
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ വാനോളം പുകഴ്ത്തി മുന്‍ താരം സുനില്‍ ഗവാസ്‌കര്‍. രോഹിത് ശര്‍മയെ പോലെ പുള്‍ ഷോട്ടുകള്‍ മനോഹരമായി കളിക്കുന്നത് വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവ് റിച്ചാര്‍ഡ്‌സിന് മാത്രമാണെന്നാണ് ഗവാസ്‌കറുടെ അഭിപ്രായം. രോഹിത്തിന്റെയും റിച്ചാര്‍ഡ്‌സിന്റെയും പുള്‍ ഷോട്ടുകള്‍ എതിര്‍ ബൗളര്‍മാരുടെ മനോവീര്യത്തെ തകര്‍ത്തിരുന്നെന്നും ഗവാസ്‌കര്‍ പറഞ്ഞു.
വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ക്യാപ്റ്റനോടുള്ള ആദരസൂചകമായി ഒരു പത്രത്തില്‍ എഴുതിയ കുറിപ്പിലാണ് സുനില്‍ ഗവാസ്‌കര്‍ താരത്തെ കുറിച്ച് മനസുതുറന്നത്. 'ഞാന്‍ കണ്ട ക്രിക്കറ്റില്‍ വിവ് റിച്ചാര്‍ഡ്സ് മാത്രമാണ് രോഹിത് ശര്‍മയെപ്പോലെ പുള്‍ ഷോട്ട് കളിച്ചതെന്ന് എനിക്ക് തോന്നുന്നു. വിവ് പ്രധാനമായും സ്‌ക്വയര്‍ ലെഗില്‍ നിന്ന് വൈഡ് മിഡ്ഓണിലേക്ക് ബൗണ്‍സില്‍ പന്ത് നേരിട്ടുകൊണ്ട് അത് കളിച്ചു. അതേസമയം രോഹിത് ശര്‍മ്മ ബൗണ്‍സിന് കീഴില്‍ പോയി മിഡ് വിക്കറ്റില്‍ നിന്ന് ഡീപ് ഫൈന്‍ ലെഗിലേക്ക് സിക്സറുകള്‍ പറത്തുകയാണ് ചെയ്തിരുന്നത്,' ഗവാസ്‌കര്‍ പറഞ്ഞു.
'ഒരു ഫാസ്റ്റ് ബൗളര്‍ക്ക് തന്റെ ഏറ്റവും വേഗതയേറിയ പന്ത് കാണികള്‍ക്കിടയിലേക്ക് പറത്തുന്നത് കാണുമ്പോള്‍ നിരാശ
തോന്നും. അത് എതിര്‍ ബൗളര്‍മാരെ തകര്‍ക്കുകയും ചെയ്യും. റിച്ചാര്‍ഡ്സിനും രോഹിത്തിനും മറ്റ് ഷോട്ടുകളും ഉണ്ടായിരുന്നു. പക്ഷേ പുള്‍ ഷോട്ടുകളാണ് ഇരുവരുടെയും ആത്മവിശ്വാസം വര്‍ധിപ്പിച്ചിരുന്നത്,' സുനില്‍ ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
ക്രിക്കറ്റില്‍ പുള്‍ ഷോട്ടുകള്‍ അനായാസം അടിക്കുന്നതില്‍ രോഹിത് ശര്‍മയുടെ വൈദഗ്ധ്യം പ്രശസ്തമാണ്. ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോഹ്ലിക്ക് കവര്‍ ഡ്രൈവാണ് ട്രേഡ്മാര്‍ക്കെങ്കില്‍ പുള്‍ ഷോട്ടിന്റെ കാര്യത്തില്‍ ഹിറ്റ്മാനാണ് മാസ്റ്റര്‍. നിരവധി പേര്‍ ഇത് ചൂണ്ടിക്കാണിക്കുകയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
മേയ് ഏഴിനായിരുന്നു ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നും താന്‍ വിരമിക്കുന്നതായി സോഷ്യല്‍ മീഡിയയിലൂടെ രോഹിത് അറിയിച്ചത്. 2013ലാണ് സൂപ്പര്‍താരം ടെസ്റ്റ് ക്രിക്കറ്റ് കരിയറിന് തുടക്കമിട്ടത്. 67 മത്സരങ്ങള്‍ ഇന്ത്യയ്ക്കായി കളിച്ച താരം 4,301 റണ്‍സാണ് നേടിയത്. 40.57 ശരാശരിയില്‍ 12 സെഞ്ച്വറികളും 18 അര്‍ധസെഞ്ച്വറികളും രോഹിത് നേടി.
Content Highlights: 'Only Viv Richards Played The Pull Shot As Well As Him': Sunil Gavaskar's Epic Praise For Rohit Sharma