ഐപിഎല്‍ മാത്രമേ കഴിഞ്ഞിട്ടുള്ളൂ, ചെക്കന്‍ വെടിക്കെട്ട് നിർത്തിയിട്ടില്ല; വൈറലായി വൈഭവിന്‍റെ 'സിക്സർപൂരം'

ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് വൈഭവ്

dot image

ഐപിഎല്ലിന്റെ ഈ സീസണിലെ അത്ഭുത താരമെന്നു വിളിക്കാവുന്നയാളാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 14കാരനായ ഓപണര്‍ വൈഭവ് സൂര്യവംശി. കന്നി സെഞ്ച്വറിയടക്കം നേടി അരങ്ങേറ്റ സീസണില്‍ തന്നെ വൈഭവ് ഞെട്ടിക്കുകയും ചെയ്തു. ടൂര്‍ണമെന്റില്‍ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക്‌റേറ്റിനുള്ള കര്‍വ് സൂപ്പര്‍ സ്‌ട്രൈക്കര്‍ പുരസ്‌കാരവും വൈഭവിനെ തേടിയെത്തിയിരുന്നു. ഇപ്പോള്‍ ഐപിഎല്ലിന് ശേഷമുള്ള താരത്തിന്റെ ആദ്യത്തെ ബാറ്റിങ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഐപിഎല്‍ കഴിഞ്ഞതോടെ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് വേണ്ടി കളിക്കാന്‍ തയ്യാറെടുക്കുകയാണ് വൈഭവ്. ഇതിന് മുന്നോടിയായി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) താരം ബാറ്റിങ് പരിശീലനം നടത്തുന്ന വീഡിയോയാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.

രാജസ്ഥാന്‍ റോയല്‍സിനായി തകര്‍പ്പന്‍ പ്രകടനം നടത്തിയതിന്റെ ആത്മവിശ്വാസം എന്‍സിഎ ക്യാംപിലും താരത്തില്‍ പ്രകടമായിരുന്നു. പരിശീലന മത്സരത്തില്‍ പേസർമാരെയും സ്പിന്നർമാരെയും നിലം തൊടീക്കാതെ തലങ്ങും വിലങ്ങും ഷോട്ടുകള്‍ പായിച്ചാണ് വൈഭവ് കൈയടി നേടിയത്. ബാക്ക് ടു ബാക്ക് സിക്‌സറുകളും താരം അനായാസം പറത്തി.

പോയിന്റിന് മുകളിലൂടെ ഷോട്ടുകളടിച്ച വൈഭവ് ക്രീസിന് പുറത്തേക്കിറങ്ങിയും ബൗളര്‍മാരെ തല്ലിച്ചതച്ചു. ബൗളര്‍മാര്‍ വേഗത കൂട്ടിയും കുറച്ചുമെല്ലാം താരത്തിനെതിരേ ബൗള്‍ ചെയ്‌തെങ്കിലും വൈഭവിന്റെ അഗ്രസീവ് സമീപനത്തില്‍ ഒരു മാറ്റവും വന്നിട്ടില്ലെന്നാണ് ആരാധകർ പറയുന്നത്.

Content Highlights: RR's Vaibhav Suryavanshi captured smashing bowlers in NCA ahead of U19 England tour

dot image
To advertise here,contact us
dot image