
പാലക്കാട്: മാർക്ക് കുറഞ്ഞതിന്റെ പേരിൽ വിദ്യാർത്ഥികളെ കൂട്ടത്തോടെ സ്കൂളിൽ നിന്നും പുറത്താക്കിയതായി പരാതി. പാലക്കാട് എരിമയൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപകർക്കെതിരെയാണ് വിദ്യാർത്ഥികളുടെ പരാതി. പഠനത്തിൽ മികവ് പുലർത്തിയില്ലെന്ന് ആക്ഷേപിച്ച് അധ്യാപകർ സ്കൂളിൽ നിന്ന് പുറത്താക്കിയെന്ന് വിദ്യാർത്ഥികൾ റിപ്പോർട്ടറിനോട് പറഞ്ഞു.
പ്ലസ്ടു ഹ്യൂമാനിറ്റീസിലെ 30 വിദ്യാർത്ഥികളെയാണ് പുറത്താക്കിയത്. പത്ത് ദിവസമായി സ്കൂൾ പരിസരത്ത് പ്രവേശിക്കാൻ അധ്യാപകർ അനുവദിക്കുന്നില്ലെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.
എന്നാൽ വിദ്യാർത്ഥികളെ സ്കൂളിൽ നിന്നും പുറത്താക്കിട്ടില്ലെന്നും ഗ്രൂപ്പ് തിരിച്ച് ക്ലാസിലെത്താൻ ആവശ്യപ്പെട്ടിട്ടേ ഉള്ളൂവെന്നുമാണ് അധ്യാപകരുടെ പ്രതികരണം. അധ്യാപകരുടെ നടപടി ശരിയായില്ലെന്ന് പിടിഎ ഭാരവാഹികൾ പറഞ്ഞു. കെ എസ് യു, പിടിഎ ഭാരവാഹികൾ എന്നിവർ ചേർന്ന് പ്രതിഷേധിച്ചതോടെ വിദ്യാർത്ഥികളെ ക്ലാസിൽ പ്രവേശിപ്പിച്ചു.