10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഷെർഷാദിനെതിരെ രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ്;സെപ്റ്റംബർ 1ന് പരിഗണിക്കും

10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ്

dot image

ന്യൂഡൽഹി: അപകീർത്തികരമായ വാർത്തകൾ പ്രചരിപ്പിച്ചെന്നാരോപിച്ച് വ്യവസായിയും സിപിഐഎമ്മിന്റെ യുകെ ഘടകത്തിലെ നേതാവുമായ രാജേഷ് കൃഷ്ണ നൽകിയ മാനനഷ്ടക്കേസ് സെപ്റ്റംബർ ഒന്നിന് ഡൽഹി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ചെന്നൈയിലെ മലയാളി വ്യവസായി ബി മുഹമ്മദ് ഷെർഷാദിനും വാർത്ത നൽകിയ മാധ്യമസ്ഥാപനങ്ങൾക്കും ഗൂഗിൾ, മെറ്റ എന്നിവയ്ക്കുമെതിരായാണ് രാജേഷിന്റെ ഹർജി. 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ടാണ് മാനനഷ്ടക്കേസ്.

ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് തനിക്കെതിരായ വാർത്തകൾ പിൻവലിക്കാൻ നിർദേശിക്കണമെന്നും ഭാവിയിൽ അപകീർത്തികരമായ വാർത്തകൾ നൽകുന്നത് വിലക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പിബി അംഗമായ അശോക് ധാവ്‌ളെക്ക് ഷർഷാദ് നൽകിയ രഹസ്യപരാതിയുടെ പകർപ്പിനൊപ്പം രാജേഷിനെതിരായ ഷർഷാദിന്റെ സാമൂഹ്യ മാധ്യമ പോസ്റ്റുകളും മാധ്യമവാർത്തകളുടെ വിവരങ്ങളും ഹർജിക്കൊപ്പം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. മധുര പാർട്ടി കോൺഗ്രസിൽ നിന്ന് സിപിഐഎം തന്നെ പുറത്താക്കിയെന്ന വാർത്തകൾ ശരിയല്ലെന്നും ഹർജിയിൽ പറയുന്നു.

പാർട്ടി കോൺഗ്രസിനുശേഷം മെയ് 16-നാണ് രാജേഷ് കൃഷ്ണ ഡൽഹി ഹൈക്കോടതിയിൽ മാനനഷ്ടക്കേസ് നൽകിയത്. ന്യൂനപക്ഷ മോർച്ച ദേശീയ നിർവാഹക സമിതിയംഗമായ അഭിഭാഷകൻ ജോജോ ജോസ് മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. ഡൽഹിയിലെ സിപിഐഎം ആസ്ഥാനത്താണ് പൊളിറ്റ് ബ്യൂറോ കൂടുന്നത് എന്നതിനാലാണ് ഷെർഷാദ് കത്തയച്ചിരിക്കുന്നത് എന്നതിനാലാണ് ഡൽഹി ഹൈക്കോടതിയെ സമീപിക്കുന്നത്. അപകീർത്തികരമായ വാർത്തകൾ മാധ്യമങ്ങളിലൂടെ ഡൽഹിയിലും ലഭ്യമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നു. കേസ് ജൂലൈ 17-ന് കോടതി ലിസ്റ്റ് ചെയ്തിരുന്നെങ്കിലും പരിഗണിച്ചില്ല. ഓഗസ്റ്റ് 13-നാണ് ആദ്യമായി കേസ് പരിഗണിച്ചത്. അന്ന് എതിർകക്ഷികൾ നിലപാടറിയിക്കാൻ സമയം തേടിയതോടെ സെപ്റ്റംബർ ഒന്നിലേക്ക് ഹർജി മാറ്റുകയായിരുന്നു.

രാജേഷ് കൃഷ്ണയ്‌ക്കെതിരെ വ്യവസായിയായ മുഹമ്മദ് ഷെർഷാദ് പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നൽകിയ കത്ത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 2022ലായിരുന്നു ഷെർഷാദ് രാജേഷ് കൃഷ്ണയ്ക്കെതിരെ പരാതി നൽകിയത്. ഈ കത്ത് ചോർന്നെന്നാണ് ആരോപണം. മധുര പാർട്ടി കോൺഗ്രസിൽ വിദേശ പ്രതിനിധിയായി രാജേഷ് കൃഷ്ണയെ ഉൾപ്പെടുത്തിയതിനെതിരെയും ഷെർഷാദ് പരാതി നൽകിയിരുന്നു. ഷെർഷാദ് സിപിഐഎം നേതൃത്വത്തിന് നൽകിയ കത്ത് കോടതിയിൽ ഒരു രേഖയായി വന്നതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്.

പ്രതിനിധി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയത് വ്യാജ പരാതിയുടെ അടിസ്ഥാനത്തിലാണെന്ന് ചൂണ്ടിക്കാട്ടി രാജേഷ് ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച മാനനഷ്ടക്കേസിലായിരുന്നു പരാതി രേഖയായി സമർപ്പിച്ചത്. പൊളിറ്റ് ബ്യൂറോയ്ക്കും കേന്ദ്ര കമ്മിറ്റിക്കും നൽകിയ പരാതി രാജേഷ് കൃഷ്ണയ്ക്ക് ചോർത്തി നൽകിയത് എം വി ഗോവിന്ദന്റെ മകൻ ശ്യാംജിത്താണെന്ന ആരോപണവുമായി ഷർഷാദ് രംഗത്തെത്തിയിരുന്നു. എം വി ഗോവിന്ദനും മകനുമെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു ഇയാൾ ഉന്നയിച്ചത്. രാജേഷ് കൃഷ്ണ കടലാസ് കമ്പനി ഉണ്ടാക്കി കേരളത്തിലെ സർക്കാർ പദ്ധതിയിൽ നിന്ന് പണം തട്ടിയെന്നതടക്കമുള്ള ആരോപണങ്ങൾ ഇയാൾ ഉന്നയിച്ചിരുന്നു. ശ്യാംജിത്തുമായി ചേർന്ന് രാജേഷ് സാമ്പത്തിക ഇടപാടുകൾ നടത്തിയെന്നും ഷർഷാദ് പറഞ്ഞിരുന്നു.

Content Highlights: Rajesh Krishna's defamation case against Sharshad

dot image
To advertise here,contact us
dot image