'പൃഥ്വി ഷായെ പോലെ സ്വയം നശിക്കരുത്, ഇതുപോലെ മുന്നോട്ടുപോകണം'; വൈഭവിന് മുന്നറിയിപ്പുമായി ആരാധകര്‍

ഇന്ത്യയില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും താരത്തിന് ആരാധക പിന്തുണ ഉയരുകയാണ്

dot image

ഇന്ത്യന്‍ ക്രിക്കറ്റിലെ വണ്ടര്‍ കിഡെന്നും ഭാവി സൂപ്പര്‍ താരമെന്നും വിശേഷിപ്പിക്കപ്പെടുന്ന വൈഭവ് സൂര്യവംശി തൊടുന്നതെല്ലാം പൊന്നാക്കി മാറ്റുകയാണ്. ഐപിഎല്ലില്‍ മികവ് തെളിയിച്ചതിന് പിന്നാലെ കഴിഞ്ഞ മാസം ഇന്ത്യന്‍ ജൂനിയര്‍ ടീമിനൊപ്പം പല റെക്കോര്‍ഡുകളും കുറിക്കാന്‍ 14കാരന് സാധിച്ചിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിലുള്ള ഇന്ത്യന്‍ അണ്ടര്‍-19 ടീമിന്റെ ഓപ്പണറായി ഇറങ്ങി അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ് ഈ പതിനാലുകാരന്‍ കാഴ്ചവെക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ യൂത്ത് ഏകദിന പരമ്പരയില്‍ 48, 45, 86, 143, 33 എന്നീ സ്‌കോറുകളുമായി താരം തിളങ്ങി. പിന്നാലെ ഇന്ത്യയില്‍ മാത്രമല്ല, ഇംഗ്ലണ്ടിലും താരത്തിന് ആരാധക പിന്തുണ ഉയരുകയാണ്. ഈ സാഹചര്യത്തില്‍ കൗമാരതാരത്തിന് മുന്നറിയിപ്പ് നല്‍കിയും ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

ഇന്ത്യന്‍ താരം പൃഥ്വി ഷായുടെ അവസ്ഥ ചൂണ്ടിക്കാണിച്ചാണ് ഇവര്‍ വൈഭവിനോട് ശ്രദ്ധിക്കണമെന്ന് പറയുന്നത്. ഐപിഎല്ലില്‍ നിന്നടക്കം കോടിക്കണക്കിന് രൂപയാണ് വൈഭവിന് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ പണത്തിന്റെയും പ്രശസ്തിയുടെയും പിന്നാലെ പോയി ക്രിക്കറ്റിനെ മറന്നുകളയരുതെന്നാണ് ആരാധകര്‍ വൈഭവിനോട് പറയുന്നത്.

അടുത്തിടെ വൈഭവിനൊപ്പം ഫോട്ടോ എടുക്കാന്‍വേണ്ടി മാത്രം രണ്ട് പെണ്‍കുട്ടികള്‍ ആറ് മണിക്കൂര്‍ യാത്ര ചെയ്ത് എത്തിയത് വലിയ വാര്‍ത്തയായിരുന്നു. പണവും പ്രശസ്തിയും ഉള്ളപ്പോള്‍ ചുറ്റിലും എല്ലാവരും ഉണ്ടാകുമെന്നും അതിനുവേണ്ടി ക്രിക്കറ്റിനെ മറന്നാല്‍ പിന്നെ കൂടെ ആരും കാണില്ലെന്നുമാണ് ആരാധകര്‍ വൈഭവിന് മുന്നറിയിപ്പ് നല്‍കുന്നത്. ഇതുപോലെ തന്നെ മുന്നോട്ടുപോകണമെന്നും പൃഥ്വി ഷായുടേതിന് സമാനമായ വിധി അനുഭവിക്കേണ്ടി വരരുതെന്നുമാണ് ആരാധകര്‍ വൈഭവിനോട് പറയുന്നത്.

2018ല്‍ അണ്ടര്‍ 19 ലോകകിരീടം ഇന്ത്യയ്ക്ക് സമ്മാനിച്ച നായകനാണ് പൃഥ്വി ഷാ. ഇതോടെ ക്രിക്കറ്റ് ലോകത്ത് വളരെയധികം ശ്രദ്ധിക്കപ്പെട്ട താരം അതേവര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ചു. ആദ്യ ടെസ്റ്റ് മത്സരത്തില്‍ തന്നെ സെഞ്ച്വറി നേട്ടവും ഷാ സ്വന്തമാക്കിയിരുന്നു. എന്നാല്‍ പിന്നീട് പല കാരണങ്ങളാല്‍ താരം ടീമുകളില്‍ നിന്ന് പുറത്തായി. 2025ലെ ഐപിഎല്ലിന് മുമ്പായുള്ള മെഗാലേലത്തില്‍ താരത്തെ വാങ്ങാന്‍ ടീമുകള്‍ ആരും രംഗത്തെത്തിയിരുന്നില്ല.

Content Highlights: 'Don't Spoil Like Prithvi Shaw', Vaibhav Suryavanshi Given Massive Warning

dot image
To advertise here,contact us
dot image