
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിൻ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ എക്‌സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്ത വാർത്തയാണ് ഇപ്പോൾ ചർച്ചകളിലിടം പിടിച്ചിരിക്കുന്നത്. പുടിന്റെ ബോഡി ഗാർഡുകൾ പൂപ്പ് സ്യൂട്ട്‌കേസുമായാണ് അലാസ്‌ക കൂടിക്കാഴ്ചയ്‌ക്കെത്തിയതെന്നാണ് റിപ്പോർട്ട്.
അപൂർവമായ ഈ സെക്യൂരിറ്റി നടപടിക്ക് പിന്നിലെ കാരണമായി ദി എക്‌സ്പ്രസ് യുഎസ് ചൂണ്ടിക്കാട്ടുന്നത്, വിദേശരാജ്യങ്ങളൊന്നും റഷ്യൻ നേതാവിന്റെ ആരോഗ്യത്തെ കുറിച്ച് തിരഞ്ഞ് പോകാതിരിക്കാനാണ് എന്നാണ്. റഷ്യൻ നേതാവ് വിദേശയാത്രകൾ നടത്തുമ്പോൾ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ, പുടിന്റെ വിസർജ്യം ശേഖരിച്ച് അത് റഷ്യയിലേക്ക് തിരിച്ചെത്തിക്കുമെന്ന് ദി എക്‌സ്പ്രസ് യുഎസ് റിപ്പോർട്ട് ചെയ്യുന്നു.
ഫ്രഞ്ച് പബ്ലിക്കേഷനായ പാരിസ് മാച്ചിലെ അന്വേഷണാത്മക മാധ്യമപ്രവർത്തകരായ റിജസ് ഹെൻത്തേ, മിഖായൽ റൂബിൻ എന്നിവരെ ഉദ്ധരിച്ചാണ് ദി എക്‌സ്പ്രസ് യുഎസ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റഷ്യൻ പ്രസിഡന്റിന്റെ ഫെഡറൽ പ്രൊട്ടക്ഷൻ സർവീസ് അദ്ദേഹത്തിന്റെ മനുഷ്യ വിസർജ്യം ഉൾപ്പെടെ പ്രത്യേക ബാഗുകളിലാക്കി, അതിനായി സജ്ജീകരിച്ച ബ്രീഫ്‌കേസുകളിൽ തിരികെ കൊണ്ടുപോയെന്നാണ് ഇവർ അവകാശപ്പെടുന്നത്.
ഈ നടപടി 2017ല്‍ ഫ്രാൻസിലേക്കുള്ള യാത്രയിലും പുടിൻ സ്വീകരിച്ചിരുന്നു. മനുഷ്യ വിസർജ്യത്തിൽ നിന്നും പുടിന്റെ ആരോഗ്യനിലയെ കുറിച്ച് മനസിലാക്കാൻ വിദേശരാജ്യങ്ങൾ ശ്രമിക്കുമെന്ന ഭയമാണ് ഇതിന് പിന്നിലെന്നു അന്നേ വാർത്തകളുണ്ടായിരുന്നു. മാധ്യമപ്രവർത്തകയായ ഫരിദ റസ്റ്റമോവ പറയുന്നത് വിയറ്റ്‌നാം യാത്രയിലും ഇത് സംഭവിച്ചിരുന്നുവെന്നാണ്. അന്ന് പോർട്ടബിൾ ടൊയ്‌ലറ്റായിരുന്നു റഷ്യൻ പ്രസിഡന്റ് ഉപയോഗിച്ചത്. 1999ൽ അധികാരം ഏറ്റെടുത്തത് മുതൽ ഈ രീതി അദ്ദേഹം ആരംഭിച്ചുവെന്നാണ് പുടിനുമായി അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ചതെന്നാണ് ഫരീദ പറയുന്നത്.
പുടിന് പാർക്കിൻസൺസ് രോഗമാണെന്ന് ഡോ ബോബ് ബെറൂക്കിം സംശയം ഉന്നയിച്ചിരുന്നു. കഴിഞ്ഞ നവംബറിൽ കസാക്കിസ്ഥാനിൽ നടന്ന ഒരു വാർത്താ സമ്മേളനത്തിൽ പുടിന്റെ കാലുകളുടെ ചലനരീതിയിൽ വന്ന മാറ്റം വാർത്തകളിൽ ഇടംപിടിച്ചതിന് പിന്നാലെയായിരുന്നു ഡോക്ടറുടെ പ്രതികരണം.
Content Highlights: Putin's bodyguards carried Poop Suitcase to Alaska