
പാവകളും ടെഡി ബെയറുകളുമൊക്കെ എന്നും എല്ലാവരുടെയും പ്രിയപ്പെട്ടതാണ്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ഏറ്റവും കൂടുതല്‍ ഇഷ്ടമുള്ള കളിപ്പാട്ടങ്ങളാണ് ഇവയൊക്കെ. എന്നാല്‍ ഇപ്പോള്‍ ഭീകരത തോന്നിക്കുന്ന ഒരു ടെഡി ബെയറാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. യുഎസിലെ കാലിഫോര്‍ണിയയിലാണ് സംഭവം. റോഡിലെ ഒരു ഗ്യാസ് സ്‌റ്റേഷന് സമീപം മനുഷ്യ ചര്‍മ്മം കൊണ്ട് നിര്‍മ്മിച്ചതായി തോന്നിക്കുന്ന ഒരു വിചിത്രമായ ടെഡി ബെയറിനെ കണ്ടെത്തുകയായിരുന്നു.
ഈ ടെഡി ബെയറിന് മനുഷ്യന്റേതിന് സമാനമായ കണ്ണുകളും മൂക്കും ചുണ്ടുമൊക്കെ ഉണ്ടായിരുന്നു. മനുഷ്യന്റെ തൊലി തുന്നിച്ചേര്‍ത്തതു പോലെയായിരുന്നു ആ പാവയുടെ ശരീരം. കൂടാതെ രക്തക്കറകളെന്ന് തോന്നിക്കുന്ന പാടുകളും ആ പാവയില്‍ കാണാമായിരുന്നു. ഒടുവില്‍ പ്രദേശവാസികള്‍ അറിയച്ചതിനെ തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ ഈ പാവയെ കുറിച്ച് അന്വേഷണം നടത്തി. പാവ ലാബില്‍ അയച്ച് പരിശോധന നടത്തിയപ്പോളാണ് എല്ലാവര്‍ക്കും സമാധാനമായത്. ടെഡി ബെയര്‍ നിര്‍മിച്ചിരിക്കുന്നത് മനുഷ്യചര്‍മ്മമല്ലെന്ന് പരിശോധനാ ഫലത്തില്‍ കണ്ടെത്തി.
മനുഷ്യ തൊലി കൊണ്ട് നിര്‍മിച്ചിരിക്കുന്ന പാവകള്‍ എന്ന അവകാശവാദത്തോടെ ഒരു വെബ്സൈറ്റില്‍ ഈ പാവകളെ വില്‍ക്കുന്നതായി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ പാവ നിര്‍മിച്ചതും ആ വെബ്‌സൈറ്റിന്റെ ഉടമ തന്നെയായിരുന്നു. തന്റെ പാവകള്‍ മുഷ്യശരീരം കൊണ്ടല്ലെന്നും ലാറ്റക്‌സ് കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും മനുഷ്യ ചര്‍മ്മത്തിന്റെ രൂപം പകര്‍ത്താന്‍ എല്ലാത്തരം ചായങ്ങളും ഉപയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. സാധാരണ ഹലോവീന്‍ പ്രദര്‍ശനങ്ങള്‍ക്കും സിനിമാ സെറ്റുകളിലുമാണ് ഈ പാവ ഉപയോഗിക്കുന്നതെന്നും അയാള്‍ പറഞ്ഞു.
Content Highlights: human skin teddy bear found on california