
ഐപിഎൽ 2025ൽ ലഖ്നൗ സൂപ്പർ ജയന്റ്സിനായി തിളങ്ങിയ യുവസ്പിന്നർ ദിഗ്വേഷ് രാതി വീണ്ടും ക്രിക്കറ്റ് ലോകത്ത് തരംഗമാകുന്നു. ഒരു പ്രാദേശിക ട്വന്റി 20 ടൂർണമെന്റിൽ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റെടുത്ത് തിളങ്ങിയ രാതിയുടെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. ഐപിഎൽ ടീം ലഖ്നൗ സൂപ്പർ ജയന്റ്സും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയിൽ ദിഗ്വേഷിന്റെ എതിർ ടീമിന് വിജയിക്കാൻ 36 പന്തിൽ 113 റൺസ് വേണമായിരുന്നു. അഞ്ച് വിക്കറ്റ് ബാക്കിയുണ്ടായിരുന്നു. 15-ാം ഓവറിലാണ് ദിഗ്വേഷ് ബൗളിങ്ങിനെത്തിയത്. തുടർച്ചയായ അഞ്ച് പന്തുകളിൽ അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ദിഗ്വേഷ് എതിരാളികളെ ഓൾഔട്ടാക്കി. ആദ്യ നാല് പന്തുകളിൽ ബാറ്റർമാരെ ക്ലീൻ ബൗൾഡാക്കിയ രാതി അഞ്ചാം പന്തിൽ ബാറ്ററെ വിക്കറ്റിന് മുന്നിൽ കുരുക്കി. മത്സരത്തിലാകെ ഏഴ് വിക്കറ്റുകളാണ് ദിഗ്വേഷ് വീഴ്ത്തിയത്.
DIGVESH RATHI PICKED 5 WICKETS IN 5 DELIVERIES. 🤯pic.twitter.com/zXbgmSkXnG
— Mufaddal Vohra (@mufaddal_vohra) June 16, 2025
വീഡിയോ പങ്കുവെച്ചുകൊണ്ട് 'ഫൈവ് സ്റ്റാർ' എന്നാണ് ലഖ്നൗ സൂപ്പർ ജയന്റ്സ് സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. കഴിഞ്ഞ ഐപിഎൽ സീസണിൽ ലഖ്നൗവിനായി 13 മത്സരങ്ങളിൽ നിന്നായി 14 വിക്കറ്റുകൾ ദിഗ്വേഷ് വീഴ്ത്തിയിരുന്നു. എങ്കിലും താരത്തിന്റെ ബൗളിങ്ങിനെക്കാളും ചർച്ച ചെയ്യപ്പെട്ടത് ദിഗ്വേഷിന്റെ നോട്ട്ബൗക്ക് സെലിബ്രേഷനായിരുന്നു. വിക്കറ്റ് നേടിയ ഇരകളുടെ പേരുകൾ നോട്ട്ബുക്കിൽ കുറിക്കുന്നുവെന്ന് സൂചിപ്പിക്കുന്ന നോട്ട്ബുക്ക് സെലിബ്രേഷൻ ദിഗ്വേഷ് പലതവണ ഐപിഎൽ വേദികളിൽ നടത്തിയിരുന്നു. തുടർന്ന് മൂന്ന് തവണ താരത്തിന് പിഴശിക്ഷ വിധിക്കുകയും ഒരു മത്സരത്തിൽ നിന്ന് വിലക്ക് ലഭിക്കുകയും ചെയ്തിരുന്നു.
Content Highlights: Digvesh Rathi picked 5 wickets in 5 balls in local T20 match