ഇരട്ടക്കൊലയ്ക്ക് പിന്നിൽ മുൻവൈരാഗ്യം; അസം സ്വദേശി ഏക പ്രതി; തിരുവാതുക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കോട്ടയം മജിസ്ട്രറ്റ് കോടതിയില്‍ കോട്ടയം വെസ്റ്റ് പൊലീസാണ് 750 പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്

dot image

കോട്ടയം: തിരുവാതുക്കല്‍ ഇരട്ട കൊലപാതകത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കോട്ടയം മജിസ്ട്രറ്റ് കോടതിയില്‍ കോട്ടയം വെസ്റ്റ് പൊലീസാണ് 750 പേജുളള കുറ്റപത്രം സമര്‍പ്പിച്ചത്. അസം സ്വദേശി അമിത് ഒറാങ്ങയാണ് കേസിലെ പ്രതി. മുന്‍ വൈരാഗ്യത്തെ തുടര്‍ന്ന് പ്രതി കോടാലി ഉപയോഗിച്ച് ദമ്പതിമാരെ കൊലപ്പെടുത്തി എന്നാണ് കുറ്റപത്രത്തിലെ പരാമര്‍ശം. കേസില്‍ 67 സാക്ഷികളാണ് ഉള്ളത്.

ഇക്കഴിഞ്ഞ ഏപ്രില്‍ 22 നാണ് പ്രമുഖ വ്യവസായിയും കോട്ടയം ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമയുമായ വിജയകുമാര്‍ (64) ഭാര്യ മീര (60) എന്നിവരെ തിരുവാതുക്കല്‍ എരുത്തിക്കല്‍ ക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിജയകുമാറിന്റെ സ്ഥാപനത്തിലെ മുന്‍ ജോലിക്കാരനായിരുന്ന അമിത് ഒറാങ്ങി(24)നെ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതിമാരെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ഇയാളുട സഹോദരന്റെ കോഴിഫാമില്‍ നിന്നാണ് പൊലീസ് പിടികൂടിയത്.

ദമ്പതിമാരുടെ കൊലപാതകം വ്യക്തിവൈരാഗ്യത്തെത്തുടര്‍ന്നുള്ള ആസൂത്രിത കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിലാണ് കേസില്‍ പൊലീസ് അന്വേഷണം ആരംഭിച്ചത്. പ്രതിയുടെ കുറ്റസമ്മതമൊഴി, ശാസ്ത്രീയ തെളിവുകള്‍, സാഹചര്യ തെളിവുകള്‍ എന്നിവയെല്ലാം പൊലീസിന്റെ പ്രാഥമിക നിഗമനം ശരിവെയ്ക്കുന്നായിരുന്നു.

2024 ഫെബ്രുവരി മുതല്‍ വിജയ കുമാറിന്റെ വീട്ടിലും ഓഡിറ്റോറിയത്തിലും പ്രതിയും ഭാര്യയും ജോലിചെയ്തിരുന്നു. എന്നാല്‍ 20 ദിവസത്തെ ശമ്പളം കുടിശ്ശികയായി. ഇതിനിടെ അമിത്തും ഭാര്യയും നാട്ടില്‍ പോയി. ഇവരെ വിജയകുമാര്‍ വീണ്ടും വിളിച്ചുവരുത്തി 10 ദിവസം വീണ്ടും ജോലി ചെയ്യിപ്പിച്ചു. അടുത്തമാസം ശമ്പളം തരാമെന്ന് വിജയകുമാര്‍ പ്രതിയോട് പറഞ്ഞത് വിരോധത്തിന് കാരണമായി. ഈ വിരോധത്തെ തുടര്‍ന്ന് പ്രതി വിജയകുമാറിന്റെ ഫോണ്‍ മോഷ്ടിച്ച് തന്റെ അക്കൗണ്ടിലേക്ക് രണ്ടേകാല്‍ ലക്ഷം രൂപയോളം ട്രാന്‍സ്ഫര്‍ ചെയ്തു.

പണം നഷ്ടമായതറിഞ്ഞതോടെ വിജകുമാര്‍ സൈബര്‍സെല്ലിൽ പരാതി നല്‍കുകയും അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. പിടിക്കപ്പെടുമെന്നുറപ്പായതോടെ പ്രതി പണം തിരികെ നല്‍കാമെന്ന് പറഞ്ഞു. എന്നാല്‍ വിജയകുമാര്‍ കേസില്‍ നിന്ന് പിന്മാറാൻ തയ്യാറായില്ല. സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അഞ്ച് മാസത്തോളം ജയിലിലായിരുന്നു. ജാമ്യത്തിലിറങ്ങിയ ശേഷവും കേസ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതി വിജയകുമാറിനെ കണ്ടിരുന്നു. എന്നാല്‍ കേസ് പിന്‍വലിക്കാന്‍ വിജയകുമാര്‍ തയ്യാറാവാത്തത് പ്രതിയില്‍ പകക്ക് കാരണമായി. വിജയകുമാറിനെ കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടെ കോട്ടയത്ത് മുറിയെടുത്താണ് പ്രതി കുറ്റകൃത്യം നടത്തിയത്.

Content Highlights: Thiruvathikkal double murder; Assam native sole accused

dot image
To advertise here,contact us
dot image