
ഇന്‍സ്റ്റഗ്രാം അഡിക്ഷന്‍ ദാമ്പത്യജീവിതം തകര്‍ത്ത വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയിലെ പുതിയ ചര്‍ച്ച. ഉത്തര്‍പ്രദേശിലാണ് സംഭവം. വീട്ടുജോലികള്‍ ചെയ്യാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നത് കാരണം ഇന്‍സ്റ്റഗ്രാമില്‍ തനിക്ക് റീലുകള്‍ ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്ന് ആരോപിച്ച് ഉത്തര്‍പ്രദേശിലെ ഒരു സ്ത്രീ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു.
ഹാപുര്‍ ജില്ലയിലെ നിഷ എന്ന് പേരുള്ള യുവതിയാണ് പൊലീസില്‍ പരാതിയുമായെത്തിയതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം കുറച്ച് ഗാര്‍ഹിക കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് നിഷയുടെ ഭര്‍ത്താവ് വിജേന്ദ്ര ആവശ്യപ്പെട്ടതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.
ഭര്‍ത്താവിന്റെ നിര്‍ദേശ പ്രകാരം സോഷ്യല്‍ മീഡിയയില്‍ ചെലവഴിക്കുന്ന സമയം യുവതി കുറച്ചതോടെ ഫോളോവേഴ്‌സിന്റെ എണ്ണവും കുറഞ്ഞതായി യുവതിയുടെ ശ്രദ്ധയില്‍ പെട്ടു. വെറും രണ്ടുപേരാണ് ഇവരെ അണ്‍ഫോളോ ചെയ്തത്. ഇതോടെ യുവതി ഭര്‍ത്താവുമായി പിണങ്ങി സാധനങ്ങളെല്ലാമെടുത്ത് സ്വന്തം വീട്ടിലേക്ക് മടങ്ങുകയായിരുന്നു. തുടര്‍ന്ന് സമീപത്തുള്ള ഒരു വനിതാ പൊലീസ് സ്റ്റേഷനില്‍ പോയി ഭര്‍ത്താവിനെതിരെ ഇവര്‍ പരാതിയും നല്‍കി.
ഭര്‍ത്താവ് കാരണം വീട്ടിലെ പാത്രം കഴുകുന്നതിലും വീട് വൃത്തിയാക്കുന്നതിലും തിരക്കായതിനാല്‍ തനിക്ക് റീല്‍സ് ഷൂട്ട് ചെയ്യാന്‍ സമയം കിട്ടുന്നില്ലെന്നും, ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സ് കുറഞ്ഞെന്നും യുവതി പരാതിയില്‍ പറയുന്നു. ദിവസം രണ്ടുറീലുകളാണ് യുവതി ഇന്‍സ്റ്റഗ്രാമില്‍ നേരത്തേ പോസ്റ്റുചെയ്തിരുന്നതത്രേ.
ഇതിന് മറുപടിയെന്നോണം ഭര്‍ത്താവും യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കി. എല്ലായ്‌പ്പോഴും ഇന്‍സ്റ്റഗ്രാമില്‍ സമയം ചെലവഴിക്കുകയാണെന്നും വീട്ടുകാര്യങ്ങള്‍ നോക്കുന്നില്ലെന്നും ഭര്‍ത്താവ് പരാതിയില്‍ പറയുന്നു. രണ്ടുപേരുടെയും പരാതികള്‍ കേട്ട പൊലീസ് ഇരുവര്‍ക്കും കൗണ്‍സലിങ് നല്‍കി വിട്ടതായാണ് എബിപി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വഴക്കിടുന്നത് അവസാനിപ്പിച്ച് സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കാം എന്ന് പൊലീസിന് മുന്‍പില്‍ ഉറപ്പുനല്‍കിയാണ് ഇരുവരും വീട്ടിലേക്ക് മടങ്ങിയത്.
Content Highlights: UP Woman Files Complaint Against Husband Over 2 Lost Instagram Followers