അവന്‍ ഒരു മോണ്‍സ്റ്റര്‍! കളി മാറ്റി കളഞ്ഞു; തോറ്റിട്ടും ഫ്രഞ്ച് താരത്തെ പുകഴ്ത്തി ആരാധകര്‍

മത്സരത്തില്‍ തോറ്റെങ്കിലും അവസാന നിമിഷം വരെ പോരാടാന്‍ എംബാപ്പെയ്ക്കും കൂട്ടര്‍ക്കും സാധിച്ചു.

അവന്‍ ഒരു മോണ്‍സ്റ്റര്‍! കളി മാറ്റി കളഞ്ഞു; തോറ്റിട്ടും ഫ്രഞ്ച് താരത്തെ പുകഴ്ത്തി ആരാധകര്‍
dot image

കഴിഞ്ഞ ദിവസം നടന്ന നേഷന്‍സ് ലീഗ് സെമി ഫൈനലില്‍ ഫ്രാന്‍സിനെ സ്‌പെയ്ന്‍ തോല്‍പ്പിച്ചിരുന്നു. ഗോള്‍ മഴ പെയ്ത മത്സരത്തില്‍ ഫ്രാന്‍സിന്റെ നാലിനെതിരെ അഞ്ച് ഗോളടിച്ചാണ് സ്പാനിഷ് പടയുടെ വിജയം. മത്സരത്തില്‍ തോറ്റെങ്കിലും അവസാന നിമിഷം വരെ പോരാടാന്‍ എംബാപ്പെയ്ക്കും കൂട്ടര്‍ക്കും സാധിച്ചു. മത്സരത്തിന് ശേഷം റയാന്‍ ചെര്‍ക്കിയെ പുകഴ്ത്തുകയാണ് ഫ്രഞ്ച് ആരാധകര്‍.

മത്സരം തോറ്റെങ്കിലും ചെര്‍ക്കിയുടെ പ്രകടനം ആരാധകരുടെ മനം കവര്‍ന്നു. സബ്ബായി അവസാന 27 മിനിറ്റ് മാത്രം കളത്തിലിറങ്ങിയ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരത്തിന്റെ 63ാം മിനിറ്റില്‍ റയാന്‍ ചെര്‍ക്കിയുടെ വരവ് ഫ്രാന്‍സിന്റെ കളിയെ പൂര്‍ണ്ണമായും മാറ്റിമറിക്കുകയായിരുന്നു. 79-ാം മിനിറ്റില്‍ ഒരു മികച്ച ലോംഗ് റേഞ്ച് വോളിയിലൂടെ അദ്ദേഹം ടീമിന്റെ ഗോള്‍ വ്യത്യാസം മൂന്ന് ആക്കി കുറച്ചു. അതിന് ശേഷം ഫ്രാന്‍സ് അറ്റാക്കിങ് ഫുട്‌ബോള്‍ തുടരുകയായിരുന്നു. 84-ാം മിനിറ്റില്‍ ഡാനി വിവിയനിലൂടെ ഫ്രാന്‍സിന് ഒരു സെല്‍ഫ് ഗോളും ലഭിച്ചു.

ആ ഗോളിലും ചെര്‍ക്കിയുടെ പങ്കാളിത്തമുണ്ടായിരുന്നു. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ റാന്‍ഡല്‍ കോളോ മുവാനി ഫ്രാന്‍സിന്റെ നാലാം ഗോള്‍ നേടി. ചെര്‍ക്കിയുടെ മികച്ച ക്രോസാണ് ഗോളിന് വഴിയൊരുക്കിയത്. മത്സരത്തിലെ അവസാന 27 മിനിറ്റിലും ഇഞ്ച്വറി ടൈമിലും ചെര്‍ക്കി ചെലുത്തിയ സ്വാധീനത്തെ ആരാധകര്‍ പുകഴ്ത്തുന്നുണ്ട്.

ചെര്‍ക്കിയാണ് ഈ കളി മാറ്റിയതെന്ന് ആരാധകര്‍ എക്‌സില്‍ കുറിക്കുന്നു. അദ്ദേഹം ഒരു മോണ്‍സ്റ്റാറാണെന്നും അടുത്ത സീസണില്‍ മാഞ്ചസ്റ്റര്‍ സിറ്റി മിന്നിതിളങ്ങുമെന്നും ഇവര്‍ പറയുന്നു.

ജര്‍മനിയെ തോല്‍പ്പിച്ചെത്തിയ പോര്‍ച്ചുഗലാണ് ഫൈനലില്‍ സ്‌പെയിനിന്റെ എതിരാളികള്‍. സ്‌പെയ്‌നിന്റെ തുടര്‍ച്ചയായ മൂന്നാം നേഷന്‍സ് ലീഗ് ഫൈനല്‍ പ്രവേശനം കൂടിയാണിത്.

രണ്ട് ഗോളുകള്‍ നേടുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത സ്‌പെയ്‌നിന്റെ ലാമിന്‍ യമാലായിരുന്നു കളിയിലെ താരം. നിക്കോ വില്യംസ്, പെഡ്രി, മെറിനോ എന്നിവര്‍ സ്‌പെയിനായി ബാക്കിയുള്ള ഗോളുകള്‍ നേടി. എംബാപ്പെ ഫ്രാന്‍സിനായി പെനാല്‍റ്റിയിലൂടെ ഗോള്‍ നേടി. റയാന്‍ ചെര്‍ക്കി, റാന്‍ഡല്‍ കൊളോ മുവാനി എന്നിവരും ഫ്രാന്‍സിനായി ഗോള്‍ നേടിയപ്പോള്‍ ഒന്ന് സ്പെയ്ന്‍ താരത്തിന്റെ സെല്‍ഫ് ഗോളായിരുന്നു. ജൂണ്‍ ഒമ്പതിനാണ് സ്പെയ്ന്‍-പോര്‍ച്ചുഗല്‍ ഫൈനല്‍ പോരാട്ടം.

Content Highlights- Fans Hails Rayan Cherki for his wonderful performance as substitute in Nations league semi finals

dot image
To advertise here,contact us
dot image