

ഈ മാസം 20ന് ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് ഇതിഹാസ താരങ്ങളായ സച്ചിൻ തെണ്ടുൽക്കറിന്റെയും ജെയിംസ് ആൻഡേഴ്സണിന്റെയും പേര് നൽകും. ഇഎസ്പിഎൻ ക്രിക്ഇൻഫോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിന്റേതാണ് തീരുമാനം. ജൂൺ 11ന് ലോർഡ്സിൽ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിൽ ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിനിടെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇന്ത്യൻ ഇതിഹാസം സച്ചിൻ തെണ്ടുൽക്കറും ഇംഗ്ലണ്ട് സൂപ്പർതാരം ജെയിംസ് ആൻഡേഴ്സണും ചേർന്നാണ് പരമ്പരയുടെ പുതിയ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കുക.
നേരത്തെ ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പര പട്ടൗഡി ട്രോഫി എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റന്മാരായ ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയുടെയും മകൻ മൻസൂർ അലി ഖാൻ പട്ടൗഡിയുടെയും ഓർമയ്ക്കായിരുന്നു ഈ പേര് നൽകിയത്. സമാനമായി ഇംഗ്ലണ്ട് ടീം ഇന്ത്യയിൽ കളിക്കുമ്പോൾ ആൻ്റണി ഡി മെല്ലോ ട്രോഫിയെന്ന് പരമ്പര അറിയപ്പെടുന്നത്. ഈ പേരിൽ മാറ്റമില്ല.
ഇന്ത്യയ്ക്കായി 200 ടെസ്റ്റുകൾ കളിച്ച താരമാണ് സച്ചിൻ തെണ്ടുൽക്കർ. 15,921 റൺസാണ് സച്ചിന്റെ കരിയറിലെ സമ്പാദ്യം. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും കൂടുതൽ മത്സരങ്ങൾ കളിച്ച താരവും സച്ചിനാണ്. മറുവശത്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ മൂന്നാമനാണ് ജെയിംസ് ആൻഡേഴ്സൺ. 188 മത്സരങ്ങളിൽ നിന്നായി 704 വിക്കറ്റുകളാണ് ആൻഡേഴ്സണിന്റെ സമ്പാദ്യം.
Content Highlights: England-India Test series to be named Anderson-Tendulkar Trophy