
ഖത്തറിൽ ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഡ്രൈവ് ചെയ്യുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് ശ്രദ്ധ വ്യതിചലിപ്പിക്കുകയും അപകടങ്ങൾക്ക് കാരണമാവുകയും ചെയ്യും. ഇതിനാൽ നിയമലംഘനം നടത്തുന്നവരിൽ നിന്ന് 500 റിയാൽ പിഴ ഈടാക്കുമെന്ന് മന്ത്രാലയം അറിയിച്ചു. ഈ നിയമലംഘനത്തിന് പിഴയിൽ യാതൊരു ഇളവും ലഭിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
ഖത്തറിൽ റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണ് ഡ്രൈവിംഗിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുന്നത് നിരവധി അപകടങ്ങൾക്ക് ഇടയാക്കും. ഇത്തരക്കാർ മറ്റുള്ളവരുടെ ജീവൻ കൂടി അപകടത്തിലാക്കുകയാണ്. ഇത് ഒഴിവാക്കണമെന്നും ആഭ്യന്തര മന്ത്രാലയം എക്സ് പോസ്റ്റിൽ പ്രതികരിച്ചു.
മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള അശ്രദ്ധമായ ഡ്രൈവിംഗ് അപകടങ്ങൾക്ക് കാരണമാകുമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. വാഹനമോടിക്കുമ്പോൾ ഫോണിൽ ദൃശ്യങ്ങൾ പകർത്താനും ശ്രമങ്ങൾ നടക്കുന്നുണ്ട്. മൊബൈൽ ഫോൺ ഉപയോഗത്തിന് പുറമെ, വാഹനത്തിനുള്ളിലെ മോണിറ്റർ സ്ക്രീനിൽ ദൃശ്യങ്ങൾ കണ്ടുകൊണ്ടും ചിലർ ഡ്രൈവ് ചെയ്യുന്നു. സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, അമിതവേഗത തുടങ്ങിയ കുറ്റകൃതങ്ങൾക്കെതിരെയും നടപടി എടുക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അധികൃതർ വ്യക്തമാക്കി.
Content Highlights: Ministry of Interior warns against using mobile phones while driving in Qatar