'എനിക്ക് ഒരു അവസരം കൂടി തരൂ'; ട്രിപ്പിൾ സെഞ്ച്വറിക്കാരൻെറ അപേക്ഷയിൽ ഒടുവിൽ BCCI കണ്ണുതുറന്നു

2979 ദിവസം നീണ്ട കാത്തിരിപ്പിനുശേഷം ബിസിസിഐ കരുണിനു നേരെ കണ്ണുതുറക്കുന്നത്.

dot image

പല കാര്യങ്ങൾ കൊണ്ടും ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ പുതിയ പ്രഖ്യാപനം വ്യത്യസ്തമാവുകയാണ്. രോഹിത് ശർമയും വിരാട് കോഹ്‌ലിയും വിരമിച്ച ഒഴിവിൽ ബിസിസിഐ തലമുറ മാറ്റത്തിന് ഒരുങ്ങിയപ്പോൾ പല പുതുമുഖങ്ങൾക്കും ഇടയ്ക്കിടെ സ്ഥാനം നഷ്‌ടമായ ചില പഴയ മുഖങ്ങൾക്കും അവസരം ലഭിച്ചുവെന്നതാണ് അത്.

സ്വന്തം മണ്ണിൽ നടന്ന ന്യൂസിലാൻഡ് പര്യടനത്തിലും ബോർഡർ-ഗവാസ്‌കർ ട്രോഫിയിലും നേരിട്ട ദയനീയ തോൽവിക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങാൻ ബിസിസിഐ താരങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇനിയുള്ള ടീമിലേക്കുള്ള സെലക്ഷൻ ആഭ്യന്തര ക്രിക്കറ്റിലെ പ്രകടനത്തെ കൂടി ആശ്രയിച്ചാവുമെന്നും ബിസിസിഐ ചൂണ്ടികാട്ടിയിരുന്നു. ആ വാക്ക് ബിസിസിഐ പാലിച്ചു.

ടെസ്റ്റ് ക്രിക്കറ്റിൽ ട്രിപ്പിൾ സെഞ്ച്വറിയെന്ന കൊടുമുടി കയറി മികവ് തെളിയിച്ചിട്ടും ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയോടെ സെഞ്ചറികൾ നേടിയിട്ടും ദേശീയ ടീമിൽനിന്നു സ്ഥിരമായി തഴയപ്പെട്ട കരുൺ നായർക്കാണ് അങ്ങനെയൊരു അവസരമൊരുങ്ങിയത്. 2979 ദിവസം നീണ്ട കാത്തിരിപ്പിനുശേഷം ബിസിസിഐ കരുണിനു നേരെ കണ്ണുതുറക്കുന്നത്.

2016ൽ ഇംഗ്ലണ്ടിനെതിരെ കരിയറിലെ മൂന്നാം ടെസ്റ്റ് ഇന്നിങ്സിലായിരുന്നു കരുണിന്റെ ട്രിപ്പിൾ സെഞ്ചറി നേട്ടം (303). രഞ്ജി ട്രോഫിയിൽ ഈ സീസണിൽ ഫൈനലിലെ സെഞ്ച്വറിയടക്കം ഒമ്പത് മത്സരങ്ങളിൽ നിന്ന് 53.93 എന്ന ശരാശരിയിൽ കരുൺ നായർ 863 റൺസ് നേടിയിരുന്നു. കഴിഞ്ഞവർഷം കൗണ്ടി ക്രിക്കറ്റിനായി ഇംഗ്ലണ്ടിലേക്കു പോയ കരുൺ അവിടെ ഇരട്ട സെഞ്ചറി നേടി വീണ്ടും മികവുകാട്ടി. ഈ സീസൺ വിജയ് ഹസാരെയിൽ തുടർച്ചയായി 4 സെഞ്ചറികൾ നേടിയ കരുണിനെ ഇന്ത്യയുടെ ചാംപ്യൻസ് ട്രോഫി ടീമിലേക്കു പരിഗണിക്കാത്തതും ഏറെ വിമർശനങ്ങൾക്കു വഴിവച്ചിരുന്നു.

2022 ഡിസംബർ 10ന് തന്റെ സമൂഹ മാധ്യമ പേജിൽ കരുൺ നായർ ഇങ്ങനെയെഴുതുകയും ചെയ്തിരുന്നു പ്രിയ ക്രിക്കറ്റ്, എനിക്കൊരു അവസരം കൂടി തരൂ… ഒടുവിൽ ബിസിസിഐ ആ അവസരം നൽകിയിരിക്കുകയാണ്.

Content Highlights: Karun Nair's emotional Test return after nearly 3000 days

dot image
To advertise here,contact us
dot image