Top

ജഗന്‍ മോഹന്‍ ഇല്ലാതെ വൈഎസ്ആറിന്റെ ചരമദിനാചരണം; റെഡ്ഡി കുടുംബത്തിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍

രാഷ്ട്രീയ പാര്‍ട്ടി എന്ന സഹോദരിയുടെ പ്രഖ്യാപനത്തെ ശക്തമായി എതിര്‍ക്കുകയും, നീക്കം പിന്‍വലിപ്പിക്കാന്‍ ജഗന്മോഹന്‍ റെഡ്ഡി ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു

2 Sep 2021 6:48 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ജഗന്‍ മോഹന്‍ ഇല്ലാതെ വൈഎസ്ആറിന്റെ ചരമദിനാചരണം; റെഡ്ഡി കുടുംബത്തിലെ രാഷ്ട്രീയ കരുനീക്കങ്ങള്‍
X

ആന്ധ്രപ്രദേശ് - തെലങ്കാന രാഷ്ട്രീയം വീണ്ടും വഴിത്തിരിവിലേക്ക്. മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡിയുടെ കുടുംബത്തിലെ ഭിന്നത രൂക്ഷമാന്നെന്ന റിപ്പോര്‍ട്ടുകള്‍ തെലുങ്ക് രാഷ്ട്രീയത്തെ തന്നെ ബാധിക്കുന്ന വിഷയമായി മാറുകയാണ്. ആന്ധ്ര മുന്‍ മുഖ്യമന്ത്രി വൈഎസ് രാജ ശേഖര റെഡ്ഡിയുടെ ഭാര്യയും മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡിയുടെ മാതാവുമായ വിജയമ്മയുടെ നീക്കങ്ങളാണ് തെലുങ്ക് രാഷ്ട്രീയത്തെ വീണ്ടും ശ്രദ്ധേയമാക്കുന്നത്.

വൈ എസ് രാജശേഖര റെഡ്ഡിയുടെ 12ാം ചരമ വാര്‍ഷിക ദിനാചരണമാണ് പുതിയ രാഷ്ട്രീയ നീക്കത്തിന് ഒടുവിലെ ഉദാഹരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. രാജശേഖര റെഡ്ഡിയോട് അടുത്ത് നില്‍ക്കുന്ന രാഷ്ട്രീയക്കാര്‍, പാര്‍ട്ടി നേതാക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ വിളിച്ച് ചേര്‍ത്താണ് സെപ്തംബര്‍ രണ്ടിന് ഇത്തവണ വിജയമ്മ ചരമദിനാചരണം സംഘടിപ്പിക്കുന്നത്. വൈ എസ് രാജശേഖര റെഡ്ഡിയുടെ അടുപ്പക്കാരായ മുന്നൂറോളം പേര്‍ക്ക് ചടങ്ങിലേക്ക് ക്ഷണമുണ്ട്. എന്നാല്‍ മകനും സംസ്ഥാന മുഖ്യമന്ത്രിയുമായ വൈ.എസ് ജഗന്മോഹന്‍ റെഡ്ഡിയെ ചടങ്ങിലേക്ക് വിളിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കെവിപി രാമചന്ദ്ര റാവു, മുന്‍ എംപിമാരായ വണ്ടവല്ലി അരുണ്‍ കുമാര്‍, ലഗാഡപതി രാജഗോപാല്‍ എന്നിവരുള്‍പ്പെടെ നിരവധി വൈഎസ്ആറിന്റെ അടുത്ത പങ്കാളികള്‍ ചടങ്ങിലും തുടര്‍ന്ന് നടക്കന്ന അത്താഴ വിരുന്നിലും പങ്കെടുക്കും.

ആന്ധ്രാപ്രദേശിലെ കടപ്പ ജില്ലയിലെ ഇടുപ്പുലപ്പായ എസ്റ്റേറ്റിലെ വൈഎസ്ആര്‍ സമാധിയില്‍ വൈ.എസ്. ജഗന്മോഹന്‍ റെഡ്ഡി പിതാവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും വൈകുന്നേരം അമരാവതിയിലെ തദേപ്പള്ളിയിലെ വസതിയിലേക്ക് മടങ്ങുകയും ചെയ്യുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മാതാവ് അമ്മ വിളിക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഹൈദരാബാദില്‍ തങ്ങില്ലെന്നും ന്യൂസ് മിനിറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം, അടുത്തിടെ തെലങ്കാനയില്‍ പ്രാദേശിക രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച വൈ.എസ്. ജഗന്മോഹന്‍ റെഡ്ഡിയുടെ സഹോദരി വൈ.എസ് ശര്‍മിള മാതാവ് വിളിച്ച് ചേര്‍ച്ച് പിതാവിന്റെ അനുസ്മരണയോഗത്തില്‍ പങ്കെടുക്കുമെന്നതാണ് ചടങ്ങിന് നല്‍കുന്ന രാഷ്ട്രീയ പ്രാധാന്യം. ഇക്കഴിഞ്ഞ ജൂലായ് എട്ടിനായിരുന്നു ശര്‍മിള വൈഎസ്ആര്‍ തെലങ്കാന പാര്‍ട്ടി എന്ന പേരില്‍ രാഷ്ട്രീയ പുതിയ രാഷ്ട്രീയ സംഘടന പ്രഖ്യാപിച്ചത്. പുതിയ രാഷ്ട്രീയ പാര്‍ട്ടി എന്ന ശര്‍മിളയുടെ പ്രഖ്യാപനത്തെ ശക്തമായി എതിര്‍ക്കുകയും, നീക്കം പിന്‍വലിപ്പിക്കാന്‍ വൈ.എസ്. ജഗന്മോഹന്‍ റെഡ്ഡി ശ്രമം നടത്തിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തെലങ്കാന സംസ്ഥാനം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് വ്യക്തമാക്കിയിയായിരുന്നു ശര്‍മിള പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രഖ്യാപനം ആന്ധ്ര - തെലങ്കാന സംസ്ഥാനങ്ങള്‍ തമ്മിലുള്ള ബന്ധം വഷളാക്കും എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജഗന്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. എന്നാല്‍ പാര്‍ട്ടിരൂപീകരണവുമായി മുന്നോട്ട് പോയ ശര്‍മിളയുടെ നടപടി ജഗനും ശര്‍മിളയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിക്കുന്നതിന് ശര്‍മ്മിളയ്ക്ക് വിജയമ്മ നല്‍കിയ പിന്തുണയിലും ജഗന് അതൃപ്തിയുണ്ട്. ആന്ധ്രാപ്രദേശിലെ വൈഎസ്ആര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷന്‍ കൂടിയായ താന്‍ എങ്ങനെയാണ് തെലങ്കാനയിലെ ശര്‍മിളയുടെ പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിക്കുക എന്ന വാദമാണ് ജഗന്‍ ഉയര്‍ത്തുന്നത്.

Next Story

Popular Stories