
ഇന്ത്യൻ ടെസ്റ്റ് ടീം നായക സ്ഥാനത്ത് ശുഭ്മൻ ഗില്ലിന്റെ മുന്നേറ്റം എളുപ്പമാകില്ലെന്ന് സൂചിപ്പിച്ച് ഓസ്ട്രേലിയൻ മുൻ ഇതിഹാസ താരം റിക്കി പോണ്ടിങ്. 'ഏകദിന ക്രിക്കറ്റിൽ ഗില്ലിന് മികച്ച റെക്കോർഡുകളുണ്ട്. എന്നാൽ ടെസ്റ്റ് ക്രിക്കറ്റിൽ നന്നായി കളിക്കാൻ ഗിൽ ഒരൽപ്പം കൂടുതൽ അധ്വാനിക്കണം. പ്രത്യേകിച്ചും ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കൂടിയാണ് ഗിൽ. താരത്തിന്റെ ബാറ്റിങ് മികവ് കൂടുതൽ പരീക്ഷിക്കപ്പെടും. ടെസ്റ്റ് മത്സരങ്ങൾ ഗില്ലിന് ഒരിക്കലും എളുപ്പമാകില്ല,' പോണ്ടിങ് പിടിഐയോട് പ്രതികരിച്ചു.
ഇംഗ്ലണ്ട് പരമ്പരയിൽ ശുഭ്മൻ ഗിൽ നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നും പോണ്ടിങ് നിർദേശിച്ചു. 'യശസ്വി ജയ്സ്വാളിനെയും സായി സുദർശനെയും ഓപണർമാരാക്കാനാണ് ഇന്ത്യൻ ടീമിന്റെ പദ്ധതിയെങ്കിൽ മൂന്നാം നമ്പറിൽ അനുഭവ സമ്പത്തുള്ള ഒരു താരം കളിക്കണം. കെ എൽ രാഹുലോ കരുൺ നായരോ അവിടെ കളിക്കട്ടെ. അങ്ങനെയെങ്കിൽ ഗിൽ നാലാം നമ്പറിൽ കളിക്കുകയാകും നല്ലത്. ഒരിക്കൽ പൊരുത്തപ്പെട്ട് കഴിഞ്ഞാൽ നാലാം നമ്പറിൽ ഗില്ലിന് വീണ്ടും തുടരാൻ സാധിക്കും,' പോണ്ടിങ് വ്യക്തമാക്കി.
ജൂൺ 20 മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ആദ്യ ടെസ്റ്റ് നടക്കുക. ഇന്ത്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു. പുതിയ ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: Shubman Gill warned by Ricky Ponting test cricket will not easy for him