

കാസര്‍കോട്: സന്ദീപ് വാര്യര്‍ തൃക്കരിപ്പൂര്‍ എംഎല്‍എ ആയത് വലിയ ദുരന്തമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ്. സന്ദീപ് വാര്യര്‍ എംഎല്‍എ ആയതില്‍ തൃക്കരിപ്പൂരിലെ മനുഷ്യരെ തെറ്റ് പറയുന്നില്ല. അതിനേക്കാള്‍ അപ്പുറം വലിയൊരു ദുരന്തമാണ് സംഭവിച്ചത് എന്ന് പറയേണ്ടി വരും എന്നായിരുന്നു സഞ്ജീവിന്റെ പരാമര്‍ശം. ഡിവൈഎഫ്ഐ തിമിരി മേഖല കമ്മിറ്റി സംഘടിപ്പിച്ച ഗ്രാമോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മനുഷ്യര്‍ ഒന്നിച്ചിരിക്കുന്നത് പോലും പരിഗണിക്കാന്‍ കഴിയാത്ത ആളാണ് സന്ദീപ്. ഒരു ആന ചരിഞ്ഞപ്പോള്‍ അതിനെ വര്‍ഗീയതയുടെ ദുഷ്ടലാക്കോടെ കാണുന്നു. ഗാന്ധിജിയെ ചെറുതായൊന്ന് വെടിവെച്ചു കൊന്നതല്ലേ ഗോഡ്സെ ചെയ്ത കുറ്റം എന്ന് ചോദിച്ച ആളാണ് തൃക്കരിപ്പൂരിലെ എംഎല്‍എ എന്നും സഞ്ജീവ് കുറ്റപ്പെടുത്തി. നയനാരും തൃക്കരിപ്പൂരിന്റെ എംഎല്‍എ ആയിരുന്നു. നയനാരിരുന്ന സ്ഥലത്താണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ ഇരിക്കുന്നത്. അതുകൊണ്ട് തൃക്കരിപ്പൂരുകാര് അത് പ്രത്യേകമായി പരിഗണനയില്‍ എടുക്കേണ്ട കാര്യമാണ്. നമുക്ക് രാഷ്ട്രീയ അഭിപ്രായ വ്യത്യസം ഉണ്ടാകാം. എന്നാല്‍ ഈ മണ്ണിന്റെ രാഷ്ട്രീയത്തെ ബലികൊടുക്കരുതെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ഓര്‍മപ്പെടുത്തി.
ബിജെപി നേതാവായിരുന്ന സന്ദീപ് വാര്യര്‍ 2024ലാണ് കേണ്‍ഗ്രസിലേക്ക് ചേക്കേറുന്നത്. ബിജെപി അംഗമായിരുന്ന ഘട്ടത്തില്‍ സന്ദീപ് നടത്തിയ വിദ്വേഷ പ്രചാരണങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സഞ്ജീവിന്റെ വിമര്‍ശനങ്ങള്‍. കോണ്‍ഗ്രസിന്റെ വക്താവായി നിയമതിനയ സന്ദീപ് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി വിജയിക്കുന്നത്.
Content Highlights: SFI state secretary PS Sanjeev described Sandeep Warrier becoming the MLA of Trikaripur as a major tragedy. He said the people of Trikaripur should not be blamed for Warrier's election, but added that something much bigger and unfortunate had happened. Sanjeev made the remarks while inaugurating a village festival organised by the DYFI Thimiri area committee.