
കോട്ടയം: നന്നായി കട്ടുകൊണ്ടിരിക്കുമ്പോൾ പൊലീസ് പിടിക്കുന്നത് എന്തൊരു കഷ്ടമാണല്ലേ… ബേക്കറിയിൽ മോഷണത്തിനെത്തിയ കള്ളൻ താനിത്ര പെട്ടെന്ന് പിടിക്കപ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചു കാണില്ല. പുലർച്ചെ രണ്ടുമണി സമയം. കോട്ടയം തിരുവാതുക്കലിലാണ് സംഭവം നടക്കുന്നത്. ബേക്കറിയുടെ പിറക് വശത്തെ വാതിൽ വഴിയാണ് കള്ളൻ അകത്തുകയറിയത്. കടമുഴുവൻ അരിച്ചുപെറുക്കുന്ന കള്ളന്റെ വീഡിയോ കേരള പൊലീസ് പങ്കുവെച്ചിട്ടുണ്ട്.
'എല്ലാം കൂടെ ആകെ അരമണിക്കൂർ' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. മോഷണത്തിനിടെ കടയിൽ സൂക്ഷിച്ച ബൺ കഴിക്കാനും കള്ളൻ മറന്നില്ല. തുടർന്ന് പണമിരിക്കുന്ന മേശയ്ക്കരികിലേക്ക്. ഉള്ളതെല്ലാം സഞ്ചിയിലാക്കി. തിരിച്ചിറങ്ങവെ ഒരു ബീഡിയും കത്തിച്ചു. വാതിൽ തുറന്നതും മുന്നിലതാ നിൽക്കുന്നു സാക്ഷാൽ പൊലീസ്. ഉടനെതന്നെ ആളെ പൊലീസ് പൊക്കി. കോട്ടയം തിരുവാതുക്കലിൽ വീടിനോട് ചേർന്നുള്ള ബേക്കറിയിൽ കള്ളൻ കയറിയെന്ന് കടയുടമ തന്നെയാണ് പൊലീസിനെ വിളിച്ചറിയിച്ചത്. കോട്ടയം സെൻട്രൽ റൂമിലെ പൊലീസുകാരാണ് പ്രതിയെ പിടികൂടിയത്.
Content Highlights: | thief arrested at kottayam