'ഈ അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുന്നു'; ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവില്‍ കരുണ്‍ നായര്‍

'വളരെ സ്‌പെഷ്യലായിട്ടുള്ള അനുഭവമാണിത്'

dot image

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് കരുണ്‍ നായര്‍. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയി ബിസിസിഐ പുറത്തുവിട്ട വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഇപ്പോള്‍ ലഭിച്ച അവസരം ഇരുകൈയും നീട്ടി സ്വീകരിക്കുകയാണെന്നാണ് കരുണ്‍ വീഡിയോയില്‍ പറഞ്ഞത്.

Advertisement

'വളരെ സ്‌പെഷ്യലായിട്ടുള്ള അനുഭവമാണിത്. ടീമിലേക്കുള്ള അവസരം വീണ്ടും ലഭിച്ചതില്‍ അതിയായ നന്ദിയും ഭാഗ്യവുമുണ്ട്. ഈ അവസരം ഇരുകൈയ്യും നീട്ടി സ്വീകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇപ്പോള്‍ ഒരിക്കലും പ്രകടിപ്പിക്കാന്‍ സാധിക്കാത്ത വികാരങ്ങളാണുള്ളത്', കരുണ്‍ പറഞ്ഞു.

ഇംഗ്ലീഷ് പര്യടനത്തിനുള്ള ടെസ്റ്റ് ടീമിനെ ഇന്ത്യ പ്രഖ്യാപിച്ചപ്പോള്‍ ശ്രദ്ധേയമായത് കരുണ്‍ നായരുടെ സാന്നിധ്യമായിരുന്നു. 2017ല്‍ അവസാന ടെസ്റ്റ് കളിച്ച കരുണ്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലെത്തിയത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് കരുണിന് ടീമിലേക്ക് അവസരമൊരുക്കിയത്.

ടെസ്റ്റില്‍ നേരത്തെ ട്രിപ്പിള്‍ സെഞ്ച്വറി അടക്കം നേടിയിരുന്ന കരുണ്‍ നായര്‍ക്ക് അധികം അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. ഇപ്പോള്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമെല്ലാം വിരമിച്ച സാഹചര്യത്തില്‍ കരുണ്‍ നായര്‍ സ്ഥാനം തിരിച്ചുപിടിക്കുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റില്‍ തകര്‍പ്പന്‍ ഫോമിലാണ് കരുണ്‍ നായര്‍. കഴിഞ്ഞ ആഭ്യന്തര സീസണിലെ താരം ആകെ ഒമ്പത് സെഞ്ച്വറികള്‍ നേടി. ഇക്കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ കപ്പ് നേടിയ വിദര്‍ഭയുടെ താരമായിരുന്നു കരുണ്‍ നായര്‍. നാല് സെഞ്ച്വറികള്‍ രഞ്ജിയില്‍ നേടി താരം 863 റണ്‍സ് വിദര്‍ഭക്കായി നേടി. പരമ്പര ഇംഗ്ലണ്ടിലായതിനാല്‍ കൗണ്ടിയിലെ പരിചയവും പ്രകടനവും കരുണ്‍ നായരെ തുണച്ചിട്ടുണ്ട്.

അതേസമയം ഇംഗ്ലണ്ടിനെതിരായ പരമ്പര ജൂണ്‍ 20 ന് ഹെഡിംഗ്ലിയില്‍ ആരംഭിക്കും. തുടര്‍ന്നുള്ള മത്സരങ്ങള്‍ എഡ്ജ്ബാസ്റ്റണ്‍, ലോര്‍ഡ്സ്, ഓള്‍ഡ് ട്രാഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ട്, ദി ഓവല്‍ എന്നിവിടങ്ങളില്‍ നടക്കും.

Content Highlights: Karun Nair reflects on India comeback after eight years

dot image
To advertise here,contact us
dot image