ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

തെലങ്കാന സ്വദേശിയാണ്

dot image

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി സുദര്‍ശന്‍ റെഡ്ഡി ഇന്‍ഡ്യാ സഖ്യത്തിന്റെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവും. തെലങ്കാന സ്വദേശിയാണ്. കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെ പ്രഖ്യാപനം നടത്തി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം ഖർഗെ പ്രതികരിച്ചു. ഐക്യകണ്ഠേനയാണ് ഇൻഡ്യാ സഖ്യം സുദർശൻ റെഡ്ഡിയെ തിരഞ്ഞെടുത്തത്.

സുപ്രീംകോടതി മുന്‍ ജഡ്ജിയായ സുദര്‍ശന്‍ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള സി പി രാധാകൃഷ്ണനെയാണ് എന്‍ഡിഎ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതോടെ ദക്ഷിണേന്ത്യയില്‍ നിന്നുള്ള രണ്ട് പേര്‍ തമ്മിലായിരിക്കും ഉപരാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരം.

ആന്ധപ്രദേശിലെ കര്‍ഷക കുടുംബത്തില്‍ ജനിച്ച സുദര്‍ശന്‍ റെഡ്ഡി 1971 ലാണ് ഒസ്മാനിയ സര്‍വ്വകലാശാലയില്‍ നിന്ന് നിയമ ബിരുദം പാസായത്. ആന്ധ്രപ്രദേശ് ഹൈക്കോടതിയില്‍ പ്രക്ടീസ് ആരംഭിച്ച സുദര്‍ശന്‍ റെഡ്ഡി 1988 ല്‍ ഹൈക്കോടതിയില്‍ സര്‍ക്കാര്‍ പ്ലീഡറായും പിന്നീട് കേന്ദ്ര സര്‍ക്കാരിന്റെ അഡീഷണല്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സിലായും നിയമിക്കപ്പെട്ടു. 1993 ല്‍ ആന്ധ്രപ്രദേശ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റെടുത്തു. 2005 ല്‍ ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായ സുദര്‍ശന്‍ റെഡ്ഡി 2007 ലാണ് സുപ്രീംകോടതി അഡീഷണല്‍ ജഡ്ജായി ചുമതലയേറ്റത്. 2011ല്‍ വിരമിച്ചു.

ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയെ ഇന്നലെ ചേർന്ന ഇൻഡ്യാസഖ്യം ചുമതലപ്പെടുത്തുകയായിരുന്നു. രാഷ്ട്രീയക്കാരനല്ലാത്ത പൊതുസമ്മതനായ ആളെ സ്ഥാനാര്‍ത്ഥിയാക്കണം എന്ന നിര്‍ദേശമാണ് യോഗത്തില്‍ ഉയര്‍ന്നത്. വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതുതന്നെയാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Content Highlights: B Sudarshan Reddy India Alliance Vice president Candidate

dot image
To advertise here,contact us
dot image