
ഇംഗ്ലണ്ടിനെതിരായ നിർണായകമായ നാലാം ടെസ്റ്റിന് ഒരുങ്ങുന്ന ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. ഇന്ത്യയുടെ യുവപേസർ അർഷ്ദീപ് സിങ്ങിന് പരിശീലനത്തിനിടെ പരിക്കേറ്റു. വ്യാഴാഴ്ച നെറ്റ് സെഷനിടെയാണ് ബൗളിംഗ് ചെയ്യുന്ന കയ്യിൽ അർഷ്ദീപിന് പരിക്കേറ്റത്.
സായ് സുദർശൻ അടിച്ച ഷോട്ട് തടയാൻ ശ്രമിക്കുന്നതിനിടെയാണ് താരത്തിന് പരിക്കേൽക്കുന്നത്. അർഷ്ദീപിന് കാര്യമായ അസ്വസ്ഥതയുണ്ടായിരുന്നതായും ടീം മെഡിക്കൽ സ്റ്റാഫ് ഉടൻ തന്നെ അദ്ദേഹത്തെ പരിശോധിക്കാനെത്തുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.
അർഷ്ദീപിന് പരിക്കേറ്റെന്ന് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിക്കുകയും ചെയ്തു. താരം പൂർണമായും മെഡിക്കൽ ടീമിന്റെ നിരീക്ഷണത്തിലാണെന്നും മത്സരത്തിൽ അർഷ്ദീപിന്റെ പങ്കാളിത്തത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുൻപ് ഒരു പൂർണ്ണ മെഡിക്കൽ റിപ്പോർട്ട് കാത്തിരിക്കുകയാണെന്നും റയാൻ മാധ്യമങ്ങളോട് പറഞ്ഞു.
India's assistant coach Ryan ten Doeschate shares an update on Arshdeep Singh’s injury during nets. pic.twitter.com/FRZFmo3l7o
— CricTracker (@Cricketracker) July 17, 2025
അർഷ്ദീപിന്റെ ബൗളിംഗ് ചെയ്യുന്ന കയ്യിൽ മുറിവുണ്ടെന്നാണ് കോച്ച് പറയുന്നത്. തുന്നൽ ആവശ്യമുണ്ടോ എന്ന് മെഡിക്കൽ ടീം നിലവിൽ വിലയിരുത്തിക്കൊണ്ടിരിക്കുകയാണ്. തുന്നൽ വേണ്ടിവരികയാണെങ്കിൽ ജൂലൈ 23ന് മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന മത്സരത്തിൽ നിന്ന് അദ്ദേഹത്തിന് വിട്ടുനിൽക്കേണ്ടി വന്നേക്കാം.
ഏതെങ്കിലും ഒരു സീനിയർ പേസ് ബൗളർക്ക് വിശ്രമം നൽകുന്നതിനെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നതിനാൽ ഇന്ത്യയുടെ പ്ലേയിങ് ഇലവനിലേക്ക് അർഷ്ദീപ് പരിഗണിക്കപ്പെട്ടിരുന്നു. ടെസ്റ്റ് അരങ്ങേറ്റം കുറിക്കാനിരിക്കുന്ന ഈ 25 വയസ്സുകാരൻ നെറ്റ്സിൽ മികച്ച പ്രകടനം കാഴ്ചവെക്കുകയും, ഇന്ത്യയുടെ പേസ് ആക്രമണത്തിൽ ഒരു പുതിയ ഓപ്ഷനായി അദ്ദേഹത്തെ കണക്കാക്കുകയും ചെയ്തിരുന്നു.
Content Highlights: India's assistant coach Ryan ten Doeschate shares an update on Arshdeep Singh’s injury during nets