
ശ്രീലങ്കൻ ക്രിക്കറ്റ് ടീമിന് കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കണമെന്ന ആവശ്യവുമായി സൂപ്പർതാരം ഏയ്ഞ്ചലോ മാത്യൂസ്. നാളെ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പായി സംസാരിക്കുകയായിരുന്നു മാത്യൂസ്. 2025ൽ നാല് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് ശ്രീലങ്കൻ ടീം കളിക്കുന്നത്. 2013ന് ശേഷം ഇതാദ്യമായാണ് (കൊവിഡ‍് മഹാമാരിയുടെ 2020 ഒഴിവാക്കി) ലങ്കൻ ടീം ഒരു വർഷം ഇത്രയും കുറവ് മത്സരങ്ങൾ കളിക്കുന്നത്. ഈ സാഹചര്യത്തിലാണ് മാത്യൂസിന്റെ പ്രതികരണം.
'സത്യം പറഞ്ഞാൽ ഇത് വളരെയധികം സങ്കടപ്പെടുത്തുന്നു. യുവതലമുറ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നു. ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫോർമാറ്റ് ടെസ്റ്റ് മത്സരങ്ങളാണ്. ശ്രീലങ്കൻ ടീമിന് കൂടുതൽ ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കണം. ഈ ടീമിലെ താരങ്ങൾ ടെസ്റ്റ് ക്രിക്കറ്റിനോട് ആവേശമുള്ളവരാണ്,' മാത്യൂസ് പറഞ്ഞു.
'വർഷം 10 ടെസ്റ്റ് മത്സരമെങ്കിലും ശ്രീലങ്കൻ ടീമിന് കളിക്കാൻ കഴിയണം. ഇംഗ്ലണ്ട്, ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾ വർഷത്തിൽ 15ലധികം ടെസ്റ്റ് മത്സരങ്ങൾ കളിക്കുന്നുണ്ട്. പക്ഷേ ശ്രീലങ്കയ്ക്ക് എന്തുകൊണ്ടാണ് കളിക്കാൻ മത്സരങ്ങൾ ഇല്ലാത്തത്? ശ്രീലങ്കയ്ക്ക് ടെസ്റ്റ് മത്സരങ്ങൾ അനുവദിക്കപ്പെട്ടാൽ തീർച്ചയായും ഞങ്ങൾ കളിക്കും. ശ്രീലങ്ക ലോകകിരീടങ്ങൾ വിജയിച്ചിട്ടുണ്ട്. ഒരു രാജ്യമെന്ന നിലയിൽ ക്രിക്കറ്റിനായി ഒരുപാട് സംഭാവനകൾ നൽകിയിട്ടുണ്ട്. അതുകൊണ്ട് ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട് ടീമുകളെപോലെ തന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാൻ ശ്രീലങ്കയ്ക്ക് അവകാശമുണ്ട്,' മാത്യൂസ് പ്രതികരിച്ചു.
തന്റെ വിരമിക്കൽ മത്സരത്തെക്കുറിച്ചും മാത്യൂസ് സംസാരിച്ചു. 'നാളെ ഗാലെയിൽ ആരംഭിക്കുന്നത് എന്റെ 100-ാമത്തെ ടെസ്റ്റ് മത്സരമാണ്. അതുകൊണ്ട് ഗാലെയിൽ വിരമിക്കാൻ ഞാൻ തീരുമാനിച്ചു. പക്ഷേ പ്രധാന കാരണം ശ്രീലങ്കയ്ക്ക് സമീപകാലത്ത് ടെസ്റ്റ് മത്സരങ്ങൾ വരാനില്ല എന്നതാണ്. ടെസ്റ്റ് ക്രിക്കറ്റിൽ ശ്രീലങ്കയുടെ അടുത്ത പരമ്പരയ്ക്കായി ഇനി ഒരു വർഷം കാത്തിരിക്കണം. അത് വലിയൊരു കാത്തിരിപ്പാണ്.' മാത്യൂസ് വിശദീകരിച്ചു.
'ടെസ്റ്റ് ക്രിക്കറ്റിൽ എനിക്ക് പകരക്കാരൻ ആകുന്ന താരം ആരായാലും അത് വലിയൊരു അവസരമാണ്. കാരണം അടുത്ത വർഷം വരെ അയാൾക്ക് ടെസ്റ്റ് കളിക്കാൻ കഴിയില്ല. അടുത്ത വർഷം എന്ത് സംഭവിക്കുമെന്ന് അറിയില്ല. അതുകൊണ്ട് ഒരു മത്സരം മാത്രം കളിച്ച് പരമ്പരയിലെ രണ്ടാം മത്സരത്തിൽ തന്നെ എന്റെ പകരക്കാന് അവസരം നൽകുകയാണ്.' മാത്യൂസ് വ്യക്തമാക്കി.
Content Highlights: Mathews calls for more Tests for Sri Lanka