
ഇംഗ്ലണ്ട് ലയൺസിനെതിരായ നാല് ദിവസത്തെ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ എയ്ക്ക് ബാറ്റിങ്. ടോസ് നേടിയ ഇംഗ്ലണ്ട് ലയൺസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ എ രണ്ടാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇതിൽ ബാറ്റിങ് നിരയിൽ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്.
ജൂൺ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന സർഫറാസ് ഖാനെ ഇന്ന് ആരംഭിച്ച മത്സരത്തിൽ നിന്നും ഒഴിവാക്കി. പകരമായി കെ എൽ രാഹുൽ ടീമിലേക്കെത്തി. യശസ്വി ജയ്സ്വാളിനൊപ്പം ഓപണറുടെ റോളിലാണ് രാഹുൽ കളിക്കുന്നത്. ബൗളിങ് വിഭാഗത്തിലാണ് ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തിയത്.
ഹർഷ് ദൂബെ, ഹർഷിത് റാണ, മുകേഷ് കുമാർ എന്നിവർ ആദ്യ മത്സരത്തിൽ കളിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ നിന്നൊഴിവാക്കി. പകരമായി തനൂഷ് കോട്യാൻ, തുഷാർ ദേശ്പാണ്ഡെ, ഖലീൽ അഹമ്മദ് എന്നിവരാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ ടെസ്റ്റിൽ ഇരുടീമിന്റെയും ബാറ്റർമാർ മികച്ച പ്രകടനം പുറത്തെടുത്തപ്പോൾ മത്സരം സമനിലയിലായിരുന്നു.
Content Highlights: India A will bat first against England Lions, four changes in the team