ലോര്‍ഡ്‌സില്‍ ഇന്ത്യന്‍ താരത്തെ തടഞ്ഞ് സുരക്ഷാ ഉദ്യോഗസ്ഥര്‍; ഒടുവില്‍ രക്ഷയ്‌ക്കെത്തി ഡികെ, വീഡിയോ

താരം തന്റെ ഐഡന്റിറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടും ഗാർഡുകൾ അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല

dot image

ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയെ തടഞ്ഞുനിർത്തി സുരക്ഷാ ഉദ്യോ​ഗസ്ഥർ‌. ഇംഗ്ലണ്ടും ഇന്ത്യയും തമ്മിലുള്ള മൂന്നാം ടെസ്റ്റിനിടെയാണ് സംഭവം. പേര് പറഞ്ഞിട്ടും ജിതേഷിനെ തിരിച്ചറിയാൻ കഴിയാതിരുന്ന ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ താരത്തെ തടഞ്ഞുനിർ‌ത്തുകയായിരുന്നു. തുടർന്ന് ഇന്ത്യയുടെ മുൻ താരമായ ദിനേഷ് കാർത്തിക് എത്തി ഇടപെട്ടാണ് ജിതേഷിനെ അകത്തേക്ക് കടത്തിവിട്ടത്. ആരാധകരിലൊരാള്‍ പകര്‍ത്തിയ ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരിക്കുകയാണ്.

ലോർഡ്സ് സ്റ്റേഡിയത്തിന് പുറത്തെ വലിയ ജനക്കൂട്ടത്തിനിടയിലൂടെ സ്റ്റേഡിയത്തിലേക്ക് കടക്കാൻ ശ്രമിച്ച ജിതേഷ് ശർമ്മയെ കവാടത്തിൽ തടഞ്ഞ സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന ആവശ്യപ്പെട്ടു. താരം തന്റെ ഐഡന്റിറ്റി വിശദീകരിക്കാൻ ശ്രമിച്ചിട്ടും ഗാർഡുകൾ അദ്ദേഹത്തെ അകത്തേക്ക് പ്രവേശിക്കാൻ അനുവദിച്ചില്ല.

താന്‍ ജിതേഷ് ശര്‍മയാണെന്നും ഇന്ത്യന്‍ ക്രിക്കറ്ററാണെന്നുമെല്ലാം സെക്യൂരിറ്റി ഗാര്‍ഡുകളോടു പറയുന്നത് വീഡിയോയില്‍ കാണാമെങ്കിലും അവരില്‍ ആരും തന്നെ അദ്ദേഹത്തെ തിരിച്ചറിഞ്ഞില്ല. നിങ്ങളെ അറിയില്ലെന്നും സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ലെന്നും അവര്‍ ജിതേഷിനോട് ഉറപ്പിച്ചു പറയുകയും ചെയ്തു.

ഇതോടെ ജിതേഷ് നിരാശനും നിസ്സഹായനുമായി നില്‍ക്കവേയാണ് സ്റ്റേഡിയത്തിനു അകത്തേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുന്ന ദിനേശ് കാര്‍ത്തിക്കിനെ കണ്ടത്. ഡികെയെ കണ്ടതോടെ കൈയുയര്‍ത്തി ദൂരെ നിന്നും ജിതേഷ് വിളിച്ചെങ്കിലും ഫലമുണ്ടായില്ല. കൈയിലുള്ള മൊബൈല്‍ ഫോണിലേക്കു നോക്കി അദ്ദേഹം അകത്തേക്കു കയറാന്‍ തുടങ്ങുകയായിരുന്നു. താന്‍ ബഹളം വയ്ക്കുന്നത് ഡികെ കേട്ടില്ലെന്നു മനസ്സിലായതോടെ ജിതേഷ് സ്വന്തം ഫോണില്‍ നിന്നും അദ്ദേഹത്തെ വിളിക്കുകയായിരുന്നു.

കോള്‍ എടുത്ത ശേഷം പുറത്തേക്കു വന്ന ഡികെ സുരക്ഷാ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ജിതേഷിനെ സ്റ്റേഡിയത്തില്‍ പ്രവേശിക്കാന്‍ സഹായിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചതിനാല്‍ ദിനേഷ് കാര്‍ത്തിക്കുമായി അടുത്ത ബന്ധമാണ് ജിതേഷിനുള്ളത്.

Content Highlights: ENG v IND 2025: Jitesh Sharma denied entry at Lord's for third Test; calls Dinesh Karthik for help, Video

dot image
To advertise here,contact us
dot image