
ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനത്തില്‍ നിന്ന് വിരാട് കോഹ്‌ലിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം ഫലം കണ്ടില്ലെന്ന് റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ടുകൾ പ്രകാരം രണ്ടാഴ്ച മുമ്പാണ് കോഹ്ലി ടെസ്റ്റില്‍ നിന്ന് വിരമിക്കാനുള്ള സന്നദ്ധത ബിസിസിഐയെ അറിയിച്ചത്. ഇംഗ്ലണ്ട് പരമ്പരയിലെങ്കിലും കളിക്കണമെന്ന ആവശ്യം ബിസിസിഐ മുന്നോട്ട് വച്ചെങ്കിലും കോഹ്‌ലി തീരുമാനത്തിൽ ഉറച്ചുനിന്നതായി ടൈംസ് ഓഫ് ഇന്ത്യ പറഞ്ഞു.
താരത്തെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളുമായി ബിസിസിഐ ബന്ധപ്പെട്ടെങ്കിലും ഈ ശ്രമവും വിജയിച്ചില്ലെന്നാണ് സൂചന. നേരത്തെ മുൻ താരങ്ങൾ വിരമിക്കൽ തീരുമാനം പിൻവലിക്കാൻ തയ്യാറാകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ തന്‍റെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോഹ്‌ലി സഹതാരങ്ങളോട് പറഞ്ഞതായി റിപ്പോർട്ടുണ്ട്. പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ കോഹ്‌ലിക്ക് സാധിച്ചിരുന്നില്ല. എന്നാൽ പിന്നീടുള്ള ചാമ്പ്യൻസ് ട്രോഫിയിലും ഇപ്പോൾ നടക്കുന്ന ഐപിഎല്ലിലും താരം തിളങ്ങി.
ഇന്ത്യക്കായി 123 ടെസ്റ്റുകളില്‍ കളിച്ച വിരാട് കോലി 46.85 ശരാശരിയില്‍ 9230 റണ്‍സാണ് നേടിയത്. 30 സെഞ്ച്വറികളും 31 അര്‍ധസെഞ്ച്വറികളുമാണ് വിരാടിന്റെ പേരിലുള്ളത്. 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ കിംഗ്സ്റ്റണിലാണ് ഇന്ത്യക്കായി ടെസ്റ്റില്‍ അരങ്ങേറിയത്. .എന്നാല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വിരാട് കോലിയുടെ ബാറ്റിംഗ് ശരാശരിയിലും പ്രകടനത്തിലും വലിയ ഇടിവാണ് സംഭവിച്ചത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കളിച്ച 37 ടെസ്റ്റില്‍ മൂന്ന് സെഞ്ച്വറി അടക്കം1990 റണ്‍സ് മാത്രമാണ് കോലി ആകെ നേടിയത്.
Content Highlights: Virat Kohli may stand on retirement plans