിനും സംഘത്തിനുമെതിരെ ഐസിസി നടപടി സ്വീകരിച്ചത്. മാച്ച് ഫീയുടെ 10 ശതമാനം പിഴയും 2025-27 ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ രണ്ട് പോയിന്റിന്റെ കുറവുമാണ് ഇംഗ്ലണ്ട് ടീമിന് ലഭിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യന്‍ ടീം ശിക്ഷ ലഭിക്കാതെ രക്ഷപ്പെടുകയും ചെയ്തു.
ഇതിന് പിന്നാലെ കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ നായകന്‍ മൈക്കല്‍ വോണ്‍. ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ട് ടീമുകളുടെയും ഓവര്‍ നിരക്ക് വളരെ കുറവായിരുന്നുവെന്നാണ് വോണ്‍ ചൂണ്ടിക്കാട്ടിയത്. എന്നിട്ടും ഒരു ടീമിനെതിരെ മാത്രം നടപടി സ്വീകരിക്കുന്നത് എങ്ങിനെയാണെന്ന് മനസ്സിലാകുന്നില്ലെന്നും വോണ്‍ തുറന്നടിച്ചു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു വോണിന്റെ പ്രതികരണം.
Let’s be honest both teams over rates at Lords were very very poor .. How only 1 team has been reprimanded is beyond me .. #ENGvsIND
— Michael Vaughan (@MichaelVaughan) July 16, 2025
കുറഞ്ഞ ഓവർ നിരക്ക് പണിയായതോടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്തായി. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു തോല്‍വിയുമാണ് ഇംഗ്ലണ്ടിനുള്ളത്. ലോര്‍ഡ്‌സ് ടെസ്റ്റില്‍ 22 റണ്‍സിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് തകര്‍ത്തത്. അഞ്ച് ടെസ്റ്റുകള്‍ ഉള്‍പ്പെടുന്ന പരമ്പരയില്‍ 2-1ന്റെ ലീഡും നേടി.
Content Highlights: Michael Vaughan slams ICC decision for only docking points from ENG for slow over rate at Lord’s