

റോഡുകളിലെ ഗതാഗത തടസ്സങ്ങളും അപകടങ്ങളും ഒഴിവാക്കി കൂടുതൽ സുരക്ഷിതമായ യാത്രാസൗകര്യം ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) സേവനം പ്രയോജനപ്പെടുത്തി അബുദാബി. ട്രാഫിക് പട്രോളിംഗ്, സർവേലൻസ് ക്യാമറകൾ, ഡ്രൈവർമാരിൽ നിന്നുള്ള വിവരങ്ങൾ എന്നിവയെ മാത്രം ആശ്രയിക്കുന്ന പരമ്പരാഗത രീതിക്ക് പകരം, റോഡുകളിലെ അപകടസാധ്യതകൾ തത്സമയം കണ്ടെത്തുന്ന പുതിയ 'വി സിറ്റി' (V City) പദ്ധതിക്കാണ് എമിറേറ്റിൽ തുടക്കമായിരിക്കുന്നത്. യുഎഇ എഐ അലയൻസ് (UAE AI Alliance) ആണ് സർക്കാർ സ്ഥാപനങ്ങൾക്കായി ഈ അത്യാധുനിക സംവിധാനം വികസിപ്പിച്ചത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും ക്യാമറകളും ഘടിപ്പിച്ച പ്രത്യേക വാഹനമാണ് ഇതിനായി അബുദാബിയുടെ വിവിധ പ്രദേശങ്ങളിൽ സർവീസ് നടത്തുന്നത്. റോഡുകളിൽ മരങ്ങൾ കടപുഴകി വീണുണ്ടാകുന്ന തടസ്സങ്ങൾ, റിപ്പോർട്ട് ചെയ്യപ്പെടാത്ത ചെറുകിട അപകടങ്ങൾ, കേടായ ട്രാഫിക് സിഗ്നലുകൾ, വാഹന ഗതാഗതത്തെ ബാധിക്കുന്ന മറ്റ് തടസ്സങ്ങൾ എന്നിവ ഈ വാഹനം ഓട്ടോമാറ്റിക്കായി കണ്ടെത്തുന്നു. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങളും കൃത്യമായ ലൊക്കേഷനും ഉടൻ തന്നെ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറുകയും, അടിയന്തര നടപടികൾ സ്വീകരിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.
വാഹനങ്ങളിലെ ക്യാമറകൾ കാണുന്ന ദൃശ്യങ്ങളെ മാത്രം വിശകലനം ചെയ്യുകയല്ല, മറിച്ച് തത്സമയം വിശകലനം ചെയ്യാവുന്ന വിവരങ്ങളാക്കി മാറ്റി വേഗത്തിൽ തീരുമാനങ്ങൾ എടുക്കാൻ ഉദ്യോഗസ്ഥരെ സഹായിക്കുന്നു എന്നതാണ് 'വി സിറ്റി' പദ്ധതിയുടെ പ്രധാന സവിശേഷതയെന്ന് എഐ എൻജിനീയറായ മുഹമ്മദ് അൽ അമിരി വ്യക്തമാക്കി. വലിയ നഗരങ്ങളിൽ റോഡുകളിലുണ്ടാകുന്ന ചെറിയ തടസ്സങ്ങൾ പോലും വലിയ ഗതാഗതക്കുരുക്കിനും തുടർ അപകടങ്ങൾക്കും കാരണമാകാറുണ്ട്. എന്നാൽ ഈ സിസ്റ്റം നിലവിൽ വന്നതോടെ തടസ്സങ്ങൾ അതിവേഗം കണ്ടെത്താനും പരിഹരിക്കാനും സാധിക്കും.
Content Highlights: Abu Dhabi’s ‘V City’ project uses an artificial intelligence-equipped vehicle to detect road hazards, accidents, fallen trees and faulty traffic signals, helping authorities improve road safety and traffic flow.