

തലമുറകളായി നാടോടിക്കഥകളിലൂടെയും വാമൊഴി വഴക്കങ്ങളിലൂടെയും കൈമാറ്റം ചെയ്യപ്പെട്ട് നിലനിന്ന ഒരു വലിയ ചരിത്രഗാഥ ആഗോളതലത്തില്‍ ബിഗ് സ്‌ക്രീനിലേക്ക് എത്തുകയാണ്. ഇന്ത്യന്‍ ചരിത്രത്തെയും സംസ്‌കാരത്തെയും സ്വാധീനിച്ച മുന്‍തലമുറകളുടെ വീരഗാഥ പ്രമേയമാക്കുന്ന, വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍ ഇന്ത്യന്‍ ചിത്രം 'രണബാലി'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. രാഹുല്‍ സംകൃത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രം വിജയ ദശമിയോടനുബന്ധിച്ച് ഒക്ടോബര്‍ 16-നാണ് വേള്‍ഡ് വൈഡ് റിലീസ് ചെയ്യുന്നത്. മൈത്രി മൂവി മേക്കേഴ്‌സിന്റെ ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
നമ്മുടെ ചരിത്രത്തെയും പൂര്‍വികരായ ധീരയോദ്ധാക്കളുടെ കഥകളെയും ഏറ്റവും തനിമയോടെ പ്രേക്ഷകരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രം അണിയറയില്‍ ഒരുങ്ങിയിരിക്കുന്നത് എന്ന് ട്രെയിലര്‍ സമര്‍ത്ഥിക്കുന്നത്. മികച്ച ദൃശ്യാനുഭവവും ആക്ഷന്‍ രംഗങ്ങളും ഉറപ്പുനല്‍കുന്നതാണ് ട്രെയിലര്‍. അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗിക യൂട്യൂബ് ലിങ്ക് വഴി പുറത്തുവിട്ട വിവിധ ഭാഷകളിലുള്ള ട്രെയിലറിന് ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തില്‍ രണബാലിയായി വിജയ് ദേവരകൊണ്ട എത്തുമ്പോള്‍ ജയമ്മയായാണ് രശ്മിക മന്ദാന എത്തുന്നത്. രണബാലിയുടേയും ജയമ്മയുടേയും ആഴമേറിയ പ്രണയത്തെ ആഘോഷമാക്കിക്കൊണ്ട് 'എന്‍ന്തയ്യ സാമി' ഗാനം പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. പ്രേക്ഷകരില്‍ ആകാംക്ഷയും രോമാഞ്ചവും നിറയ്ക്കുന്ന രീതിയില്‍ ഇതുവരെ കാണാത്ത അതിശക്തവും തീക്ഷ്ണവുമായ മേക്കോവറിലാണ് ട്രെയിലറില്‍ വിജയ് ദേവരകൊണ്ട എത്തിയിട്ടുള്ളത്. 1876 മുതല്‍ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവന്‍ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓര്‍മ്മയ്ക്ക് മുന്നില്‍ പ്രണാമര്‍പ്പിച്ചുകൊണ്ടാണ് ചിത്രം എത്തുന്നത്. ഇന്ത്യയില്‍ അക്കാലത്ത് നടന്ന യഥാര്‍ത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
'സിംഗനമല ബൊബ്ബിലി രണബാലി' എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട ഞെട്ടിക്കുമെന്നാണ് സൂചന. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിക്കുന്ന പാന്‍-ഇന്ത്യന്‍ ചിത്രം ടി-സീരീസ് ആണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നത്. ഈ ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയോടൊപ്പം കരുത്തുറ്റ പ്രതിനായക കഥാപാത്രമായാണ് 'ദ മമ്മി', 'ദ മമ്മി റിട്ടേണ്‍സ്', 'ബ്ലഡ് ഡയമണ്ട്' തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ അര്‍ണോള്‍ഡ് വോസ്ലൂ എത്തുന്നത്. സര്‍ തിയോഡോര്‍ ഹെക്ടര്‍ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായാണ് അദ്ദേഹം വേഷമിടുന്നത്.
Content Highlights:The trailer for the Vijay Deverakonda and Rashmika Mandanna film 'Ranabali' has been released. The movie hits theaters on October 16