
എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തുന്ന കരുണ്‍ നായരെ കുറിച്ച് വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുല്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ബിസിസിഐ പുറത്തുവിട്ട വീഡിയോയിലാണ് രാഹുല്‍ തന്റെ അടുത്ത സുഹൃത്തും മുന്‍ കര്‍ണാടക സഹതാരവുമായിരുന്ന കരുണിനെ കുറിച്ച് ഏറെ വൈകാരികമായി സംസാരിച്ചത്. ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുന്നതുവരെയുള്ള യാത്രയില്‍ കരുണ്‍ അനുഭവിച്ച യാതനകളെ കുറിച്ചും രാഹുല്‍ വീഡിയോയില്‍ തുറന്നുപറഞ്ഞു.
'വളരെ കാലമായി എനിക്ക് കരുണിനെ അറിയാം. അവന്‍ യുകെയില്‍ ക്രിക്കറ്റ് കളിക്കാനായി ചെലവഴിച്ച മാസങ്ങള്‍ അവന്‍ എത്രത്തോളം ഒറ്റപ്പെടല്‍ അനുഭവിച്ചെന്ന് എനിക്കറിയാം. ആ നാളുകള്‍ എത്ര കഠിനകരമായിരുന്നെന്നും അറിയാം. ഇതെല്ലാം സഹിച്ച് അദ്ദേഹം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അത് അവനെ പോലെ തന്നെ അവന്റെ കുടുംബത്തിനും അവന്റെ യാത്ര നേരിട്ട് കണ്ടവര്‍ക്കുള്ള ഞങ്ങളെ പോലുള്ള സുഹൃത്തുക്കള്‍ക്കും വളരെ സ്‌പെഷ്യലാണ്. വളരെ പ്രചോദനം നല്‍കുന്നതുമാണ്. കൂടാതെ അവന്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റ് കളിച്ചുണ്ടായ അനുഭവങ്ങളും പഠനങ്ങളുമൊക്കെ ഇവിടെ ടെസ്റ്റ് മാച്ചുകളിലെ പ്രകടനത്തില്‍ അവനെ സഹായിക്കും എന്ന പ്രതീക്ഷയുണ്ട്', രാഹുല്‍ പറഞ്ഞു.
A comeback story with Karun Nair 🔝
— BCCI (@BCCI) June 12, 2025
P.S. - A special message from KL Rahul 👌#TeamIndia | #ENGvIND | @karun126 | @klrahul pic.twitter.com/PeYCsNtnxv
കരുണിന്റെ തിരിച്ചുവരവില്‍ ഇന്ത്യന്‍ ഹെഡ് കോച്ച് ഗൗതം ഗംഭീറും നേരത്തെ പ്രശംസിച്ചിച്ചിരുന്നു. 'തിരിച്ചുവരവുകള്‍ ഒരിക്കലും എളുപ്പമല്ല. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒരാള്‍ വലിയ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം അത്ഭുതകരമായ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. നിങ്ങള്‍ നേടിയെടുത്ത റണ്‍സിന്റെ എണ്ണത്തിലുപരി ഒരിക്കലും വിട്ടുകൊടുക്കാത്ത മനോഭാവമാണ് നിങ്ങളെ ടീമിലെത്തിച്ചതും. അതുതന്നെയാണ് മുഴുവന്‍ ടീമിനെയും പ്രചോദിപ്പിക്കുന്നതും', എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.
ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് കരുണ്‍ നായരുടെ സാന്നിധ്യമായിരുന്നു. 2017ല്‍ അവസാന ടെസ്റ്റ് കളിച്ച കരുണ്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് ടീമിലേക്ക് അവസരമൊരുക്കിയത്.
ടെസ്റ്റില്‍ നേരത്തെ ട്രിപ്പിള്‍ സെഞ്ച്വറി അടക്കം നേടിയിരുന്ന കരുണ്‍ നായര്‍ക്ക് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമെല്ലാം വിരമിച്ച സാഹചര്യത്തില്‍ കരുണ്‍ നായര്‍ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.
Content Highlights: KL Rahul's Emotional Message For Karun Nair On India Recall