

സമീപകാലത്തെ വിലയിടിവിനും ചാഞ്ചാട്ടങ്ങൾക്കും പിന്നാലെ സ്വർണത്തിൽ വീണ്ടും പ്രതീക്ഷയർപ്പിക്കുകയാണ് ആഗോള നിക്ഷേപകർ. 2026 അവസാനത്തോടെ രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 6,000 ഡോളറിലെത്തിയേക്കുമെന്നാണ് പ്രമുഖ ആഗോള ധനകാര്യ സ്ഥാപനമായ ജെ.പി. മോർഗന്റെ പ്രവചനം. അതായത് വരുന്ന ഒന്നര മാസത്തിനുള്ളിൽ വിലയിൽ വലിയ കുതിപ്പാണ് ബ്രോക്കറേജ് പ്രതീക്ഷിക്കുന്നത്.
നിലവിലെ വിലനിലവാരത്തിൽനിന്ന് ഏകദേശം 46 ശതമാനം വരെ വർധനവിനുള്ള സാധ്യതയാണ് ഈ വിലയിരുത്തൽ മുന്നോ ട്ടുവയ്ക്കുന്നത്.ദീപാവലിക്ക് പിന്നാലെ ഇന്ത്യൻ വിപണിയിലും സ്വർണവിലയിൽ വർധന രേഖപ്പെടുത്തിയിരുന്നു. എന്നാൽ സമീപകാലത്തെ ഇടിവ് കണ്ട് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് പുതിയ പ്രവചനം ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്. വില ഇനിയും കുറയുമോ, അതോ വീണ്ടും റെക്കോർഡ് ഉയരങ്ങളിലേക്ക് കുതിക്കുമോ എന്നതാണ് പ്രധാന ചോദ്യം.
ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങൾ, കേന്ദ്ര ബാങ്കുകളുടെ സ്വർണം വാങ്ങൽ, നിക്ഷേപകരുടെ സുരക്ഷിത നിക്ഷേപങ്ങളോടുള്ള താൽപര്യം തുടങ്ങിയ ഘടകങ്ങളാണ് സ്വർണത്തിന്റെ ദീർഘകാല ആവശ്യകതയെ സ്വാധീനിക്കുന്നത്. ഓഹരി വിപണിയിലെ ചാഞ്ചാട്ടങ്ങളും ഭൗമരാഷ്ട്രീയ സംഘർഷങ്ങളും നിലനിൽക്കുമ്പോൾ സ്വർണത്തിന് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പ്രാധാന്യം ലഭിക്കാം.
കേന്ദ്ര ബാങ്കുകളുടെ തുടർച്ചയായ വാങ്ങലും വിപണിയിലെ ആവശ്യകതയ്ക്ക് പിന്തുണയാകുന്ന ഘടകമാണ്. എന്നാൽ രാജ്യാന്തര വിപണിയിൽ വില ഉയരുന്നതിന് അനുസരിച്ച് കേരളത്തിലും അതേ തോതിൽ വർധനയുണ്ടാകണമെന്നില്ല. ഡോളറിനെതിരായ രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ, ജിഎസ്ടി, ആഭ്യന്തര ആവശ്യകത തുടങ്ങിയ ഘടകങ്ങളും ഇന്ത്യയിലെ സ്വർണവിലയെ സ്വാധീനിക്കും.
ജെ.പി. മോർഗന്റെ പ്രവചനം യാഥാർഥ്യമായാൽ കേരളത്തിലെ സ്വർണവിലയിലും വലിയ മുന്നേറ്റമുണ്ടാകാം. രാജ്യാന്തര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന് 6,000 ഡോളർ വിലയും ഒരു ഡോളറിന് 93 എന്ന ഏകദേശ വിനിമയ നിരക്കും കണക്കാക്കിയാൽ, 22 കാരറ്റ് സ്വർണത്തിന്റെ അടിസ്ഥാന വില ഒരു ഗ്രാമിന് ഏകദേശം 16,445 വരും. അതായത് എട്ട് ഗ്രാം വരുന്ന ഒരു പവന് ഏകദേശം 1.32 ലക്ഷം. ഇറക്കുമതി തീരുവയും 3 ശതമാനം ജിഎസ്ടിയും ഉൾപ്പെടുത്തിയുള്ള ഏകദേശ കണക്കിൽ പവൻ വില 1.43 ലക്ഷം മുതൽ 1.44 ലക്ഷം വരെ എത്തിയേക്കാം. പണിക്കൂലി ഇതിന് പുറമെയാണ്.
എന്നാൽ, സ്വർണവില ഇനിയും ഉയരുമെന്ന പ്രവചനങ്ങൾ കണ്ട് ഒറ്റയടിക്ക് വലിയ തുക നിക്ഷേപിക്കുന്നത് ഒഴിവാക്കുന്നതാണ് ഉചിതമെന്ന് വിപണി നിരീക്ഷകർ പറയുന്നത്. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർ വിപണിയിലെ ചാഞ്ചാട്ടങ്ങൾ പരിഗണിച്ച് ഘട്ടംഘട്ടമായി പണം മുടക്കുന്നതാണ് നല്ലത്. ആഭരണങ്ങൾ വാങ്ങുന്നവർ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി, ജിഎസ്ടി തുടങ്ങിയ അധിക ചെലവുകളും കണക്കിലെടുക്കണം. ആഗോള സാമ്പത്തിക സാഹചര്യങ്ങളിലും വിപണിയിലും ഉണ്ടാകുന്ന മാറ്റങ്ങൾ സ്വർണവിലയെയും സ്വാധീനിക്കുമെന്നതിനാൽ, ഇത്തരം പ്രവചനങ്ങളെ മാത്രം അടിസ്ഥാനമാക്കി നിക്ഷേപ തീരുമാനങ്ങൾ എടുക്കരുത്.
Content Highlights: Will Gold Hit a New All-Time High? JPMorgan Predicts $6,000 an Ounce; Kerala Gold Price Could Touch ₹1.36 Lakh per Pavan