
കോഴിക്കോട്: കൂട്ടുകാരോടൊപ്പം സംസാരിച്ചു കൊണ്ടിരിക്കെ പിണങ്ങി ടിപ്പറിന് മുന്നിലേക്ക് എടുത്തു ചാടിയ വിദ്യാർത്ഥിക്ക് അത്ഭുത രക്ഷപ്പെടൽ. ടിപ്പർ ഡ്രൈവറുടെ സമയോചിത ഇടപെടലിലാണ് വിദ്യാർത്ഥി രക്ഷപ്പെട്ടത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കോഴിക്കോട് കട്ടാങ്ങൽ പെട്രോൾ പമ്പിന് സമീപത്തെ കോഫി ഷോപ്പിന് മുന്നിൽ മൂന്ന് കുട്ടികൾ നിന്ന് സംസാരിക്കുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
അതിനിടെ ഇതിലൊരുകുട്ടി റോഡിലേക്കോടുന്നതും ടിപ്പർ വന്നപ്പോൾ മുന്നിലേക്ക് ചാടുന്നതും കാണാം. ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം സ്‌കൂട്ടറിൽ ഇരിക്കുകയായിരുന്നു വിദ്യാർത്ഥി. ഇവർ സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഇതിനിടെ സ്‌കൂട്ടറിൽനിന്നിറങ്ങിയ ഒരു വിദ്യാർത്ഥി റോഡിലേക്ക് നടന്നു നീങ്ങുന്നുണ്ട്.
ആദ്യം നടന്നുനീങ്ങിയ വിദ്യാർത്ഥി ടിപ്പർ ലോറി കണ്ടതോടെ റോഡിലേക്കിറങ്ങി ഓടുകയായിരുന്നു. തുടർന്ന് ടിപ്പറിന് മുന്നിലേക്ക് ചാടി. എന്നാൽ ടിപ്പർ ഡ്രൈവർ സഡൻ ബ്രേക്കിട്ടതിനാൽ വിദ്യാർത്ഥി പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു.
Content Highlights: student in Kozhikode escaped from accident after jumping in front of a tipper truck