

ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ തകർപ്പൻ ക്യാച്ചുമായി ഇംഗ്ലണ്ട് താരം ബ്രൈഡൻ കാർസ്. ഓസ്ട്രേലിയൻ ബാറ്റർ സ്റ്റീവ് സ്മിത്ത് നന്നായി കളിച്ചുവരികെയാണ് കാർസ് തകർപ്പൻ ക്യാച്ചുമായി ഇംഗ്ലണ്ടിന്റെ രക്ഷയ്ക്കെത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയൻ ഇന്നിംഗ്സിന്റെ 35-ാം ഓവറിലാണ് സംഭവം. ജോഫ്രാ ആർച്ചർ എറിഞ്ഞ പന്തിൽ പുൾ ഷോട്ടിന് ശ്രമിച്ച സ്മിത്ത് അത് ഉറപ്പായും ബൗണ്ടറി ലഭിക്കുമെന്ന് കരുതിയിരുന്നു. എന്നാൽ ഡീപ് മിഡ് വിക്കറ്റിൽ പറന്നെത്തിയ ബ്രൈഡൻ കാർസ് പന്ത് പിടികൂടി. നിരാശനായ സ്റ്റീവ് സ്മിത്തിന്റെ മുഖഭാവം ദൃശ്യങ്ങളിൽ വ്യക്തമാണ്.
That is OUTRAGEOUS 😱
— England Cricket (@englandcricket) September 24, 2024
Smith's reaction says it all...
🏴 #ENGvAUS 🇦🇺 | @CarseBrydon pic.twitter.com/QpaX1Iq2A8
60 റൺസെടുത്ത സ്റ്റീവ് സ്മിത്തിന് പുറമെ എല്ലാ ബാറ്റർമാരും മെച്ചപ്പെട്ട സംഭാവനകൾ നൽകിയതോടെ മത്സരത്തിൽ ഓസ്ട്രേലിയ മികച്ച സ്കോറിലെത്തി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 304 റൺസെടുത്തു. 77 റൺസെടുത്ത് പുറത്താകാതെ നിന്ന അലക്സ് ക്യാരിയാണ് ടോപ് സ്കോറർ. തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അലക്സ് ക്യാരി അർധ സെഞ്ച്വറി നേടുന്നത്.
കാമറൂൺ ഗ്രീൻ 42, വാലറ്റത്ത് ആരോൺ ഹാർഡി 44 എന്നിവരും ഓസ്ട്രേലിയയ്ക്കായി നിർണായക സംഭവാനകൾ നൽകി. ഇംഗ്ലണ്ടിനായി ആർച്ചർ രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഓസ്ട്രേലിയ വിജയിച്ചിരുന്നു. അഞ്ച് മത്സരങ്ങളുടെ പരമ്പര കൈവിട്ടുപോകാതിരിക്കാൻ ഇംഗ്ലണ്ടിന് മത്സരത്തിൽ വിജയം അനിവാര്യമാണ്.