'മെയ് 26നുള്ളില്‍ കളിക്കാരെ തിരികെ അയക്കണം'; ഐപിഎല്‍ നീട്ടിയതിന് പിന്നാലെ ബിസിസിഐയോട് ദക്ഷിണാഫ്രിക്ക

ലോര്‍ഡ്‌സില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് ഈ നിര്‍ദ്ദേശം

dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മെയ് 26നുള്ളില്‍ മടങ്ങിയെത്തണമെന്ന് മുഖ്യ പരിശീലകന്‍ ഷുക്രി കോണ്‍റാഡ്. ലോര്‍ഡ്‌സില്‍ ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള തയ്യാറെടുപ്പുകള്‍ക്കായാണ് ഈ നിര്‍ദ്ദേശം. ഫ്രാഞ്ചൈസി ക്രിക്കറ്റ് പ്രധാനമാണെങ്കിലും ഒരു ഫൈനലിൽ രാജ്യത്തിന് വേണ്ടിയുള്ള മത്സരം അതിനേക്കാൾ വലുതാണെന്ന് സിഎസ്എ അധികൃതർ വ്യക്തമാക്കി

ഇന്ത്യ-പാക് സംഘര്‍ഷത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025 സീസണ്‍ മെയ് 17ന് പുനഃരാരംഭിക്കുന്നതിനിടെയാണ് ദക്ഷിണാഫ്രിക്കയുടെ നിര്‍ദേശം. സംഘര്‍ഷത്തിന്റെ സാഹചര്യത്തില്‍ ഐപിഎല്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തിവച്ചതോടെ ടൂര്‍ണമെന്റിന്റെ ദൈര്‍ഘ്യം നേരത്തെ നിശ്ചയിച്ചതില്‍ നിന്നും നീണ്ടുപോയിരുന്നു. ഐപിഎല്‍ ഒമ്പത് ദിവസത്തേക്ക് നീട്ടി ജൂണ്‍ 3-ന് ഫൈനല്‍ നിശ്ചയിച്ചിട്ടുണ്ടെങ്കിലും ദക്ഷിണാഫ്രിക്കയുടെ നിര്‍ദ്ദേശത്തില്‍ മാറ്റമില്ല.

ബിസിസിഐയുമായുള്ള ആദ്യ ധാരണയില്‍ മാറ്റമില്ലെന്നും മെയ് 26ന് തന്നെ കളിക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ തിരിച്ചെത്തണമെന്നും കോണ്‍റാഡ് വ്യക്തമാക്കി. ജൂണ്‍ 11 മുതല്‍ 15 വരെ ലോര്‍ഡ്‌സിലാണ് ഡബ്ല്യുടിസി ഫൈനല്‍. ടീമിലെ എല്ലാ അംഗങ്ങളും മെയ് 31നകം ഇംഗ്ലണ്ടില്‍ എത്തണമെന്നാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ.

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഫൈനലിനുള്ള പ്രോട്ടീസ് ടീമിനെ പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ കളിക്കുന്ന എട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളില്‍ ഏഴ് പേരും പ്ലേഓഫ് സാധ്യതയുള്ള ടീമുകളിലാണ്. കാഗിസോ റബാഡ, ട്രിസ്റ്റന്‍ സ്റ്റബ്‌സ്, എയ്ഡന്‍ മാര്‍ക്രം, ലുങ്കി എന്‍ഗിഡി തുടങ്ങിയ പ്രധാന കളിക്കാര്‍ ഇതില്‍ ഉള്‍പ്പെടുന്നു.

Content Highlights: we want our players back on the 26th," South Africa coach Shukri Conrad said about the IPL extension

dot image
To advertise here,contact us
dot image