നായകനായി വീണ്ടും സൂര്യ; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കും

2026 ടി20 ക്രിക്കറ്റ് ലോകകപ്പ് കിരീടം നേടിയ ഇന്ത്യയുടെ ക്യാപ്റ്റനാണ് സൂര്യകുമാര്‍ യാദവ്

നായകനായി വീണ്ടും സൂര്യ; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കും
dot image

2026-ലെ ടി20 ലോകകപ്പ് കിരീടം നേടിയ നായകന്‍ സൂര്യകുമാര്‍ യാദവ് വരാനിരിക്കുന്ന സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയെ നയിക്കും. വിരലിനേറ്റ പരിക്കില്‍ നിന്ന് മുക്തനായി ഓള്‍റൗണ്ടര്‍ ഷാര്‍ദുല്‍ ഠാക്കൂര്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആഭ്യന്തര ടി20 ടൂര്‍ണമെന്റിനുള്ള 16 അംഗ മുംബൈ ടീമിനെ തിങ്കളാഴ്ച പ്രഖ്യാപിച്ചു.

സൂര്യകുമാറിന്റെ നായകത്വത്തിലേക്കുള്ള വരവോടെ ഈ സീസണില്‍ മുംബൈയുടെ വിവിധ ഫോര്‍മാറ്റുകളിലെ ക്യാപ്റ്റന്‍സിയില്‍ വ്യത്യാസം വന്നിരിക്കുകയാണ്. കഴിഞ്ഞ സീസണില്‍ എല്ലാ ഫോര്‍മാറ്റുകളിലും ഷാര്‍ദുല്‍ ഠാക്കൂര്‍ ആണ് ടീമിനെ നയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ പുരോഗമിക്കുന്ന രഞ്ജി ട്രോഫി കാമ്പെയ്നില്‍ സിദ്ധേഷ് ലാഡിനെയാണ് ക്യാപ്റ്റനായി നിയമിച്ചിരുന്നത്. അതേസമയം സൂര്യകുമാര്‍ മുംബൈയുടെ രഞ്ജി ട്രോഫി ടീമിന്റെ ഭാഗമായിരുന്നില്ല.

മുംബൈയെ പ്രതിനിധീകരിക്കുന്നത് എപ്പോഴും വലിയ അഭിമാനമാണെന്നും ടീമിനെ നയിക്കാന്‍ കഴിഞ്ഞത് ഒരു വലിയ അംഗീകാരമാണെന്നും സൂര്യകുമാര്‍ പറഞ്ഞു. മുംബൈയുടെ വിജയ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കാനും സയ്യിദ് മുഷ്താഖ് അലി ട്രോഫി സ്വന്തമാക്കാനുമാണ് ടീം ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'മുംബൈയെ പ്രതിനിധീകരിക്കുക എന്നത് എപ്പോഴും വലിയ അഭിമാനമുള്ള കാര്യമാണ്. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കഴിവുറ്റ ഈ ടീമിനെ നയിക്കാന്‍ കഴിഞ്ഞതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്. മുംബൈക്ക് സമ്പന്നമായ ക്രിക്കറ്റ് പാരമ്പര്യവും വിജയ സംസ്‌കാരവുമുണ്ട്, ആ പാരമ്പര്യം ഞങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കും. പരിചയസമ്പന്നരായ കളിക്കാരുടെയും മിടുക്കരായ യുവതാരങ്ങളുടെയും നല്ലൊരു മിശ്രിതം ഞങ്ങളുടെ ടീമിലുണ്ട്. ടീം ഒന്നടങ്കം ഒത്തുചേര്‍ന്ന്, കടുത്ത തീവ്രതയോടെ കളിച്ച് ഓരോ മത്സരത്തിലും മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് എനിക്ക് പൂര്‍ണ്ണ ആത്മവിശ്വാസമുണ്ട്. ടൂര്‍ണമെന്റില്‍ ചാമ്പ്യന്മാരായി കിരീടം സ്വന്തമാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം' -സൂര്യകുമാര്‍ പറഞ്ഞു.

2026-ല്‍ ഇന്ത്യയെ തുടര്‍ച്ചയായ രണ്ടാം ടി20 ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സൂര്യകുമാറിനെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് ശേഷം ടി20 ടീമില്‍ നിന്ന് ഒഴിവാക്കുകയും ശ്രേയസ് അയ്യരെ പുതിയ ക്യാപ്റ്റനായി സെലക്ടര്‍മാര്‍ നിയമിക്കുകയും ചെയ്തിരുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫി നവംബര്‍ 14-ന് ആരംഭിക്കും. കൊല്‍ക്കത്തയില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദാണ് മുംബൈയുടെ എതിരാളികള്‍. ഗുജറാത്ത്, ഗോവ, വിദര്‍ഭ, ഛത്തീസ്ഗഢ്, ഒഡീഷ, ഉത്തരാഖണ്ഡ് എന്നിവര്‍ക്കൊപ്പം ഗ്രൂപ്പ് ഡി-യിലാണ് മുംബൈ ഉള്‍പ്പെട്ടിരിക്കുന്നത്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള മുംബൈ ടീം
സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), അഥര്‍വ്വ അങ്കോലേക്കര്‍, അംഗകൃഷ് രഘുവംശി (വിക്കറ്റ് കീപ്പര്‍), ഷംസ് മുലാനി, ദിവ്യാന്‍ഷ് സക്‌സേന, മാക്‌സ്വെല്‍ സ്വാമിനാഥന്‍, സുവേദ് പാര്‍ക്കര്‍, മുഷീര്‍ ഖാന്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, സര്‍ഫറാസ് ഖാന്‍, മോഹിത് അവസ്തി, സായ്രാജ് പാട്ടീല്‍, സില്‍വെസ്റ്റര്‍ ഡിസൂസ, ശിവം ദുബെ, ഹാര്‍ദിക് തമോരെ.

content highlights: Suryakumar Yadav Named Mumbai Captain for Syed Mushtaq Ali Trophy

dot image
To advertise here,contact us
dot image