രാജസ്ഥാന്‍ റോയല്‍സിന് ഡബിള്‍ ഷോക്ക്; സൂപ്പര്‍ കോച്ചും താരവും ഇനി ടീമിനൊപ്പമുണ്ടാകില്ല

ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നെങ്കിലും ഇനിയുളള മത്സരങ്ങള്‍ വിജയിച്ച് സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു റോയൽ‌സ്

dot image

ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ബാക്കിയുള്ള മത്സരങ്ങൾക്ക് ഒരുങ്ങുന്ന രാജസ്ഥാൻ റോയല്‍സിന് വീണ്ടും തിരിച്ചടി. ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെ തന്നെ പുറത്തായിരുന്നെങ്കിലും ഇനിയുളള മത്സരങ്ങള്‍ വിജയിച്ച് സീസണ്‍ അവസാനിപ്പിക്കാനുള്ള ശ്രമങ്ങളിലായിരുന്നു റോയൽ‌സ്. ഐപിഎല്ലില്‍ ഇത്തവണ 12 മത്സരങ്ങളിൽ മൂന്ന് ജയവും ഒൻ‌പത് പരാജയവും ഉള്‍പ്പെടെ ആറ് പോയിന്റുമായി നിലവിൽ ഒമ്പതാം സ്ഥാനത്താണ് രാജസ്ഥാന്‍. അതേസമയം റോയൽസിൽ‌ വളരെ പ്രധാനപ്പെട്ട രണ്ട് പേർ ഇനി ഈ സീസണില്‍ റോയല്‍സിനൊപ്പം ഉണ്ടാവില്ലെന്ന റിപ്പോര്‍ട്ടുകളാണ്
പുറത്തുവരുന്നത്.

ഇന്ത്യ-പാകിസ്താൻ‌ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഐപിഎല്‍ നിര്‍ത്തിവച്ചതിന് പിന്നാലെ നാട്ടിലേക്ക് മടങ്ങിയ ബോളിങ് കോച്ച് ഷെയ്ന്‍ ബോണ്ട് ഇനി ഈ സീസണില്‍ ടീമിനൊപ്പമുണ്ടാവില്ല. ഇനി രണ്ട് മത്സരങ്ങൾ മാത്രമാണ് റോയൽസിനെ കാത്തിരിക്കുന്നത്. ഈ രണ്ട് മത്സരങ്ങള്‍ക്ക് മാത്രമായി മുന്‍ ന്യൂസിലാന്‍ഡ് താരം കൂടിയായ ബോണ്ട് ഇന്ത്യയിലേക്ക് തിരിച്ചുവരേണ്ട ആവശ്യം നിലവിലില്ല. ഷെയ്ന്‍ ബോണ്ടിന് പുറമേ രാജസ്ഥാന്‍ റോയല്‍സിന്റെ ഫിനിഷര്‍ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറും ഇനി ഈ സീസണില്‍ കളിക്കില്ല.

രാജസ്ഥാന് വേണ്ടി ഇത്തവണ കാര്യമായ മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കാഴ്ചവയ്ക്കാന്‍ ഹെറ്റ്‌മെയറിന് സാധിച്ചിരുന്നില്ല. മാത്രവുമല്ല കൈയകലത്തുള്ള വിജയം എത്തിപ്പിടിച്ച് ഫിനിഷ് ചെയ്യാനും ഹെറ്റ്മെയറിനായിരുന്നില്ല. ഇതിന്റെ പേരില്‍ താരത്തിനെതിരെ വലിയ വിമര്‍ശനങ്ങള്‍ വന്നിരുന്നു. നിലവിൽ മികച്ച ഫോമിലുള്ള ജോസ് ബട്ലറിനെ വിട്ടുകളഞ്ഞ് കഴിഞ്ഞ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് താരത്തെ നിലനിര്‍ത്തുകയായിരുന്നു. മാനേജ്‌മെന്റ് വലിയ പ്രതീക്ഷയര്‍പ്പിച്ച് ടീമിലെടുത്ത താരങ്ങള്‍ തിളങ്ങാതെ പോയതാണ് ഇത്തവണ രാജസ്ഥാന് ടൂര്‍ണമെന്റില്‍ വലിയ തിരിച്ചടിയുണ്ടാവാന്‍ കാരണമായത്.

Content Highlights: Rajasthan Royals Overseas Player Might Not Return for IPL 2025

dot image
To advertise here,contact us
dot image